കോട്ടയം > കോട്ടയം കിടങ്ങൂർ കേന്ദ്രീകരിച്ച് നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ വിസ തട്ടിപ്പെന്ന് സൂചന. 2000ൽ അധികം പേരാണ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. നൂറുകണക്കിന് കോടിയുടെ തട്ടിപ്പാണ് ഫാൽക്കൺ എച്ച്ആർ മൈഗ്രേഷൻ (Falcon HR Migration) എന്ന സ്ഥാപനം വഴി നടന്നരിക്കുന്നതെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ കിടങ്ങൂർ പോലീസ് FIR രജിസ്റ്റർ ചെയ്തെങ്കിലും കാര്യക്ഷമമായ അന്വേഷണം പോലിസ് നടത്തുന്നില്ല, പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നത്.
കോട്ടയം കിടങ്ങൂർ ചേർപ്പുങ്കൽ സ്ഥിതി ചെയ്യുന്ന Falcon Hr Migration എന്ന ഏജൻസി ഉദ്യോഗാർത്ഥികളെ വിദേശത്ത് ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് തട്ടിയെടുത്തത്. ഷാർജയിലാണ് ഹെഡ് ഓഫീസ് എന്നായിരുന്നു പ്രചരണം. നിലവിൽ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പണം നഷ്ടപ്പെട്ടവർ മാസ്സ് പെറ്റീഷൻ തന്നെ ഉദ്യോഗാർഥികൾ നൽകിയിട്ടുണ്ട്. കൂടാതെ കിടങ്ങൂർ പോലീസ് സ്റ്റേഷനിൽ ദിനംപ്രതി അനേകം പരാതികളാണ് പ്രതികളായ അഭിജിത് കുമാർ, ജിബിൻ ബെന്നി, മഹി സജീവ്, മഞ്ജു സജി, കാർത്തിക, അപർണ, ആനി കുഞ്ഞുമോൾ, മോബിൻ വരിക്കൻ തുടങ്ങിയവർക്കെതിരെ വരുന്നത്.
ആറുമാസത്തിനുള്ളിൽ വിദേശത്ത് ജോലി ലഭിക്കുമെന്ന ഉറപ്പിന്മേൽ ഉദ്യോഗാർത്ഥികളെ നിർബന്ധിച്ചു നിലവിലെ ജോലി രാജിവെപ്പിച്ചു. വിസ പ്രോസസ് നടപടികൾ നടക്കുകയും ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവർ. വിവിധ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് പ്രതികൾ പണം ആയി കൈപറ്റിയത്. ഇവർ മുഖേന ഒരാൾക്ക് പോലും വിദേശത്ത് ജോലി ലഭിച്ചിട്ടില്ല എന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. മാത്രമല്ല തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയതായും ആരോപണമുണ്ട്.
മാത്രമല്ല, പ്രതികൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയത് വ്യാജ രേഖകൾ ആണെന്നറിയാതെ എമിഗ്രേഷൻ പ്രോസസിങ്ങിന് പാസ്പോർട്ട് നൽകിയിരുന്നു. ഇതോടെ ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ടിൽ എമിഗ്രേഷൻ ഓഫീസിലെ VFS ൽ (Visa Facilitation Services) റിജക്ഷൻ സീൽ പതിഞ്ഞു. ഇത് പലരുടെയും വിദേശ സ്വപ്നനങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. തട്ടിപ്പ് തിരിച്ചറിഞ്ഞ് പണം നഷ്ടപ്പെട്ടെന്ന കാര്യം അറിഞ്ഞവർ സമീപിച്ചപ്പോൾ സ്ത്രീകൾ അടക്കമുള്ളവരെക്കെതിരെ അസഭ്യവർഷവും വധ ഭീഷണികളുമായിരുന്നു പ്രതികളുടെ ഭാഗത്തു നിന്ന് ലഭിച്ച മറുപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ജിബിൻ ബെന്നി, മഹി സജീവ് എന്നിവരെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ഇതിലൊരാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും തട്ടിപ്പ് നടത്തുകയാണെന്നും ആരോപണമുണ്ട്. കേസിൽ മറ്റു പ്രതികൾക്കെതിരെ ഇതുവരെ യാതൊരു നടപടികളും പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.