Air LORA> ഇസ്രയേൽ വികസിപ്പിച്ച എയർ ലോറ (Air Launched Long Range Artillery) മിസൈൽ, സീ ബ്രേക്കർ എന്ന ലോങ് റേഞ്ച് ആന്റി ഷിപ്പ് ലാൻഡ് അറ്റാക്ക് മിസൈൽ തുടങ്ങിയവ വ്യോമസേനയ്ക്കായി വാങ്ങുന്നത് സംബന്ധിച്ച ചർച്ചകൾ അവസാനിച്ചു. ഇസ്രയേലിൽനിന്ന് ഇന്ത്യ വാങ്ങിയ റാംപേജ് എന്ന യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകൾ ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ചിരുന്നു. പാകിസ്താന്റെ റഡാർ സംവിധാനങ്ങളെ തകർക്കുന്നതിൽ നിർണായക പങ്കാണ് ഈ മിസൈലുകൾ വഹിച്ചത്. ഇതിന്റെ വിജയകരമായ ഉപയോഗത്തെ തുടർന്നാണ് എയർ ലോറയും സീ ബ്രേക്കറും വാങ്ങാനുള്ള നീക്കങ്ങൾ തുടങ്ങിയത്.
മൂന്ന് മിസൈലുകളും ഇന്ത്യയിൽ നിർമിക്കാൻ സാങ്കേതികവിദ്യ കൈമാറാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് ആണ് ഈ മിസൈലുകൾ വികസിപ്പിച്ചത്. 430 കിലോമീറ്റർ ദൂരത്തേക്ക് ആക്രമണം നടത്താൻ കഴിയുന്ന എയർ ലോറ മിസൈലിന്റെ രൂപകൽപ്പന പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്ന രീതിയിലാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങളെ ആക്രമിച്ച് തകർക്കാൻ സഹായിക്കുന്ന എയർ ലോറ വ്യോമസേനയുടെ ആക്രമണശേഷി വർധിപ്പിക്കും. 570 കിലോഗ്രാം ഭാരം വരുന്ന പോർമുനയാണ് ഇതിനുള്ളത്. ഇതൊരു ക്വാസി ബാലിസ്റ്റിക് മിസൈൽ കൂടിയാണ്. ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം, ജിപിഎസ് എന്നീ ഗതിനിർണയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവ ലക്ഷ്യത്തിലെത്തുന്നത്.
കപ്പലുകളെയും കരയിലെ ലക്ഷ്യങ്ങളെയും ഒരുപോലെ ആക്രമിക്കാൻ സഹായിക്കുന്ന മിസൈലാണ് സീ ബ്രേക്കർ. 113 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കൾ വഹിച്ച് 300 കിലോമീറ്ററോളം ദൂരത്തിൽ ആക്രമണം നടത്താം. ശബ്ദത്തിനേക്കാൾ അൽപ്പം താഴെ മാത്രം വേഗതയിൽ ( ഹൈ സബ്സോണിക്) കുതിക്കുന്ന സീ ബ്രേക്കർ ജിപിഎസ്, ഐഎൻഎസ് എന്നീ ഗതിനിർണയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ലക്ഷ്യം കണ്ടെത്തുന്നത്. യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കാവുന്ന ലോങ് റേഞ്ച് സൂപ്പർ സോണിക് ക്രൂയിസ് മിസൈലാണ് റാംപേജ്. 10 കിലോഗ്രാം ഭാരമുള്ള പോർമുനയാണ് ഇവയ്ക്ക് വഹിക്കാനാകുക. ശബ്ദത്തേക്കാൾ 1.5 മടങ്ങിലധികമാണ് ഇവയുടെ വേഗം. പരമാവധി 250 കിലോ മീറ്ററാണ് പ്രഹരപരിധി. പാകിസ്താനിലെ സുക്കുർ വ്യോമതാവളം ആക്രമിക്കാൻ വ്യോമസേന ഈ മിസൈൽ ഉപയോഗിച്ചിരുന്നു. പാകിസ്താന്റെ ഡ്രോൺ കേന്ദ്രം തകർന്നത് ഈ മിസൈൽ ആക്രമണത്തിലാണ്.
ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യമിട്ട് ഇന്ത്യയിൽതന്നെ ഈ മൂന്നു മിസൈലുകളും നിർമിക്കാനുള്ള സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതുവഴി ഉത്പാദന ചെലവ് കുറയ്ക്കാൻ സാധിക്കും. പരിപാലനത്തിൽ ഇന്ത്യയ്ക്ക് പൂർണനിയന്ത്രണവും ലഭിക്കും. ആയുധ വ്യാപാരത്തിനുള്ള ചർച്ചകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ, മിസൈലുകൾ വാങ്ങാൻ വ്യോമസേന നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
