SU-57E യുദ്ധവിമാനം; വ്യവസ്ഥകള്‍ വീണ്ടും ഉദാരമാക്കി റഷ്യ, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തും - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

SU-57E യുദ്ധവിമാനം; വ്യവസ്ഥകള്‍ വീണ്ടും ഉദാരമാക്കി റഷ്യ, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തും

August 5, 2025
SU 57 India Russia Deal

ദില്ലി > ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കു മേൽ 25 ശതമാനം തീരുവ അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യയുമായുള്ള പ്രതിരോധപങ്കാളിത്തം ശക്തിപ്പെടുത്താൻ റഷ്യ. അമേരിക്ക മുന്നോട്ടുവച്ച എഫ്-35 യുദ്ധവിമാന വാഗ്ദാനം ഇന്ത്യ പൂർണമായും നിരസിച്ചതിന് പിന്നാലെ എസ് യു- 57 ഇ അഞ്ചാം തലമുറ നിരീക്ഷണ യുദ്ധവിമാന വാഗ്ദാനം ഇന്ത്യക്കായി റഷ്യ കൂടുതൽ ഉദാരമാക്കി. എന്നാൽ, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡ്രോൺ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്ന ഇന്ത്യ റഷ്യൻ വാഗ്ദാനത്തെക്കുറിച്ച് അന്തിമതീരുമാനം പറഞ്ഞിട്ടില്ല. എങ്കിലും റഷ്യൻ വാഗ്ദാനം ഇന്ത്യ തള്ളാനിടയില്ല.

ഭാവിയിൽ ഇന്ത്യക്ക് തദ്ദേശീയമായിത്തന്നെ എസ് യു-57 യുദ്ധവിമാനം വികസിപ്പിക്കാവുന്ന തരത്തിൽ സാങ്കേതികവിദ്യയുടെ പൂർണമായ കൈമാറ്റമാണ് റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽസ് ലിമിറ്റഡിൽ എസ് യു-30എംകെഐ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള വൈദഗ്ദ്ധ്യം ഇപ്പോൾ തന്നെയുണ്ട്. എസ് യു-57ഇ വിമാനങ്ങൾക്കായി റഷ്യ മുന്നോട്ടുവച്ച പുതിയ പാക്കേജനുസരിച്ച് 60 ശതമാനം വരെ തദ്ദേശീയസംയോജനം ഇന്ത്യക്ക് സാധ്യമാക്കാം. അസ്ത്ര എയർ ടു എയർ മിസൈലുകൾ, രുദ്രം ആന്റി റേഡിയേഷൻ മിസൈലുകൾ, വിരുപാക്ഷ എഇഎസ്എ റഡാർ എന്നിവ ഇത്തരത്തിൽ ഇതിലേക്ക് സംയോജിപ്പിക്കാനാകും. ആദ്യഘട്ടമായി 20 മുതൽ 30 വരെ എസ് യു-57ഇ ജെറ്റുകൾ മൂന്ന് മുതൽ നാല് വരെ വർഷങ്ങൾക്കുള്ളിൽ കൈമാറാമെന്നും റഷ്യയുടെ വാഗ്ദാനത്തിലുണ്ട്.കൂടുതൽ തദ്ദേശീയ എയർക്രാഫ്റ്റുകൾ വികസിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകരാനായി റഷ്യയുടെ എസ് യു-35എം മൾട്ടിറോൾ എയർക്രാഫ്റ്റും ഇതോടൊപ്പം വാഗ്ദാനം ചെയ്തിട്ടുണ്ട്.

