കോട്ടയം> ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ ക്രൂരത പകല്‍ പോലെ വ്യക്തമാണ്. വാട്‌സാപ്പിലെ സന്ദേശവും ഫോണ്‍ വിളിയുമെല്ലാം നോബി തന്നെ സമ്മതിച്ചു. ഭര്‍ത്താവിന്റെ സമ്മര്‍ദ്ദം കാരണമാണ് തനിക്ക് പ്രതിസന്ധിയുണ്ടായതെന്ന് വിശദീകരിക്കുന്ന ഓഡിയോയും പുറത്തു വന്നു. ഇതിനിടെ വ്യത്യസ്ത തിയറിയുമായി എത്തുകയാണ് ഷൈനി മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ. പൊതു സമൂഹത്തിന് വേണ്ടി നിലപാട് എടുത്ത ഷൈനിയുടെ അച്ഛനെതിരെ ആരോപണവുമായി എത്തുന്നത് അതി വിചിത്രമാണ്. വീടിന് അടുത്തുള്ള കെയര്‍ ഹോമില്‍ നാല് മാസം ജോലി ചെയ്ത ഷൈനി, ജോലി നിര്‍ത്താന്‍ കാരണം അച്ഛന്‍ കുര്യാക്കോസാണെന്ന് കെയര്‍ ഹോം ഉടമ ഫ്രാന്‍സിസ് ജോര്‍ജ് വെളിപ്പെടുത്തുന്നത്.
എന്നാല്‍ തന്റെ സ്ഥാപനത്തിലെ പാരിസ്ഥിതിക പ്രശ്‌നം തുറന്നു സമ്മതിക്കുകയാണ് ഇയാള്‍. അതിനെതിരെ ശബ്ദിച്ച അച്ഛനെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം. ഇയാള്‍ പറയുന്ന സംഭവത്തിന് ആത്മഹത്യയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തം. അപ്പോഴും നോബിയെ കേസില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ചിലരുടെ കുബുദ്ധി ഈ വെളിപ്പെടുത്തലിന് പിന്നിലുണ്ടോ എന്ന സംശയവും സജീവം. നോബിയുടെ സഹോദരനായ ഓസ്‌ട്രേലിയയിലെ പള്ളിലച്ചനെതിരേയും ആരോപണമുണ്ട്. ഈ അച്ചന്റെ ബുദ്ധിയാണോ ഈ ആരോപണത്തിന് പിന്നിലെന്ന സംശയം സജീവമാണ്.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് വന്നപ്പോള്‍ ഷൈനിയുടെ അവസ്ഥ കണ്ടാണ് ജോലി കൊടുത്തതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ജോലിക്ക് വന്നപ്പോള്‍ സങ്കടത്തിലായിരുന്ന ഷൈനിക്ക് ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ മാറ്റം വന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഷൈനിയുടെ അച്ഛന്‍ സ്ഥാപനം അടപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആരോഗ്യ വകുപ്പില്‍ സ്ഥാപനത്തിനെതിരെ പരാതി കൊടുത്തു. കെയര്‍ ഹോമിലെ ബയോ ഗ്യാസ് പ്ലാന്റിനെതിരെ കുര്യക്കോസ് നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ പോയിട്ടാണെങ്കിലും സ്ഥാപനം പൂട്ടിക്കുമെന്ന് കുര്യാക്കോസ് പറഞ്ഞു. മകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അച്ഛന്‍ തുടര്‍ച്ചയായി പരാതി നല്‍കിയതോടെയാണ് ഷൈനി രാജിവെച്ചത്.
വിദേശത്തേക്ക് പോകണമെന്നും അതിനായി ഐഇഎല്‍ടിഎസ് പഠിക്കണമെന്നും പറഞ്ഞ ഷൈനി രണ്ടും കൂടെ നടക്കില്ലെന്ന കാരണം പറഞ്ഞാണ് ജോലി രാജിവെച്ചതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതായത് വിദേശ ജോലിയ്ക്കുള്ള തയ്യാറെടുപ്പിനാണ് രാജിവച്ചതെന്ന് ഫ്രാന്‍സിസ് തന്നെ സമ്മതിക്കുന്നു. എന്നിട്ടും കുറ്റമെല്ലാം അച്ഛന് നല്‍കുന്നു. കെയര്‍ ഹോമിലെ ബയോ ഗ്യാസ് പ്ലാന്റിനെതിരെ നിയമപരമായി പ്രതിഷേധിച്ച കുര്യാക്കോസിനെ കുടുക്കാനുള്ള കുതന്ത്രമാണ് ഇവിടെ ഫ്രാന്‍സിസ് പുറത്തെടുക്കുന്നത്. തനിക്ക് മുമ്പ് പണി തന്നെ ഒരാളെ അയാളുടെ കുടുംബം പ്രതിസന്ധിയിലാകുമ്പോള്‍ വെട്ടിലാക്കാനുള്ള കുതന്ത്രം. ഷൈനിയുടെ കുടുംബത്തിലും പ്രശ്‌നമുണ്ടെന്ന് വരുത്താനുള്ള അത്യുഗ്രന്‍ തന്ത്രം.
