കണ്ണൂർ> ഇരിട്ടി കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ സർചാർജ് നടപടിക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന് പണം നഷ്ടപ്പെടാൻ ഇടയായതിൽ ഓരോ ബാങ്ക് ജീവനക്കാരനും വഹിച്ച പങ്ക് കണ്ടെത്തുന്ന നടപടിയാണ് സർചാർജ്. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടം ഈടാക്കാനായി ഇവരുടെ ആസ്തി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. തട്ടിപ്പിനെക്കുറിച്ച് ഇരിട്ടി അസി. രജിസ്ട്രാർ (ജനറൽ) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർചാർജ് നടപടിക്ക് ജോ. രജിസ്ട്രാർ ഉത്തരവിട്ടത്.
സഹകരണസംഘം ഇരിട്ടി ഓഫീസിലെ അസി. രജിസ്ട്രാർ ടി.വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ മൂന്നംഗസംഘമാണ് അന്വേഷിക്കുന്നത്. ഫെബ്രുവരി 28-നകം റിപ്പോർട്ട് നൽകണം. അധികാര ദുർവിനിയോഗവും സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയതിനെത്തുടർന്ന് മാസങ്ങൾക്ക് മുൻപ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. അസി. രജിസ്ട്രാറുടെ അന്വേഷണത്തിൽ സംഘത്തിന്റെ ഫണ്ടിൽ നിന്ന് 14.61 കോടി രൂപ അപഹരിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കാര്യക്ഷമതയില്ലാത്തതും അച്ചടക്കരഹിതവുമായ ഫണ്ട് വിനിയോഗം, ഭരണസമിതിയുടെ കെടുകാര്യസ്ഥത, ജീവനക്കാരും വിരമിച്ചവരും നടത്തിയ ക്രമക്കേടുകൾ, ജീവനക്കാരുടെ കൃത്യവിലോപം എന്നിവ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
10 വർഷത്തെ വരവുചെലവ് പരിശോധിച്ചപ്പോൾ നിക്ഷേപത്തിൽനിന്ന് 8.76 കോടി രൂപ വകമാറ്റി ചെലവഴിച്ചതായി കണ്ടെത്തി. വായ്പയിൽ സംഘത്തിന് ലഭിക്കേണ്ട പലിശയിൽ 85 ലക്ഷം രൂപ ഇളവനുവദിച്ചു. ഇതിൽ ഭൂരിഭാഗവും ജീവനക്കാരുടെ ബന്ധുക്കളുടെ പേരിലും മറ്റുമെടുത്ത വായ്പകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം പ്രകാരം നാമമാത്ര നിക്ഷേപം സ്വീകരിച്ച് ഉയർന്ന വായ്പ സ്വീകരിച്ചവരിൽ 90 ശതമാനവും നിലവിലെ ബാങ്ക് സെക്രട്ടറിയുടെയും ബ്രാഞ്ച് മാനേജറുടെയും സ്വന്തക്കാരാണെന്നും കണ്ടെത്തി.
ക്രമക്കേട് നടത്തിയവരിൽനിന്ന് ആസ്തികൾ വീണ്ടെടുക്കാനുള്ള നടപടിക്രമങ്ങളിലെ താമസം നിക്ഷേപകരെയും ഇടപാടുകാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. അസി. രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞാണ് ഇപ്പോൾ 68 (1) നിയമപ്രകാരമുള്ള സർചാർജ് നടപടിക്ക് ഉത്തരവായത്. ഇതിനായി ഇടപാടുകാർ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിയുടെ അദാലത്തിലും പരാതി നൽകിയിരുന്നു.