തിരുവനന്തപുരം> കൈക്കൂലിയടക്കമുള്ള കുഴപ്പങ്ങൾ തടയാൻ വിജിലൻസ് വകുപ്പ് അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കുന്നു. ഓഫീസേഴേസ് ഒഫ് ഡൗട്ട്ഫുൾ ഇന്റഗ്രിറ്റി (ഒ.ഡി.ഐ) എന്ന പേരിലാണ് സർക്കാർ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും അഴിമതിക്കാരെ നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജമാക്കുന്നത്. ബാങ്ക്, സാമ്പത്തിക ഇടപാടുകളടക്കം നിരീക്ഷണത്തിലാക്കും. മിന്നൽ റെയ്ഡുകൾ ഉൾപ്പെടെ നടത്തിയിട്ടും അഴിമതി കുറയുന്നില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
കസ്റ്റംസ്, എക്സൈസ്, ബാങ്കുകൾ തുടങ്ങി കേന്ദ്രസർവീസിലെ ഉദ്യോഗസ്ഥരെയും ഇത്തരത്തിൽ നിരീക്ഷണത്തിലാക്കുമെന്ന് വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത ‘കേരളകൗമുദി’യോട് പറഞ്ഞു. അഴിമതി കൂടുതലുള്ള വകുപ്പുകളിൽ മൂന്നു വർഷം തുടർച്ചയായ നിരീക്ഷണവും പരിശോധനകളുമുണ്ടാവും. അഴിമതിക്കാർ ജോലിചെയ്യുന്ന ഓഫീസുകളിലെത്തുന്നവരിൽ നിന്ന് വിവരങ്ങൾ തുടർച്ചയായി ശേഖരിക്കും. കുടുംബാംഗങ്ങളുടെ സ്വത്തുസമ്പാദനവും പരിശോധിക്കും. ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന റവന്യു, തദ്ദേശം, മോട്ടോർവാഹനം, മൈനിംഗ്, ജി.എസ്.ടി വകുപ്പുകളിലാണ് അഴിമതി കൂടുതൽ. രണ്ടര വർഷത്തിനിടെ വിജിലൻസെടുത്ത 427കേസുകളിൽ 95ഉം തദ്ദേശവകുപ്പിലാണ്. റവന്യുവിൽ 76 കേസുകളുണ്ട്.
കോഴയ്ക്ക് പുതിയ വഴി
ഭൂമി തരംമാറ്റമാണ് കോഴയ്ക്കുള്ള പുതിയവഴി. ചില വില്ലേജ് ഓഫീസർമാർ ഒരുലക്ഷത്തിനു മുകളിലാണ് കോഴയാവശ്യപ്പെടുന്നത്. അതിന് സ്വകാര്യഏജൻസികളും വിരമിച്ചവരുമുൾപ്പെട്ട മാഫിയയുണ്ട്.
930റെയ്ഡ്, 44അറസ്റ്റ്
കഴിഞ്ഞവർഷം 930 മിന്നൽ പരിശോധനകളും 34 ട്രാപ്പ് ഓപ്പറേഷനുകളും നടത്തി. 39 സർക്കാരുദ്യോഗസ്ഥരും രണ്ട് കേന്ദ്രഉദ്യോഗസ്ഥരും 3 ഏജന്റുമാരുമടക്കം 44പേർ അറസ്റ്റിലായി.
റവന്യു-20, തദ്ദേശം-10, ആരോഗ്യം, രജിസ്ട്രേഷൻ- 2വീതം എന്നിങ്ങനെയാണ് അറസ്റ്റ്. കൈക്കൂലിയിനത്തിൽ 7,43,800 രൂപ പിടിച്ചെടുത്തു. ക്രമക്കേടുകൾക്ക് 7,83,68,238 രൂപ പിഴചുമത്തി.
1028
5വർഷത്തിനിടെ കോഴക്കേസിൽ
പ്രതികളായ ജീവനക്കാർ
”അഴിമതി കൂടുതലുള്ള വകുപ്പുകളുടെ പട്ടികയും അഴിമതിക്കാരുടെ പട്ടികയും ഉടൻ പ്രസിദ്ധീകരിക്കും. ഡിജിറ്റൽ രൂപത്തിലെ അഴിമതിയും കണ്ടെത്തും
-യോഗേഷ് ഗുപ്ത
വിജിലൻസ് മേധാവി