കോട്ടയം> കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍ ലോഷൻ ഒഴിക്കുന്നതും സ്വകാര്യഭാഗത്ത് പരുക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കയ്യും കാലും കെട്ടിയിട്ടായിരുന്നു മർദനം.
ഒന്നാംവർഷ വിദ്യാർത്ഥികളെയാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എൻപി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് പേരെയും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്.
അതേസമയം, കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതിവേഗത്തിൽ റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ഒന്നാംവർഷ വിദ്യാർത്ഥകളെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതി. വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.