സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ യോഗത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നതായി ടെഹ്റാൻ അറിയിച്ചു. ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ ആറ് മിസൈലുകൾ ഉപയോഗിച്ച് ടെഹ്റാനിലെ മീറ്റിംഗിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് മസൂദ് പെഷേഷ്കിയാന് കാലിൽ പരിക്കേൽക്കുകയും അടിയന്തര ഹാച്ചിലൂടെ രക്ഷപ്പെടാൻ നിർബന്ധിതനാകുകയും ചെയ്തു.
ഇസ്രായേൽ തന്നെ വധിക്കാൻ ശ്രമിച്ചുവെന്ന് മിസ്റ്റർ പെസെഷ്കിയാൻ അടുത്തിടെ ഒരു അഭിമുഖത്തിനിടെ നടത്തിയ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) അഫിലിയേറ്റ് ചെയ്ത ഫാർസ് വാർത്താ ഏജൻസി നടത്തിയ വെളിപ്പെടുത്തൽ. ഫാർസിന്റെ അഭിപ്രായത്തിൽ, ജൂൺ 16 ന് നടന്ന ആക്രമണത്തി ശേഷം 70 കാരനായ പെസെഷ്കിയന് കാലിന് പരിക്കേറ്റു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്സെനി എജെയ് എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു.
ഇറാനിലെ ഏറ്റവും വലിയ പ്രാദേശിക പ്രോക്സിയായ ഹിസ്ബുള്ളയുടെ തലവനെ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ബെയ്റൂട്ടിൽ വെച്ച് നടത്തിയ ആക്രമണവുമായി ഈ ആക്രമണത്തിന് സമാനതകളുണ്ടെന്നാണ് ഏജൻസി പറയുന്നത്. ദീർഘകാല നേതാവായിരുന്ന ഹസ്സൻ നസ്രല്ലയെ കൊലപ്പെടുത്തുന്നതിൽ ആ ആക്രമണം വിജയിച്ചു. “ജൂൺ 16 തിങ്കളാഴ്ച ഉച്ചയ്ക്ക് മുമ്പാണ് ആക്രമണം നടന്നത്, പടിഞ്ഞാറൻ ടെഹ്റാനിലെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലകളിൽ മൂന്ന് സർക്കാർ ശാഖകളുടെ തലവന്മാരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഒരു യോഗം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
രക്ഷപ്പെടാനുള്ള വഴികൾ തടയുന്നതിനും വായുപ്രവാഹം വിച്ഛേദിക്കുന്നതിനുമായി ആറ് ബോംബുകളോ മിസൈലുകളോ പ്രയോഗിച്ചുകൊണ്ട് ഇസ്രയേൽ കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും തകർത്തു. ആക്രമണത്തിൽ മറ്റുള്ളവർക്കും പരിക്കേറ്റതായി ഫാർസ് റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർക്ക് പോകുമ്പോൾ കാലുകൾക്ക് പരിക്കേറ്റു എന്നും മുൻകൂട്ടി തയ്യാറാക്കിയ ഒരു അടിയന്തര ഹാച്ച് വഴിയാണ് അവർ രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.
സ്ഫോടനങ്ങൾക്ക് ശേഷം, വൈദ്യുതി വിച്ഛേദിക്കപ്പെട്ടു, ആക്രമണത്തിന്റെ കൃത്യമായ സ്വഭാവം കണക്കിലെടുത്ത്, അതിനു പിന്നിൽ ഒറ്റുകാർ ആരെങ്കിലുമുണ്ടോ എന്ന് കണ്ടെത്താൻ ഇപ്പോൾ അന്വേഷണങ്ങൾ നടക്കുകയാണ്. യുദ്ധാനന്തരം ഇസ്രായേലുമായി സഹകരിച്ചുവെന്നാരോപിച്ച് ഇറാൻ 700-ലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ചുമത്താൻ ലക്ഷ്യമിടുന്ന പുതിയ അടിയന്തര ചാര നിയമം പാസാക്കാനുള്ള നടപടിയും തുടങ്ങി.
ആക്രമണം നടന്ന സ്ഥലം ഫാർസ് വിശദീകരിച്ചിട്ടില്ലെങ്കിലും, ജൂൺ 16 ന് പടിഞ്ഞാറൻ ടെഹ്റാനിലെ ഷഹ്റക്-ഇ ഗർബിന് സമീപമുള്ള തന്ത്രപ്രധാനമായ ഒരു പ്രദേശത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി പ്രതിപക്ഷ മാധ്യമമായ ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.
