സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിത്. ലോകം തന്നെ ചെറിയ സ്‌ക്രീനിലേക്ക് ചുരുങ്ങിയിരിക്കുന്നു, എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ. ഇപ്പോഴിതാ അവയുടെ കാലാവധി ഏതാണ്ട് തീരാറായി എന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.
മൊബൈല്‍ ഫോണുകള്‍ ഇല്ലാതാകാന്‍ ഇനി അധിക കാലമൊന്നും വേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. . ഒരു 10 വര്‍ഷം കൂടെ കഴിഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ കരുതുന്നത് പോലെ അത്ര അത്യാവശ്യമായിരിക്കില്ല ഇത് . കയ്യിലെ സ്മാര്‍ട്ട്ഫോണിന് പകരം കിടിലന്‍ ഡിവൈസുകള്‍ ലോകം കീഴടക്കും. സാങ്കേതികവിദ്യാ രംഗം നിശബ്ദമായി ഈ രംഗത്തെ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
ഇനി മുതല്‍ ഇത് കയ്യില്‍ കൊണ്ടുനടക്കേണ്ടി വരില്ല. ഹാന്‍ഡ്സ്-ഫ്രീ, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയിലേക്ക് ലോകം ചേക്കേറുമെന്നാണ് പ്രവചനം ഫോണ്‍ കയ്യില്‍ കൊണ്ടുനടക്കാതെ തന്നെ ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലേക്ക് ആക്‌സസ് ലഭിക്കും. ആശയ വിനിമയവും സാധ്യമാണ്. പുതിയ സ്മാര്‍ട്ട് ഗ്ലാസുകളുടെ ഗവേഷണത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു സക്കര്‍ബര്‍ഗ്.
ഇത് ഒരു സ്വപ്നമൊന്നുമല്ലെന്നും മെറ്റയും ആപ്പിളും ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ശതകോടികള്‍ നിക്ഷേപം നടത്തിയിരിക്കുന്ന മേഖലയാണിതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു. ഇപ്പോള്‍ തന്നെ സ്മാര്‍ട്ട് വെയറബിളുകളില്‍ കോടിക്കണക്കിന് നിക്ഷേപം ഒഴുകുന്നുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ക്കപ്പുറമുള്ള ലോകമാണ് ആപ്പിളിന്റെ വിഷന്‍ പ്രോ ലക്ഷ്യമിടുന്നത്. മെറ്റയും സ്മാര്‍ട്ട് ഗ്ലാസുകള്‍ ജനകീയമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയാണ്. ഡിജിറ്റല്‍ വിവരങ്ങള്‍ എല്ലാം ഇനി കണ്‍മുന്നില്‍ തന്നെ ലഭ്യമാകും.
മെസേജ് അയക്കല്‍, കോള്‍, വാര്‍ത്ത വായന ഇതെല്ലാം തന്നെ ഫോണില്ലാതെ ചെയ്യാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്മെന്റഡ് റിയാലിറ്റിയും ചേര്‍ന്ന് ലോകത്ത് വലിയ മാറ്റം വരുത്താന്‍ ഇനി അധികം കാലമില്ലെന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നത്.