ന്യൂഡല്‍ഹി > വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം കേള്‍ക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. നിലവില്‍ വിവിധ സ്ഥലങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാകിസ്താനുമായുള്ള വെടിനിര്‍ത്തല്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് തീരുമാനമായത്.
പാകിസ്താനിലെ സൈനിക ഓപ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ (ഡിജിഎംഒ-ഡയറക്ടേര്‍സ് ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ്) ഇന്ന് ഉച്ചയ്ക്ക് 3.35ന് ഇന്ത്യയിലെ ഡിജിഎംഒയെ വിളിക്കുകയും ഇന്ത്യന്‍ സമയം 5 മണിയോടെ കര, വായു, കടല്‍ മാര്‍ഗമുള്ള വെടിവെപ്പും സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്ന് ഇരു ഭാഗങ്ങളും സമ്മതിക്കുകയുമായിരുന്നു. മെയ് 12ന് (തിങ്കള്‍) 12 മണിക്ക് ഡിജിഎംഒയുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരിക്കുന്നത്.
പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ പാകിസ്താന്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചെന്ന് സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരിലെ അഖ്‌നൂര്‍ മേഖലയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള ആക്രമണമുണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പിര്‍ പഞ്ചല്‍ മേഖലയിലും ഡ്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ കച്ചിലും ഡ്രോണുകള്‍
ഗുജറാത്തിലെ കച്ച് ജില്ലയിലും നിരവധി ഡ്രോണുകള്‍ കണ്ടെത്തിയതായി ഗുജറാത്ത് ആഭ്യന്തര വകുപ്പ് മന്ത്രി. നിരവധി ഡ്രോണുകള്‍ കണ്ടെത്തിയെന്നും പൂര്‍ണമായ ബ്ലാക്ക് ഔട്ട് പ്രഖ്യാപിക്കുകയാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സഘവി എക്‌സില്‍ കുറിച്ചു. ആരും ഭയപ്പെടേണ്ടെന്നും സുരക്ഷിതമായി ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
