തമിഴ് സീരിയൽ താരം മഹാലക്ഷ്മി രവീന്ദറിന്റെയും ഭർത്താവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹവും അവർ നേരിട്ട പരിഹാസവും പ്രേക്ഷകർ മറക്കാനിടയില്ല. സുന്ദരിയായ മഹാലക്ഷ്മിയെ വിവാഹം ചെയ്തതിന്റെ പേരിൽ രവീന്ദർ നേരിട്ട സൈബർ ബുള്ളിയിങ് വളരെയേറെയാണ്. എന്നാൽ, അത്തരത്തിൽ ഒരു അനുഭവത്തിലൂടെ കടന്നു പോകുന്നവരാണ് സീരിയൽ ലോകത്തെ ദമ്പതികളായ മേഘ്നയും അവരുടെ ഭർത്താവ് ഇന്ദ്രനീലും. സോഷ്യൽ മീഡിയയും സൈബർ ലോകവും അവഹേളനം കൊണ്ട് പൊതിയുമ്പോൾ, തനിക്ക് പിന്തുണയായി മാറുന്നത് ഭർത്താവാണ് എന്ന് മേഘ്ന. അഭിനയലോകത്തെ വേറിട്ട കഥയായി മാറുകയാണ് ഈ ദമ്പതികൾ.
2003ൽ പ്രക്ഷേപണം ചെയ്ത ‘ചക്രവാകം’ എന്ന സീരിയലിലെ അമ്മായിയമ്മയായിരുന്നു മേഘ്ന. ഭർത്താവ് ഇന്ദ്രനീൽ ഇതിൽ ഇവരുടെ മരുമകന്റെ വേഷം അവതരിപ്പിച്ചു. കോവിഡ് നാളുകളിൽ ഈ സീരിയൽ വീണ്ടും പ്രക്ഷേപണം ചെയ്തു. അപ്പോഴും ടി.ആർ.പി. ചാർട്ടുകൾ പിടിച്ചു കുലുക്കാനും വിധം ശക്തമായിരുന്നു ഈ സീരിയലിനു ലഭിച്ച പിന്തുണയും സ്വീകാര്യതയും. സീരിയലിൽ അമ്മായിയമ്മയെ അവതരിപ്പിച്ച നടിയെ ഭാര്യയാക്കി എന്നതാണ് സോഷ്യൽ മീഡിയയെ സംബന്ധിച്ച് ഇന്ദ്രനീൽ ചെയ്ത ‘അപരാധം’. ഇതിന്റെ പേരിൽ ഇരുവരും കടന്നു പോയ മോശം അനുഭവങ്ങളിൽ കൂടുതൽ വേദനിച്ചത് മേഘ്നയാണ്.
പോയവർഷം തെലുങ്ക് സീരിയൽ താരങ്ങളായ മേഘ്ന റാമിയും ഇന്ദ്രനീലും ജീവിതത്തിൽ ഒന്നിച്ചതിന്റെ ഇരുപതാം വാർഷികമായിരുന്നു. ‘ഞാൻ ഞാനായിരിക്കാനും, എനിക്ക് സ്വപ്‌നങ്ങൾ കാണാനും, അത് സാക്ഷാത്ക്കരിക്കാനും ശക്തി പകരുന്നത് എന്റെ ഭർത്താവാണ്’ എന്ന് മേഘ്ന. ഇന്നത്തെ തലമുറയിലെ സ്ത്രീകൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം താൻ ആഗ്രഹിക്കുന്നില്ല എന്ന പക്ഷക്കാരി കൂടിയാണ് മേഘ്ന. ഭർത്താവിനെ ആശ്രയിച്ചു കഴിയുന്നതിൽ അവർ തൃപ്തയാണത്രേ. എന്നാൽ സീരിയലിൽ നേരെ തിരിച്ചുള്ള കഥാപാത്രങ്ങളാണ് മേഘ്ന ചെയ്തിട്ടുള്ളത്.
ഇരുവർക്കും പ്രായം നാല്പതുകളിലാണ്. ഇന്ദ്രനീൽ ഇപ്പോഴും ലുക്കിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നു എന്ന് മാത്രം. ഭർത്താവ് സുന്ദരനാണ് എന്ന് പറഞ്ഞുകൊണ്ട് പെൺകുട്ടികൾ തനിക്ക് മെസ്സേജ് അയക്കാറുണ്ട് എന്ന് മേഘ്ന. മകനാണോ എന്ന് പോലും ചിലർ ചോദിക്കാറുണ്ടത്രെ. സോഷ്യൽ മീഡിയയിൽ വരാറുള്ള ചില കമന്റുകളും മേഘ്ന കാണാതെ പോകുന്നില്ല. ഇത്തരത്തിൽ ‘തടിച്ചുരുണ്ട സ്ത്രീയോടൊപ്പം എങ്ങനെ ഉറങ്ങാൻ സാധിക്കുന്നു’ എന്ന് പോലും ചിലർ ചോദിച്ച കാര്യം മേഘ്ന മറന്നിട്ടില്ല. അവർ എന്തിനാണ് അതേപ്പറ്റി ആലോചിക്കുന്നത് എന്ന് ഇന്ദ്രനീൽ മറുചോദ്യമിടും.
ദമ്പതികൾക്ക് ഇതുവരെയും കുട്ടികൾ പിറന്നിട്ടില്ല. വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഗർഭം അലസിപ്പോയ കാര്യം മേഘ്‌ന മറച്ചുവെക്കുന്നില്ല. വിവാഹജീവിതത്തിലെ ആറുവർഷം താൻ വിഷാദത്തിലൂടെ കടന്നുപോയി എന്ന് മേഘ്ന. കരിയറിന്റെ ഏറ്റവുംമികച്ച കാലങ്ങളിൽ അവർ തൊഴിലിൽ നിന്നും മാറിനിന്നു. ഉറക്കമുണരുക, ഭക്ഷണം കഴിക്കുക, വീണ്ടും ഉറങ്ങുക എന്നതായി പതിവ്. ഗർഭിണിയാവുന്നതിനോടും, തൊഴിലിനോടും, വിനോദവ്യവസായ ലോകത്തോടും വിരക്തിയായി തുടങ്ങി. അളവെത്ര എന്ന് നോക്കാതെ ബിരിയാണിയും ഐസ്ക്രീമും കഴിച്ചിരുന്നു. അതോടു കൂടി ശരീരഭാരം ക്രമാതീതമായി വർധിച്ചു എന്ന് മേഘ്ന.
എന്നാൽ, ഒരിക്കൽപ്പോലും ഭർത്താവ് ഇന്ദ്രനീൽ അതേപ്പറ്റി ചോദിക്കുകയോ, തന്നെ ജോലിക്ക് പോകാൻ നിർബന്ധിക്കുകയോ ചെയ്തിരുന്നില്ല എന്ന് മേഘ്ന. അക്കാര്യത്തിൽ അദ്ദേഹത്തോട് എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നും മേഘ്ന. പലരും വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ നിർദേശിച്ചതായും മേഘ്ന ഓർക്കുന്നു. നിലവിൽ ഒരു NGOയുടെ പ്രവർത്തനത്തിന്റെ ഭാഗമാണവർ. റിയാലിറ്റി ഷോകളുടെ ഭാഗമായതും തനിക്ക് പ്രകടനത്തിന്റെ പുത്തൻ അവസരങ്ങൾ തുറന്നുകിട്ടി എന്നും അവർ ഓർക്കുന്നു.