ദില്ലി > ലോകത്ത് യുദ്ധതന്ത്രങ്ങളിൽ ഡ്രോണുകൾക്ക് നിർണായക സ്വാധീനമാണ് ഇപ്പോഴുള്ളത്. ഏറ്റവും കുറഞ്ഞ ചെലവിൽ പരമാവധി ആഘാതം എതിരാളികൾക്ക് ഏൽപ്പിക്കുക എന്നതാണ് ഡ്രോൺ യുദ്ധമുറകളുടെ ലക്ഷ്യം. കോടികൾ മതിക്കുന്ന വിലയേറിയ സൈനിക ആസ്തികൾ പോലും നിസ്സാര തുകയ്ക്ക് നിർമിക്കുന്ന ഡ്രോണുകൾ തകർക്കുന്നത് ഓപ്പറേഷൻ സിന്ദൂറിലും , റഷ്യ- യുക്രൈൻ യുദ്ധത്തിലും കണ്ടിരുന്നു.
ഇതിനെല്ലാമുപരിയായി, ഇപ്പോഴിതാ ആളില്ലാ പറക്കും തോക്ക് വികസിപ്പിച്ചിരിക്കുകയാണ് ഒരിന്ത്യൻ കമ്പനി. റഷ്യൻ അസോൾട്ട് റൈഫിൾ ആയ എകെ-203 എന്ന തോക്കിന്റെയും ഡ്രോണിന്റെയും സങ്കരസൃഷ്ടിയാണ് ഈ പറക്കും തോക്ക്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ഡ്രോൺ തോക്കിന്റെ നിർമാതാക്കൾ. സൈനികർക്ക് സുരക്ഷിതമായി എതിരാളികളെ നേരിടാൻ സാധിക്കുന്ന തരത്തിൽ ലോ ആൾട്ടിട്യൂഡ് ഡ്രോൺ ആണ് ഇത്.
റഷ്യയുടെ എകെ-203 എന്ന റൈഫിളിന്റെ കൃത്യതയും ഡ്രോണിന്റെ പറക്കൽ ശേഷിയും ഒത്തിണങ്ങിയ അപകടകാരിയായ ആയുധം. എതിരാളികളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കടന്നുകയറാൻ സാധിക്കുന്ന തരത്തിലാണ് ഇതിൻ്റെ രൂപകൽപ്പന. ഏത് ദുർഘട പരിതസ്ഥിതിയിലും കൃത്യതയോടെ ഉപയോഗിക്കാനാകുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ രീതിയിലാണ് ഇവയുടെ പ്രവർത്തനം. വേഗത, കൃത്യത, കരുത്ത് എന്നിവയിൽ മികച്ച പ്രകടനം പരീക്ഷണത്തിൽ കാഴ്ചവെച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
