ദുരുഹ ദുബായ് യാത്രയും - സിനിമാക്കഥയും; തൃശ്ശൂരിലെ ഈ NBFC യുടെ ഗതിയെന്ത്? - Kerala Times    

ദുരുഹ ദുബായ് യാത്രയും – സിനിമാക്കഥയും; തൃശ്ശൂരിലെ ഈ NBFC യുടെ ഗതിയെന്ത്?

November 20, 2025
images 37

കൊച്ചി> തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ NBFC തകർച്ചയിലേക്കെന്ന് സൂചന. ധൂർത്തും കെടുകാര്യസ്ഥതയും വകമാറ്റലും മൂലം കടുത്ത പ്രതിസന്ധിയിലായിരുക്കുകയാണ് ഈ സ്വകാര്യ ധനകാര്യ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നില്ല. ഇതോടെ ജീവനക്കാര്‍ പലരും പിരിഞ്ഞു പോകുകയാണ്. ഇത് മറികടക്കാൻ കൂടുതൽ നിക്ഷേപം സമാഹരിക്കുവാന്‍ ജീവനക്കാരുടെമേല്‍ കടുത്ത സമ്മര്‍ദ്ദം നല്‍കിയിട്ടും കാര്യമായ ഒരു പുരോഗതിയില്ല.  മിക്ക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും പൂട്ടിക്കെട്ടാന്‍ കാരണം ധൂര്‍ത്തും ആഡംബര ജീവിതവും സിനിമാ ഭ്രാന്തുമാണ്. ഇവിടെയും സംഭവിച്ചത് ഇതുതന്നെയാണ്. ഇവരുടെ അടിക്കടിയുള്ള ദുബായ് യാത്രയും സംശയത്തിലാണ്.

നാട്ടുകാരുടെ നിക്ഷേപത്തുക ചെലവഴിച്ച് കോടികള്‍ വിലയുള്ള ആഡംബര വാഹനങ്ങള്‍ അടുത്തനാളില്‍ വാങ്ങി. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലെന്നും കോടികളുടെ ആസ്തി ഉണ്ടെന്നും കാണിക്കുവാനുള്ള ഒരു ശ്രമമായിരുന്നു ഇതിനുപിന്നില്‍. കാലാവധികഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാതെ അവധി പറയുകയാണ്‌. നിക്ഷേപകര്‍ പല ശാഖയിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിത്തുടങ്ങി. NCD യിലൂടെ പരമാവധി നിക്ഷേപം സമാഹരിക്കുക മാത്രമാണ് ഇവർ ആകെ ചെയ്യുന്നത്. എന്നാല്‍ ഈ കമ്പനിയില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ നിക്ഷേപകര്‍ ആരും തിരിഞ്ഞുനോക്കുന്നില്ല. ഇവിടെ പണം നിക്ഷേപിച്ചാല്‍ തിരികെ കിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.  

കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന ബിസിനസ്സുകൾ നിലവിൽ ഇവര്‍ ചെയ്യുന്നതായി അറിവില്ല. സ്വര്‍ണ്ണപ്പണയം പോലും സ്വീകരിക്കാതെ ബ്രാഞ്ചുകള്‍ പലതും പൊടിപിടിച്ചു കിടക്കുകയാണ്. കേരളത്തിലും പുറത്തുമുള്ള ബ്രാഞ്ചുകളുടെ എണ്ണം പെരുപ്പിച്ചുകാട്ടി ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് ഈ കമ്പനി. പണത്തിന് ആവശ്യം വരുമ്പോഴൊക്കെ NCD ഇറക്കി നിക്ഷേപം സ്വീകരിക്കുക എന്നത് മാത്രമാണ് ഇവരുടെ പ്രധാന പരിപാടി. ഇവരുടെ ബാലന്‍സ് ഷീറ്റില്‍ കമ്പനി വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായും കോടികളുടെ ആസ്തി ഉള്ളതായും കാണും. എന്തിനും കൂട്ടുനിൽക്കുന്ന പ്രൊഫഷണല്‍ കണക്കപ്പിള്ളയും കമ്പനി സെക്രട്ടറിയും കൂടെയുണ്ടെങ്കില്‍ ഇത്തരത്തിലുള്ള കമ്പനികളുടെ ആസ്തി ഓരോവര്‍ഷവും കടലാസില്‍ പെറ്റുപെരുകിക്കൊണ്ടിരിക്കും. പണം വാരിയെറിഞ്ഞ് വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുകളും റേറ്റിങ്ങും കൊണ്ട് നിക്ഷേപകരുടെ കണ്ണ് മൂടിക്കെട്ടുകയാണ് ഇവര്‍ ചെയ്യുന്നത്.

