ദില്ലി > ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, NBFC കൾ എന്നിവയുടെ സേവങ്ങളിൽ പരാതിയുണ്ടോ? ഉണ്ടെങ്കിൽ എവിടെ പരാതിപ്പെടും എന്ന സംശയമുള്ളവർ ശ്രദ്ധിക്കുക. RBI നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതി നൽകാൻ കഴിയും ഇതിനായി ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം (Integrated Ombudsman Scheme) കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. 2021 നവംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആർബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സ്കീം വഴി ലക്ഷ്യമിടുന്നത്.
ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ!
- ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്കീം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കായുള്ള ഓംബുഡ്സ്മാൻ സ്കീം, ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാൻ സ്കീം, എന്നിങ്ങനെ മൂന്ന് ഓംബുഡ്‌സ്‌മാൻ സ്കീമുകളെ സംയോജിപ്പിച്ചുകൊണ്ട് ഒറ്റസംവിധാനമാക്കി മാറ്റിയതാണ് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം
- വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ (NBFC), സഹകരണ ബാങ്കുകൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ തുടങ്ങിയ ആർബിഐയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും പരാതിയുണ്ടെങ്കിൽ നൽകാം
- കാലതാമസം, അമിത നിരക്ക് ഈടാക്കൽ, ധനകാര്യ ഉൽപന്നങ്ങളുടെ തെറ്റായ വിൽപന, വഞ്ചന, മറ്റ് സേവനങ്ങളിലെ പോരായ്മയകൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം
- ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെ നിന്നും പരാതികൾ ഫയൽ ചെയ്യാം, അവ അടുത്തുള്ള ഓംബുഡ്സ്മാൻ ഓഫീസ് കൈകാര്യം ചെയ്യും
- ഓംബുഡ്സ്മാന്റെ സേവനം തികച്ചും സൗജന്യമാണ്. ഉപഭോക്താക്കൾ ഇതിനായി ഫീസോ നിരക്കുകളോ നൽകേണ്ടതില്ല.
പരാതികൾ ഫയൽ ചെയ്യുന്നതിനോ പിന്തുടരുന്നതിനോ, പരാതികൾ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്ന് ഓംബുഡ്‌സ്മാൻ സ്കീം ഒരു ഫീസും ചെലവും ഈടാക്കില്ല - പരാതി ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇക്കാര്യം വ്യക്തമാക്കി ആർബിഐ ഓംബുഡ്സ്മാനോടും പരാതിപ്പെടാം. സ്ഥാപനത്തിന്റെ ഭാഗത്ത് പോരായ്മകൾ ഉണ്ടെങ്കിൽ ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും ഓംബുഡ്സ്മാന് ഉത്തരവിടാം
- ഉപഭോക്താക്കൾക്ക് https://cms.rbi.org.in എന്നലവെബ്സൈറ്റിൽ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും, പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും വെബ്‌സൈറ്റിൽ ഓംബുഡ്‌സ്മാൻ ഓഫീസുകളുടെ വിശദാംശങ്ങൾ കാണാനും കഴിയും