തരൂരിലെ ലക്ഷ്യം മുഖ്യമന്ത്രി കസേര; ആരേയും ഉയര്‍ത്തി കാട്ടേണ്ടെന്ന് ഹൈക്കമാണ്ട്; തരൂര്‍ കോണ്‍ഗ്രസ് വിടുമോ? കുളം കലക്കാൻ സി പി എം

- Advertisement -spot_img

ന്യൂഡല്‍ഹി> കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ കോണ്‍ഗ്രസ് വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് കോണ്‍ഗ്രസ് ഹൈക്കമാണ്ട്. കരുതലോടെ നീങ്ങാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. തന്റെ കഴിവുകള്‍ ഉപയോഗിക്കണമെന്നും ഇല്ലെങ്കില്‍ മുന്നില്‍ വേറെ വഴികളുണ്ടെന്നും പാര്‍ട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കില്‍ തുടര്‍ച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂര്‍ പ്രതികരിച്ചതിനെ ഗൗരവത്തോടെയാണ് ഹൈക്കമാണ്ട് കാണുന്നത്.

- Advertisement -

ഏപ്രിലില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ എഐസിസി സമ്മേളനം ചേരും. ഇതില്‍ തരൂരിനോട് വിശദീകരണവും തേടിയേക്കും. തരൂരിനെ തല്‍കാലം കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കില്ല. എല്‍.ഡി.എഫ്. ഭരണം ജനം മടുത്തെന്നും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരുമെന്നുമാണ് കോണ്‍ഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആരേയും ഉയര്‍ത്തിക്കാട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമേ മുഖ്യമന്ത്രിയെ നിശ്ചയിക്കൂ. കോണ്‍ഗ്രസിന്റെ സ്ഥിതി വഷളാക്കാന്‍ തരൂര്‍ തുനിഞ്ഞാല്‍ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും സിപിഎം നയം.

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദര്‍ശനവും പിണറായി സര്‍ക്കാരിന്റെ വികസനനേട്ടവും തരൂര്‍ മുന്‍പ് പ്രകീര്‍ത്തിച്ചിരുന്നു. പാര്‍ട്ടിയുടെ വരുതിയില്‍ ഒതുങ്ങാന്‍ തയ്യാറില്ലെന്ന വ്യക്തമായ സൂചന നല്‍കുന്ന തരൂര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാന്‍ തന്നെപ്പോലൊരാളാണ് കേരളത്തില്‍ വേണ്ടതെന്നും ഇപ്പോള്‍ പറഞ്ഞുവെച്ചു. തരൂര്‍ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. സി.പി.എം. നേതൃത്വം വീണ്ടും തരൂരിന് പിന്തുണയുമായെത്തുന്നതും അവര്‍ക്ക് അനുകൂല തരംഗമുണ്ടാക്കാനാണ്. ശരിയായ നിലപാടെടുക്കുന്നവരെ അംഗീകരിക്കുകയും തെറ്റായവ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത് എന്നാണ് ശശി തരൂര്‍ പറഞ്ഞതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

കേന്ദ്രമന്ത്രി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം, പ്രൊഫഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം എന്നിവ പാര്‍ട്ടി തരൂരിന് നല്‍കി. എന്നിട്ടും തരൂര്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നു. അതിനാല്‍ തരൂരിന്റെ കാര്യത്തില്‍ പ്രതികരണം വേണ്ടെന്നും തത്കാലം അവഗണിക്കാമെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മുന്നില്‍ നിര്‍ത്തിയാലേ യുഡിഎഫ് വിജയിക്കൂ എന്ന അവകാശവാദവും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നു. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തരൂര്‍ മുന്നോട്ട് വരികയാണ്. പ്രവര്‍ത്തകസമിതി അംഗം എന്ന നിലയിലും സ്വീകാര്യത കണക്കിലെടുത്തും മുഖ്യമന്ത്രിസ്ഥാനം തരൂര്‍ ആഗ്രഹിക്കുന്നു. ലോക്‌സഭാംഗവും പ്രവര്‍ത്തകസമിതി അംഗവും പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം തരൂരിനെ കാണുന്നത്. ഈ പദവികളെല്ലാം ഉണ്ടെങ്കിലും അര്‍ഹമായ റോള്‍ ഇല്ലെന്ന് തരൂര്‍ വിലയിരുത്തുന്നുണ്ട്.

ആ ആഗ്രഹം പറയുക മാത്രമല്ല അദ്ദേഹം ചെയ്തത്; അതു നിറവേറ്റപ്പെട്ടില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. അതു മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള പുറപ്പാടല്ലെന്നും എഴുത്തിന്റെയും വായനയുടെയും വഴിയാണെന്നും വിശദീകരിച്ചെങ്കിലും അങ്ങനെ സ്വതന്ത്രനായി തുടരുക എളുപ്പമല്ലെന്നും പാര്‍ട്ടി പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്ത് ആശയക്കുഴപ്പം നിലനിര്‍ത്തുന്നുമുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. കേന്ദ്രസംസ്ഥാന നേതാക്കള്‍ സംസാരിച്ച് ഇക്കാര്യത്തില്‍ ധാരണയായി. കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടാകാനിടയില്ല. കഴിഞ്ഞ ദിവസം ചര്‍ച്ചയായത് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പു നല്‍കിയ അഭിമുഖമാണെന്ന് പറയുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്കു ശേഷവും തരൂര്‍ അയഞ്ഞു എന്ന് ആരും കരുതുന്നില്ല.

തന്നെ കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ വേറെ വഴിയുണ്ടെന്ന ശശി തരൂരിന്റെ പ്രതികരണത്തിലുള്ളത് രാഷ്ട്രീയ വിരമിക്കലിന് തയ്യറാകുമെന്ന സൂചനയമുണ്ട്. സജീവ രാഷ്ട്രീയത്തില്‍ നിന്നും തരൂര്‍ പിന്‍വാങ്ങിയാലും അത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കനത്ത തിരിച്ചടിയാകും. പാര്‍ട്ടി മാറുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്ന് പറയുന്ന തരൂര്‍ മറ്റ് വഴികളായി ഉയര്‍ത്തിക്കാട്ടുന്നത് എഴുത്തിനേയും പ്രസംഗത്തിനേയുമാണ്. അതായത് തരൂര്‍ എപ്പോള്‍ വേണമെങ്കിലും തിരുവനന്തപുരം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. തരൂരിന്റെ ഈ പരസ്യ പ്രതികരണവും ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്ന് കോണ്‍ഗ്രസിനും അറിയാം. വികസന നായകന്‍ എന്ന പ്രതിച്ഛായയുമായി കോണ്‍ഗ്രസിന് തരൂര്‍ കൈവിട്ടാല്‍ അത് കേരളാ രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് തരൂരിനെ മഹത്വ വല്‍ക്കരിച്ച് സിപിഎം നേതാക്കളെത്തുന്നത്.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img