കാലാവധി പൂര്‍ത്തിയാക്കിയ NCD യുടെ പണം തിരികെ നല്‍കാന്‍ മണിച്ചെയിൻ മാതൃകയിൽ വീണ്ടും വീണ്ടും പുതിയ NCD കൾ ഇറക്കി നിക്ഷേപം സമാഹരിക്കുകയാണ്. എന്നാല്‍ പ്രതീക്ഷിക്കുന്നതിന്റെ 30% പോലും കൈവരിക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം. ഏതു നിമിഷവും പൂട്ടിപ്പോകാവുന്ന ഈ കമ്പനിയില്‍ പണം നിക്ഷേപിക്കുവാന്‍ ആരും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്ക് ഇന്ന് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് NCD എന്ന ചുരുക്കപ്പേരില്‍ അറിയുന്ന നോണ്‍ കണ്‍വേര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍. ഈ ഡിബെഞ്ചറുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും ഗ്യാരണ്ടി ഉണ്ടെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനമായ നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് (NBFC) കമ്പനികള്‍ പുറത്തിറക്കുന്ന എന്‍.സി.ഡി (NCD)കള്‍ക്ക് നിലവില്‍ യാതൊരു ഗ്യാരണ്ടിയും റിസര്‍വ് ബാങ്കും സെബിയും മാത്രമല്ല ഒരു സര്‍ക്കാര്‍ സംവിധാനവും നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്തിന് കമ്പനിക്ക് പോലും പണത്തിൻ്റെ മൂല്യത്തിൽ ഗ്യാരണ്ടിയില്ല.

