ഹെലിക്കോപ്റ്റര്‍ റോഡിലൂടെ പോകുന്നത് കണ്ടിട്ടുണ്ടോ? അംബാനി കുടുംബത്തിന്റെ ഹെലിക്കോപ്റ്ററുകളിലൊന്നാണ് റോഡിലൂടെ പോയത്. ട്രെയിലറിന് പിന്നില്‍ സുരക്ഷിതമായി ബന്ധിച്ച് 150 കോടി രൂപ വിലയുള്ള എയര്‍ബസ് എച്ച് 160 കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അംബാനി കുടുംബത്തിലെ അംഗങ്ങള്‍ പോകുമ്പോഴുള്ളതു പോലെ ഈ ഹെലിക്കോപ്റ്റര്‍ റോഡിലൂടെ കൊണ്ടുപോയതും കനത്ത സുരക്ഷാ അകമ്പടിയിലായിരുന്നു.
ഓട്ടമൊബിലി അര്ഡെന്റ് എന്ന പേജാണ് അംബാനി കുടുംബത്തിന്റെ ഹെലിക്കോപ്റ്റര്‍ റോഡിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഇവരിതാ ഒരു മുഴുവന്‍ ഹെലിക്കോപ്റ്റര്‍ റോഡിലൂടെ കൊണ്ടുപോകുന്നു എന്നാണ് ചിത്രത്തിന് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലോഗോ വെള്ള എയര്‍ബസ് എച്ച് 160 ഹെലിക്കോപ്റ്ററില്‍ കാണാനാവും.
ഛത്രപതി ശിവജി മഹാരാജ് ഡൊമസ്റ്റിക് ടെര്‍മിനല്‍ ടി1ബിയിലേക്കുള്ള വഴിയിലൂടെ ഹെലിക്കോപ്റ്റര്‍ ട്രെയിലറില്‍ കെട്ടി വലിച്ച് കൊണ്ടുപോയത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഹെലിക്കോപ്റ്ററിന്റെ റോഡിലൂടെയുള്ള യാത്ര. ട്രെയിലറിനു ചുറ്റും വിവിധ വാഹനങ്ങളിലായി അംബാനി ഗ്രൂപ്പിന്റെ സുരക്ഷാ ജീവനക്കാര്‍ അകമ്പടി സേവിക്കുന്നുണ്ടായിരുന്നു. ഹെലിക്കോപ്റ്ററിന്റെ പിന്നിലെ റോട്ടറും മുന്നിലെ കാബിനും മൂടിയ നിലയിലായിരുന്നു. യാത്ര റോഡിലൂടെയായിരുന്നതുകൊണ്ടുതന്നെ ഹെലിക്കോപ്റ്ററിന്റെ ബ്ലേഡുകളും എടുത്തു മാറ്റിയിട്ടുണ്ടായിരുന്നു.
അംബാനിയുടെ എയര്‍ബസ് എച്ച്160
മുകേഷ് അംബാനി ഗ്രൂപ്പിനു കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ഹെലിക്കോപ്റ്ററുകളിലൊന്നാണ് റോഡിലൂടെ ട്രെയിലറില്‍ പോയ എയര്‍ബസ് എച്ച്160. ഏതാണ്ട് 150 കോടി രൂപയോളം വില വരുന്ന ഹെലിക്കോപ്റ്ററാണിത്. രണ്ട് സഫ്രന്‍ അറാനോ 1എ ടര്‍ബോഷാഫ്റ്റ് എന്‍ജിനുകളാണ് ഇതിലുള്ളത്. ഓരോ എന്‍ജിനും 1300 ബിഎച്ച്പി കരുത്തുണ്ട്.