ഷൈനിയുടെ അയല്‍വാസിയാണ് ഫ്രാന്‍സിസ് ജോര്‍ജ് . പാലിയേറ്റീവ് കെയര്‍ സ്ഥാപനമാണ് നടത്തുന്നത്. സ്ഥാപനം തുടങ്ങിയത് മുതല്‍ കുര്യാക്കോസ് പല കാരണങ്ങള്‍ പറഞ്ഞ് എതിര്‍പ്പുയര്‍ത്തിയെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് പറയുന്നത്. ബയോ ഗ്യാസ് പ്ലാന്റെ നിറഞ്ഞു. അതിന് കാരണം പ്ലാസ്റ്റിക്കും വാഴയിലയും ഇട്ടതാണെന്നും ഇയാള്‍ സമ്മതിക്കുന്നു. ക്ഷമ പറഞ്ഞിട്ടും നടപടികളുമായി കുര്യാക്കോസ് മുമ്പോട്ട് പോയെന്നും പറയുന്നു. അതായത് തന്റെ സ്ഥാപനം മൂലം നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്ന് ഇയാള്‍ സമ്മതിക്കുന്നുണ്ട്. ഈ വിഷയത്തിലാണ് നീതിയ്ക്ക് വേണ്ടി കുര്യാക്കോസ് ഉറച്ച നിലപാട് എടുത്തത്. തുടക്കം മുതല്‍ കുര്യാക്കോസ് എതിരായിരുന്നു എന്ന് പറയുന്ന ഫ്രാന്‍സിസ് എന്നിട്ടും എന്തിനാണ് ഷൈനിക്ക് ജോലി കൊടുത്തത് എന്തു കൊണ്ടെന്ന് ്പറയുന്നുമില്ല. സ്ഥാപനത്തിനെതിരെ നില്‍ക്കുന്ന വ്യക്തിയുടെ മകള്‍ക്ക് ജോലി കൊടുത്തുവെന്ന് പറയുന്നതിലും അസ്വാഭാവികത ഏറെയാണ്.
നോബിയുടെ അയല്‍ക്കാരാണ് ഷൈനിയ്ക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരത വിശദീകരിച്ചത്. ഇതോടെയാണ് സംഭവത്തിന്റെ ഗൗരവം കൂടിയത്. എന്നാല്‍ എല്ലാം ഷൈനിയുടെ വീട്ടിലെ കാരണം കാരണമെന്ന് വരുത്താനാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ശ്രമം. മകള്‍ ജോലി ചെയ്യുന്ന സ്ഥാപനമായിട്ടും പൊതു പ്രശ്‌നത്തില്‍ ഇടപെട്ട അച്ഛന്‍ കുര്യാക്കോസ് സമ്മര്‍ദ്ദത്തിനൊന്നും വഴങ്ങിയില്ലെന്ന് വേണം വിലയിരുത്താന്‍. മകളുടെ ജോലി ഉയര്‍ത്തി സമ്മര്‍ദ്ദത്തിന് ഫ്രാന്‍സിസും ശ്രമിച്ചു. പക്ഷേ നീതിയ്ക്ക് വേണ്ടി നിലകൊള്ളുമെന്ന നിലപാട് ഫ്രാന്‍സിസ് എടുത്തു. അതുകൊണ്ട് ജോലി ഉപേക്ഷിച്ച് വിദേശ ജോലിക്കുള്ള മറ്റു വഴികള്‍ ഷൈനി തേടി. ഇതിന് വേണ്ടി കൂടിയാണ് വിവാഹ മോചനത്തിന് അടക്കം ശ്രമിച്ചത്. എന്നാല്‍ നോബി ഒന്നിനും സഹകരിക്കാന്‍ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അടങ്ങുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഷൈനി അടുത്ത സുഹൃത്തിന് അയച്ച സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഭര്‍ത്താവ് നോബി ലൂക്കോസുമായി പിണങ്ങിയ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാല്‍, കുടുംബ പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നതല്ലാതെ വിവാഹ മോചനത്തിന് നോബി തയാറാകാത്തതിനാല്‍ ഷൈനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് വെളിവാക്കുന്നതാണ് ശബ്ദ സന്ദേശം. ജോലി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ പ്രശ്‌നങ്ങളും പരാമര്‍ശിക്കുന്നുണ്ട്. പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തത് അസ്വസ്ഥയാക്കി. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടില്‍ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് എവിടേലും ജോലിക്ക് പോകണം.
വിദേശത്തേക്ക് പോകണമെങ്കിലും എക്‌സിപീരിയന്‍സ് വേണം. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ല. പല തവണ നോട്ടീസ് അയച്ചിട്ടും ഭര്‍ത്താവ് നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനോട് പറഞ്ഞു വീട്ടൂകാര്‍ക്കെതിരെ ഒന്നും പറയുന്നുമില്ല. ഇതിനിടെയണ് ഫ്രാന്‍സിസ് അപ്രതീക്ഷിതമായി മുമ്പോട്ട് വന്നത്. ഇതിന് പിന്നിലും നോബിയുടെ സഹോദരനായ പള്ളിലച്ചന്റെ ഇടപെടലാണെന്ന സംശയം സജീവമാണ്. ഫ്രാന്‍സിസിന്റെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചാല്‍ ഇത് തെളിയും.
ഇതിനിടെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കി. ഷൈനി മരിക്കുന്നതിന് മുന്‍പ് നോബി ഒരു വാട്‌സാപ് സന്ദേശം അയച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശത്തിന്റെ ഉള്ളടക്കം എന്താണെന്ന വിവരം ലഭ്യമായിട്ടില്ല. മൊബൈല്‍ ഫോണ്‍ പരിശോധനയിലൂടെ ഈ സന്ദേശം വീണ്ടെടുക്കാന്‍ ശ്രമിക്കും. ഈ സന്ദേശമായിരുന്നു കൂട്ട ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥകാരണമെന്നത് വ്യക്തവുമാണ്.