NCD യില്‍ പണം നിക്ഷേപിക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം


സംശയകരമായ നിലയിലുള്ള NBFC കളില്‍ ഒരിക്കലും പണം നിക്ഷേപിക്കരുത്. ഒരു വര്‍ഷത്തില്‍ കൂടിയ കാലയളവിലേക്ക് എങ്ങും പണം നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. പലിശ എല്ലാ മാസവും കൃത്യമായി വാങ്ങുക. NCD യിലോ നിധി കമ്പനിയിലോ  നിക്ഷേപം നടത്തുമ്പോള്‍ പല സ്ഥാപനങ്ങളിലായി നിക്ഷേപിക്കുക. ഉദാഹരണത്തിന് 10 ലക്ഷം രൂപ പത്ത് സ്ഥാപനങ്ങളിലായി നിക്ഷേപിച്ചാല്‍ ഒരു പരിധിവരെ സുരക്ഷിതമാണ്. പൊട്ടിയാല്‍ പത്ത് സ്ഥാപനവും ഒന്നിച്ച് പൂട്ടിക്കെട്ടില്ല. എത്രയൊക്കെ പ്രലോഭനങ്ങള്‍ ഉണ്ടായാലും സമ്മര്‍ദ്ദം ഉണ്ടായാലും വലിയ തുക ഒന്നിച്ച് ഒരു സ്ഥാപനത്തിലും നിക്ഷേപിക്കാതിരിക്കുക. നിക്ഷേപിക്കുന്ന പണത്തിന് നിങ്ങള്‍ക്ക് ഇന്‍സെന്റീവ് അല്ലെങ്കില്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ ഒരു ചില്ലിക്കാശുപോലും അവിടെ നിക്ഷേപിക്കരുത്. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടര്‍ച്ചയായി വീട്ടില്‍ വന്നോ ഫോണ്‍ വിളിച്ചോ നിങ്ങളെ ക്യാന്‍വാസ് ചെയ്യുവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവിടെയും നിങ്ങളുടെ നിക്ഷേപം സുരക്ഷിതമല്ല എന്നതാണ് മുൻകാല ചരിത്രങ്ങൾ നൽകുന്ന പാഠം. നിക്ഷേപം ക്യാന്‍വാസ് ചെയ്യുന്ന ജീവനക്കാര്‍ക്ക് 5 മുതല്‍ 8% വരെ കമ്മീഷനും ഇൻസൻ്റീവുകളും കൊടുക്കുന്നത് നിങ്ങളുടെ നിക്ഷേപത്തുകയില്‍ നിന്നാണെന്നത് മറക്കേണ്ട. ഒരിക്കല്‍ കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപം പ്രത്യേകിച്ച് NCD അതേ സ്ഥാപനത്തില്‍ത്തന്നെ വീണ്ടും പുതുക്കി ഇടുന്നതും ഉചിതമല്ല. കാരണം മിക്ക തട്ടിപ്പുകാരും സ്ഥാപനം പ്രതിസന്ധിയിലാകുമ്പോൾ (പണം നൽകാനില്ലാത്ത അവസ്ഥ വരുമ്പോൾ ) നിക്ഷേപം പുതിക്കിയിടാൻ നിർബന്ധിക്കുന്ന പതിവുണ്ട്.

NCD യില്‍ പണം നിക്ഷേപിക്കുമ്പോള്‍ പരിചയവും ബന്ധവും ഒന്നും ഗൌനിക്കരുത്. നിങ്ങള്‍ പണം നിക്ഷേപിക്കുവാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെക്കുറിച്ച് വ്യക്തമായി അന്വേഷിക്കുക. നിങ്ങളുടെ നിക്ഷേപം ഉപയോഗിച്ച് അവര്‍ എന്തൊക്കെ ബിസിനസ്സുകള്‍ ആണ് ചെയ്യുന്നതെന്നും ആ ബിസിനസ്സില്‍ക്കൂടി കമ്പനിക്ക് ലാഭം ഉണ്ടാകുമോ എന്നും കാലാവധി തികയുന്ന നിങ്ങളുടെ നിക്ഷേപത്തിന്റെ മുതലും പലിശയും നല്‍കുവാന്‍ ഇവര്‍ക്ക് കഴിയുമോ എന്നും പഠിക്കുക. കമ്പനി ഉടമയെക്കുറിച്ചും ഡയറക്ടര്‍മാരെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ബിസിനസ്സുകളും കുടുംബ പശ്ചാത്തലവും അറിയുക. ഇന്റര്‍നെറ്റില്‍ പരതിയാല്‍ അത്യാവശ്യം വിവരങ്ങള്‍ ലഭ്യമാകും. ഇവര്‍ക്കെതിരെ കേസുകളോ സര്‍ക്കാര്‍ നടപടികളോ ഉണ്ടെങ്കില്‍ ഇവ അറിയാം. കൂടാതെ ഇവര്‍ക്കെതിരെയുള്ള മാധ്യമ വാര്‍ത്തകള്‍, റിസര്‍വ് ബാങ്ക് നടപടികള്‍, കമ്പനി രജിസ്ട്രാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍, സെബിയുടെ നടപടികള്‍, ബഡ്സ് നിയമം അനുസരിച്ച് കൊമ്പിറ്റെന്റ് അതോറിറ്റി സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും നിക്ഷേപകന് പരസഹായം കൂടാതെ അറിയാം.

Latest from Blog

error: Content is protected !!