ദില്ലി > മയക്കുമരുന്ന് കടത്തുകാരനായ ജഗദീഷ് ഭോല, രാജ കണ്ടോള എന്നിവരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ശിക്ഷിച്ചതിന് പിന്നിൽ പ്രവർത്തിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ(ഇഡി) നിന്ന് വിരമിച്ച ഡെപ്യൂട്ടി ഡയറക്ടർ നിരഞ്ജൻ സിംഗ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് വീണ്ടും കത്തെഴുതി.
നിർണായക പല കേസുകളും പിൻവലിച്ചുകൊണ്ട് തന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തിയ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സിംഗ് തന്റെ 65 പേജുള്ള പുതിയ കത്തിൽ മന്ത്രിയോട് ആവശ്യപ്പെട്ടു. നിരവധി ഉന്നതർ കേസുകളിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ ഈ ഇടപെടൽ സഹായിച്ചുവെന്നും, സ്വാധീനമുള്ള വ്യക്തികളെ നിയമത്തിൻ്റെ പിടിയിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥർ രക്ഷപെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഇൻസ്പെക്ടർ ഇന്ദർജിത് സിംഗ്, എഐജി രാജ് ജിത് സിംഗ് എന്നിവർ ഉൾപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിൽ നിന്നും തന്നെ മാറ്റി. കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് 130 ലധികം പേരുടെ മരണത്തിനിടയാക്കിയ വ്യാജ മദ്യ ദുരന്തം എന്നിവയുൾപ്പെടെയുള്ള പ്രധാന കേസുകൾ അന്വേഷിക്കുന്നതിൽ നിന്നും തന്നെ നീക്കം ചെയ്തതായും സിംഗ് പറയുന്നു. ജലസേചന അഴിമതിയിൽ, വിരമിച്ച മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാൻ തന്റെ മേലുദ്യോഗസ്ഥർ മനഃപൂർവ്വം അന്വേഷണം വഴിതിരിച്ചുവിട്ടുവെന്നാണ് സിംഗിൻ്റെ വാദം.
2020 ലെ വ്യാജ മദ്യ അഴിമതിയിൽ കുറഞ്ഞത് 10 കോൺഗ്രസ് എംഎൽഎമാർ, ഒരു മന്ത്രി, അന്നത്തെ മുഖ്യമന്ത്രിയുടെ കൂട്ടാളികൾ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെന്നും സിംഗ് ആരോപിച്ചു. ലോക്ക്ഡൗൺ സമയത്ത് അംഗീകൃത ഡിസ്റ്റിലറികൾക്ക് പുറത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL) മറ്റ് സ്പിരിറ്റുകളും നിയമവിരുദ്ധമായി ഉത്പാദിപ്പിക്കുന്ന ഒരു വലിയ റാക്കറ്റ് തന്നെയുണ്ടെന്ന് തന്റെ അന്വേഷണത്തിൽ തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഇതിന് പിന്നാലെ കേസ് പഞ്ചാബിൽ നിന്ന് ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തേക്ക് മാറ്റി, ഇത് പ്രധാന കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് തടയാനായിരുന്നെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
2014 ഡിസംബറിൽ ജഗദീഷ് ഭോല മയക്കുമരുന്ന് കേസിൽ മുൻ മന്ത്രി ബിക്രം മജീതിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതു മുതലാണ് തന്റെ ജോലിയിൽ മുതിർന്ന ഉദ്യോഗസ്ഥർ അനാവശ്യ ഇടപെടൽ ആരംഭിച്ചത്. ചോദ്യം ചെയ്യൽ സമയത്ത് ഡൽഹിയിൽ നിന്നുള്ള ഒരു മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നുവെന്നും, അധികം താമസിയാതെ അദ്ദേഹത്തെ കൊൽക്കത്തയിലേക്ക് മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ ദുർബലപ്പെടുത്തുന്നതിനായി 14 ടീമംഗങ്ങളെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റി.
പാർലമെന്റിൽ അവതരിപ്പിച്ച ഇഡി കേസുകളുമായി ബന്ധപ്പെട്ട രേഖകൾ പ്രകാരം, 2024 ഡിസംബർ വരെ പിഎംഎൽഎ പ്രകാരം ശിക്ഷിച്ച വിധിച്ചത് ആകെ 99 കേസുകളിൽ മാത്രമാണ്. ഇതിൽ 25 എണ്ണം തന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസുകളാണെന്നും നിരഞ്ജൻ സിംഗ് കേരള ടൈംസിനോട് പറഞ്ഞു. 2023 ഒക്ടോബറിലും 2024 ഒക്ടോബറിലും ഏറ്റവും ഒടുവിൽ 2025 ജനുവരി 31 നും ധനകാര്യ മന്ത്രാലയത്തിന് മുതിർന്ന ഇഡി ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ സംബന്ധിച്ച് കത്തെഴുതിയിരുന്നു. എന്നാൽ തന്റെ പരാതികളൊന്നിലും ഒരു നടപടിയുമുണ്ടായില്ല. ഇനിയും തൻ്റെ പരാതികൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ, നീതിക്കുവേണ്ടി പഞ്ചാബ്, ഹരിയാന ഹൈക്കോടതികളെ സമീപിക്കുമെന്ന് സിംഗ് വ്യക്തമാക്കി.