പരമാവധി വേഗം മണിക്കൂറില്‍ 255 കിലോമീറ്റര്‍. ഒരുതവണ ഇന്ധനം നിറച്ചാല്‍ 890 കിലോമീറ്റര്‍ വരെ പറക്കാനാവും. എയര്‍ബസ് എച്ച്160ക്ക് നാലര മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കും. രണ്ട് പൈലറ്റുമാര്‍ നിയന്ത്രിക്കുന്ന ഈ ഹെലിക്കോപ്റ്ററില്‍ 12 പേര്‍ക്കു വരെ സഞ്ചരിക്കാനാവും. വിപണിയില്‍ ലഭ്യമായ ആധുനിക സൗകര്യങ്ങളുള്ള ഹെലിക്കോപ്റ്ററുകളിലൊന്നായാണ് എയര്‍ബസ് എച്ച് 160യെ കണക്കാക്കുന്നത്. ഈ ഹെലികോപ്റ്ററിന്റെ മിലിറ്ററി മോഡൽ എച്ച്160എമ്മും എയർബസ് പുറത്തിറക്കുന്നുണ്ട്.
അംബാനിക്ക് മുന്നേ എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കിയ മലയാളികൾ
അംബാനിക്ക് മുമ്പോ ഇതേ സീരിസിൽ പെട്ട് ഹെലികോപ്റ്ററുകൾ രണ്ട് മലയാളികൾ സ്വന്തമാക്കിയിട്ടുണ്ട്. ലുലു ഗൂപ്പ് ഉടമ യൂസഫലിയും ആർ.പി.ഗ്രൂപ്പ് ഉടമ രവിപിള്ളയുമാണ് ഈ സീരിസിൽ പെട്ട ഹെലികോപ്റ്ററുകൾ നേരത്തെ വാങ്ങിയത്. അംബാനിയുടെ ഹെലികോപ്റ്റർ 12 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന എച്ച് 160 ആണെങ്കിൽ മലയാളികളുടേയും ഏഴു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന എച്ച് 145 ആണ്. 785 കിലോവാട്ട് കരുത്തു നല്കുന്ന രണ്ടു സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എൻജീന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്നു 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണു പ്രത്യേകത.
അംബാനി കുടുംബത്തിലെ ജെറ്റുകളും ഹെലിക്കോപ്റ്ററുകളും
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അംബാനി കുടുംബം ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്വകാര്യ ജെറ്റ് സ്വന്തമാക്കിയിരുന്നു. ആയിരം കോടി രൂപയോളം വിലവരുന്ന ബോയിങ് 737 മാക്സ് 9 ആയിരുന്നു ഇത്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 10 സ്വകാര്യ ജെറ്റ് വിമാനങ്ങളുണ്ട്. 18 വര്‍ഷത്തെ സര്‍വീസുള്ള എയര്‍ബസ് എ319എസിജെ രണ്ട് ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 5000 ജെറ്റുകള്‍ എന്നിവയും റിലയന്‍സ് കുടുംബത്തിനുണ്ട്.
ബോംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000, രണ്ട് ദസൗള്‍ട്ട് ഫാല്‍ക്കണ്‍ 900കള്‍ എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുണ്ട്. 16 വര്‍ഷം സര്‍വീസുണ്ട് റിലയന്‍സിനൊപ്പമുള്ള എംബ്രാര്‍ ഇആര്‍ജെ-135 ജെറ്റ് വിമാനത്തിന്. ഡൗഫിന്‍, സികോര്‍സ്കി 576 എന്നിവയടക്കമുള്ള ഹെലിക്കോപ്റ്ററുകളും റിലയന്‍സ് ഗ്രൂപ്പിനുണ്ട്. ദീര്‍ഘദൂരയാത്രകള്‍ക്ക് ജെറ്റ് വിമാനങ്ങളും ഹ്രസ്വദൂരയാത്രകള്ക്ക് ഹെലിക്കോപ്റ്ററുകളുമാണ് ഇന്ത്യയിലെ ഒന്നാം നിര വ്യവസായ ഗ്രൂപ്പായ റിലയന്‍സ് ഉപയോഗിക്കാറ്.