റഷ്യൻ തന്ത്രത്തിന് പിന്നിൽ.                 ഇന്ത്യ – അമേരിക്ക വ്യാപാരകരാറിനെ ചൊല്ലിയുള്ള തർക്കം സൃഷ്ടിച്ച പ്രതിസന്ധി മുതലെടുക്കുകയാണ് റഷ്യൻതന്ത്രം. ആത്മനിർഭർ പദ്ധതിയിലൂടെ തദ്ദേശീയമായുള്ള പ്രതിരോധ ഉൽപ്പന്ന നിർമിതി ശക്തിപ്പെടുത്തുകയെന്ന തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകുന്ന അമേരിക്കൻനയത്തോടും ഇന്ത്യക്ക് താൽപ്പര്യമില്ല. റഷ്യ മുന്നോട്ടുവയ്ക്കുന്ന സമഗ്രപാക്കേജിന് പിന്നിൽ ഇതിന്റെ സ്വാധീനവുമുണ്ട്. എയർക്രാഫ്റ്റുകളുടെ കാര്യത്തിൽ ഇന്ത്യക്ക് പരമാവധി സ്വയംഭരണം സാധ്യമാക്കുന്ന വിധത്തിലാണ് എസ് യു-57 ജെറ്റുകളുടെ സോഴ്സ് കോഡ് ഉൾപ്പെടെ ഇഷ്ടം പോലെ ഉപയോഗിച്ചോളൂവെന്ന് പറഞ്ഞ് റഷ്യ കൈമാറുന്നത്.

എഫ്-35 വിമാനങ്ങളുടെ കാര്യത്തിൽ അമേരിക്ക ഇത്തരം സൗജന്യങ്ങൾക്ക് തയാറല്ല. അമേരിക്കയുടെ എഫ്-35 വാങ്ങിയാൽ പ്രദർശനവസ്തുവാക്കി വയ്ക്കാനേ കഴിയൂവെന്നാണ് പ്രതിരോധസേനാവൃത്തങ്ങൾ സൂചിപ്പിച്ചത്. പ്രതിരോധ സഹകരണത്തിൽ ദീർഘകാലമായുള്ള ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്നതും റഷ്യക്ക് മേൽക്കൈയുറപ്പാക്കുന്നു. ദക്ഷിണേഷ്യൻ ഭൗമരാഷ്ട്രീയത്തിൽ ചൈന-പാക്കിസ്താൻ പ്രതിരോധസഹകരണം സൃഷ്ടിക്കുന്ന ഭീഷണിയെ ചെറുക്കാൻ റഷ്യയുമായുള്ള സഹകരണം ശക്തിപ്പെടുന്നതിലൂടെ ഇന്ത്യക്കാകും.

ഡ്രോണുകളിൽ കേന്ദ്രീകരിക്കാൻ.        അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ നിന്നുള്ള അനുഭവപാഠങ്ങളുൾക്കൊണ്ട് അത്യന്താധുനിക ഡ്രോൺ സാങ്കേതികവിദ്യക്ക് ഇന്ത്യ ഊന്നൽ നൽകിത്തുടങ്ങിയിട്ടുണ്ട്. ഇസ്രായേലുമായുള്ള ഡ്രോൺ ഇടപാടുകൾക്ക് ഇന്ത്യ ധാരണയിലേക്ക് കടന്നിട്ടുണ്ട്. ഇന്ത്യയുടെയടക്കം മുന്നിൽ കണ്ട്, റഷ്യയും പുതിയ ഡ്രോൺ സാങ്കേതികവിദ്യാ വികസനത്തിലേക്ക് കടന്നിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ ചൈനയുടെ സാങ്കേതികവിദ്യാസഹകരണത്തോടെ പാക്കിസ്താൻ ഡ്രോണുകളെ വലിയതോതിൽ ആശ്രയിച്ചിട്ടുണ്ട്. ഇന്ത്യ ഫലപ്രദമായി അവയെ തകർത്തെങ്കിലും ഇനിയുള്ള യുദ്ധതന്ത്രങ്ങളിൽ ഡ്രോണുകൾക്ക് അമിതപ്രാധാന്യം കൈവരുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെ നീക്കം. ഈ സാഹചര്യത്തിൽ എസ് യു-57 ജെറ്റുകളേക്കാൾ പരിഗണന ഡ്രോണുകൾക്കാവണമെന്ന ആലോചന പ്രതിരോധവൃത്തങ്ങളിൽ സജീവമാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss