ജയിലിൽ കിടന്ന് മുൻ ഐജി വാങ്ങിയത് ഒരു കോടി പെൻഷൻ; കൊലക്കേസിൽ ലക്ഷ്മണ അനുഭവിച്ചത് ജീവപര്യന്ത്യം തടവ് - Kerala Times    

ജയിലിൽ കിടന്ന് മുൻ ഐജി വാങ്ങിയത് ഒരു കോടി പെൻഷൻ; കൊലക്കേസിൽ ലക്ഷ്മണ അനുഭവിച്ചത് ജീവപര്യന്ത്യം തടവ്

December 27, 2024

തിരുവനന്തപുരം : ജയിലിൽ കിടന്ന മുൻ ഐജിക്ക് നൽകിയത് ഒരു കോടിയോളം രൂപ പെൻഷൻ. കൊലക്കേസിൽ പ്രതിയായ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയെ ജീവപര്യന്തം കഠിന തടവിന് എറണാകുളം സി.ബി.ഐ കോടതി 2010 ഒക്‌ടോബർ 28 ന് ശിക്ഷിച്ചിരുന്നു. അന്നുമുതൽ ഇതുവരെ പതിനാലു വർഷമായി ഒരു മാസം പോലും മുടങ്ങാതെ 90,42,600 ലക്ഷം രൂപ (1 കോടിയോളം) പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ജോമോൻ പുത്തൻപുരക്കൽ നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെ. ലക്ഷ്മണ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ എല്ലാ മാസവും മുടങ്ങാതെ പെൻഷൻ വാങ്ങിക്കുന്നുണ്ടായിരുന്നു. 1994 ൽ ജൂൺ മാസം മുതലാണ് ലക്ഷ്മണ പെൻഷൻ വാങ്ങിക്കുവാൻ തുടങ്ങിയത്. 2010 ഒക്‌ടോബർ 28 നാണ് സി.ബി.ഐ കോടതി ലക്ഷ്മണയെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്. 2011 ജൂൺ 14 ന് ഹൈക്കോടതി ശിക്ഷ ശരിവെയ്ക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയും ജീവപര്യന്തം ശിക്ഷ ശരിവെച്ചിരുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ 14 വർഷമായി പെൻഷൻ വാങ്ങിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മണയുടെ ഒരു മാസത്തെ പെൻഷൻ 53,825 രൂപയാണ്.

പതിനാലു വർഷത്തെ ജയിൽവാസത്തിന് ശേഷം ലക്ഷ്മണ തിരുവനന്തപുരത്ത് കവടിയാർ ശ്രീവിലാസ് ലൈനിലെ വീട്ടിലാണ് ഇപ്പോൾ താമസിച്ചുവരുന്നത്. ഇവിടെ രണ്ട് പോലീസുകാർ സംരക്ഷണം നൽകി വരുന്നുണ്ട്. ലക്ഷ്മണയുടെ വീട്ടു ജോലികളെല്ലാം ചെയ്യുന്നത് പോലീസുകാരാണെന്നാണ് ആക്ഷേപം. റിട്ടയേർഡ് ഡി.ജി.പി. ക്കു പോലും ഒരു പോലീസുകാരൻ സംരക്ഷണത്തിന് ഇല്ലാത്തിടത്ത് കോടതി ശിക്ഷിച്ച ലക്ഷ്മണയ്ക്ക് നിയമവിരുദ്ധമായി പോലീസുകാരെ സഹായത്തിന് വച്ചിരിക്കുകയാണെന്നാണ് ജോമോൻ പുത്തൻപുരക്കൽ തൻ്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.. സിസ്റ്റർ അഭയ കൊലകേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചതിനെ തുടർന്ന് ഫാ. കോട്ടൂർ കോളേജ് പ്രൊഫസർ എന്ന നിലയിൽ പെൻഷൻ വാങ്ങിക്കുന്നത് സംസ്ഥാന ധനകാര്യവകുപ്പ് (പെൻഷൻ-ബി) തടഞ്ഞിരുന്നു. എന്നിട്ടും റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്ക്ക് ഇതു ബാധകമല്ലേ എന്നാണ് ജോമോൻ പുത്തൻപുരക്കൽ ചോദിക്കുന്നത്.

Latest from Blog

error: Content is protected !!