കൊച്ചി > ലോൺ ആപ് തട്ടിപ്പിന്റെ സൂത്രധാരൻ സിംഗപ്പൂർ പൗരൻ കെ. മുസ്തഫ കമാലെന്ന നിഗമനത്തിൽ ഇഡി. തട്ടിയെടുത്ത പണത്തിന്റെ മുക്കാൽ പങ്കും എത്തിയത് സിംഗപ്പൂരിലേക്കാണെന്നും ഇഡി കണ്ടെത്തി. എല്ലാം മുസ്തഫ കമാലിന്റെ നിർദേശപ്രകാരമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. തട്ടിയെടുത്ത പണം എത്തിയത് മലയാളികളുടെ പേരിലുള്ള ഡമ്മി അക്കൗണ്ടുകളിലാണ്. റാഫേൽ ജെയിംസ് റൊസാരിയോ, നിതിൻ വർഗീസ്, സയിദ് മുഹമ്മദ്, കെ.വൈ അഫ്രീദ് എന്നിവര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്നും ഇഡി പറയുന്നു.
290 അക്കൗണ്ടുകളുടെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന് കൈമാറിയതായാണ് വിവരം. ആഴ്ചയിൽ 1200 രൂപ നിരക്കിൽ എട്ട് മാസത്തേക്ക് അക്കൗണ്ടുകൾ വാടകയ്ക്കും നൽകി. തന്‍റെ പേരിലുള്ള 78 അക്കൗണ്ടുകള്‍ റാഫേല്‍ ജെയിംസ് റൊസാരിയോ വാടകയ്ക്ക് നല്‍കിയെന്നും തെളിഞ്ഞു. തട്ടിയെടുത്ത 790 കോടി നിക്ഷേപിച്ചത് ക്രിപ്റ്റോ കറൻസിയിലെന്നും ഇ.ഡിക്ക് വിവരം ലഭിച്ചു.’WazirX’ പ്ലാറ്റ്ഫോമിൽ മാത്രം തട്ടിപ്പുകാരുടെ പേരിൽ 237 അക്കൗണ്ടുകളുണ്ടെന്നും ഇതുവഴിയാണ് 790 കോടിയുടെ ക്രിപ്റ്റോ കറന്‍സി വാങ്ങിയതെന്നും ഇഡി പറയുന്നു.
രാജ്യാന്തര വേരുകളുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികളായ നാല് തമിഴ്നാട്ടുകാരെ ഇന്നലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ചൈനീസ് ആപ്പുകൾ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപ രണ്ട് വർഷത്തിനിടെ സംഘം തട്ടിയെടുത്തുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.