ന്യൂഡൽഹി > മരണ നഷ്ടപരിഹാരമായി 50 കോടി രൂപ വ്യാജമായി പിൻവലിച്ച കേസിൽ പട്നയിലെ റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി ആർ കെ മിത്തലിന്റെയും കൂട്ടാളികളുടെയും സ്വത്ത് വകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
കൈക്കൂലി വാങ്ങിയതിനും ബെഞ്ചുകൾ ശരിയാക്കുന്നതിലും ജഡ്ജിമാരെ അനുകൂല വിധികൾ നേടുന്നതിനായി പ്രേരിപ്പിക്കുന്നതിലും ഇടനിലക്കാരയവരുമായി അടുത്ത ബന്ധം പുലർത്തിയെന്നോരോപിക്കപ്പെടുന്ന ജഡ്ജിക്കെതിരെ ഏജൻസി നടപടിയെടുക്കുന്നത് ഇതാദ്യമല്ല. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന സംഭവങ്ങൾക്ക് പുറമേ, ജഡ്ജിമാരുടെ താൽപ്പര്യ വൈരുദ്ധ്യങ്ങളും അവർക്ക് കൈക്കൂലി നൽകാനുള്ള ശ്രമങ്ങളും ഏജൻസി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുതിർന്ന ഇഡി ഉദ്യോഗസ്ഥൻ കേരള ടൈംസിനോട് പറഞ്ഞു.
2023 ഓഗസ്റ്റ് 10 ന്, പഞ്ച്കുളയിലെ മുൻ പ്രത്യേക സിബിഐ കോടതി ജഡ്ജി സുധീർ പർമറിനെ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസിലും, റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഐആർഇഒയ്ക്കും അതിന്റെ പ്രൊമോട്ടർ ലളിത് ഗോയലിനും എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്ക് അനുകൂലമായി പ്രവർത്തിച്ചതിനും ഇഡി അറസ്റ്റ് ചെയ്തിരുന്നു. പർമറിനെ കസ്റ്റഡിയിലെടുക്കുന്നതിന് ഒരു മാസം മുമ്പാണ് ഏജൻസി ഗോയലിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ പ്രതികളായ ഐആർഇഒ പ്രൊമോട്ടർമാർക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാരോപിച്ച് ഏജൻസികൾ അദ്ദേഹത്തിനെതിരെ തെളിവുകൾ ഹാജരാക്കിയതിനെത്തുടർന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയെ സസ്‌പെൻഡ് ചെയ്തു.
പിന്നീട് മറ്റൊരു കേസിൽ ഗോയലിന്റെ കൂട്ടാളികളും M3M ന്റെ പ്രൊമോട്ടർമാരുമായ ബസന്ത് ബൻസാൽ, പങ്കജ് ബൻസാൽ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തു. “പഞ്ച്കുല ജഡ്ജി സുധീർ പർമർ, M3M ന്റെ ഉടമകളായ പ്രതിയായ രൂപ് ബൻസാൽ, അദ്ദേഹത്തിന്റെ സഹോദരൻ ബസന്ത് ബൻസാൽ, IREO ഗ്രൂപ്പിന്റെ ഉടമയായ ലളിത് ഗോയൽ എന്നിവരോട് ആനുകൂല്യങ്ങൾ കൈപ്പറ്റി പകരം പക്ഷപാതം കാണിക്കുകയാണെന്ന്” ഇഡി റിമാൻഡ് നോട്ടിൽ അവകാശപ്പെട്ടിരുന്നു.