അറിയാത്ത നമ്പറിൽ നിന്നും കോളുകൾ വന്നാൽ ശ്രദ്ധിക്കണം എന്ന് പറയാറുണ്ട്. അത്രമാത്രം തട്ടിപ്പുകളാണ് ഇവിടെ ഓരോ ദിവസവും എന്നോണം നടക്കുന്നത്. എന്നാൽ, ആ ഭയം കൊണ്ട് കൈവന്ന ഭാഗ്യം പോയാലോ? അങ്ങനെ, കോടികളുടെ ഭാഗ്യം ജസ്റ്റ് മിസ് എന്ന അവസ്ഥയാണ് കാനഡയിൽ നിന്നുള്ള ഒരു സ്ത്രീക്കുണ്ടായത്. കാനഡയിൽ നിന്നുള്ള ലോറൻ ഗെസെൽ എന്ന സ്ത്രീക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും കോൾ വരികയായിരുന്നു. അതിൽ പറഞ്ഞത് നിങ്ങളുടെ അമ്മാവനിൽ നിന്നും £400,000 (ഏകദേശം 4.22 കോടി രൂപ) ത്തിന്റെ സ്വത്ത് നിങ്ങൾക്ക് പാരമ്പര്യസ്വത്തായി കൈവന്നിട്ടുണ്ട് എന്നാണ്.
അറുപതുകാരിയായ ലോറൻ ഗെസെലിന് ഒരു യുകെ നമ്പറിൽ നിന്നുമാണ് കോൾ ലഭിച്ചത്. 2021 സെപ്റ്റംബറിൽ ലോറന്റെ അമ്മയുടെ ഒരു ഇംഗ്ലീഷുകാരനായ കസിൻ അന്തരിച്ചുവെന്നും 400,000 പൗണ്ട് വിലമതിക്കുന്ന ഒരു വീട് അയാളുടെ പേരിലുണ്ടായിരുന്നു എന്നുമാണ് വിളിച്ചയാൾ അവളെ അറിയിച്ചത്. ലോറനാണ് അതിന്റെ ഏക അവകാശിയെന്നും വിളിച്ചയാൾ പറഞ്ഞിരുന്നു. ലോറന്റെ അമ്മാവനാണ് മരിച്ചുപോയ റെയ്മണ്ട് എന്നും അദ്ദേഹം ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, അദ്ദേഹത്തിന് കുട്ടികളും ഇല്ല എന്നും വിളിച്ചവർ പറഞ്ഞു.
എയർലൈനിൽ ജീവനക്കാരനായിരിക്കെയാണ് റെയ്മണ്ട് ഒരു രണ്ട് മുറി വീട് വാങ്ങിയത്. അദ്ദേഹത്തിന്റെ മരണം നടന്നു കഴിഞ്ഞപ്പോൾ ആ വീട് കൈമാറാൻ അടുത്ത ബന്ധുക്കളാരും തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഏജൻസി ലോറനാണ് അതിന് യഥാർത്ഥ അവകാശിയായി വരിക എന്ന് കണ്ട് അവളെ വിളിക്കുന്നത്. എന്നാൽ, ഈ കോൾ ഒരു സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമാണ് എന്നാണ് ലോറൻ കരുതിയത്. ലോറന്റെ മകനും അങ്ങനെ തന്നെയാണ് അവളോട് പറഞ്ഞത്. മാത്രമല്ല, ഈ അമ്മാവനെ അവൾക്ക് അറിയുക പോലും ഇല്ലായിരുന്നു. എന്നാൽ, ഏജൻസി ലോറന് എല്ലാവിധ തെളിവുകളും നൽകിയതോടെ ശരിക്കും അത് തന്റെ അമ്മാവനായിരുന്നു എന്നും ആ സ്വത്ത് തനിക്കുള്ളതാണ് എന്നും ലോറന് മനസിലാവുകയായിരുന്നു.