ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ കിടന്ന റിട്ട.സൈനികന് പോലീസ് മർദനം; കാൽ മുറിച്ചുമാറ്റി

- Advertisement -spot_img

മംഗളൂരു> ‘ലാത്തികൊണ്ടുള്ള പോലീസിന്റെ ശക്തമായ അടിയില്‍ കാലില്‍ എന്തോ തരിപ്പുപോലെ തോന്നി. ആ തരിപ്പ് ദേഹമാസകലം പടര്‍ന്നുകയറി. ഇപ്പോള്‍ എന്റെ ഇടതുകാലും…’ വാക്കുകള്‍ മുഴുമിപ്പാക്കാന്‍ കഴിയാതെ പി.വി. സുരേശന്‍ എല്ലാം ഒരു ദീഘനിശ്വാസത്തില്‍ ഒതുക്കി. മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ റിട്ട. വ്യോമസേനാ ഉദ്യോഗസ്ഥന്‍ നീലേശ്വരത്തെ പി.വി. സുരേശന് (49) നഷ്ടപ്പെട്ടത് തന്റെ ഇടതുകാലാണ്.

വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഫെബ്രുവരി ഒന്നിന് മംഗളൂരുവിലെ മിലിറ്ററി കാന്റീനിലേക്ക് പോയതായിരുന്നു അങ്കക്കളരി ‘അര്‍ച്ചന’യിലെ പി.വി. സുരേശന്‍. പത്തരയോടെ റെയില്‍വേ സ്റ്റേഷനിലിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്റ്റേഷനിലെ ബെഞ്ചില്‍ കിടന്നു. അപ്പോഴാണ് ഒരു പോലീസുകാരന്‍ വന്ന് ഇവിടെ കിടക്കാന്‍ പാടില്ലെന്ന് പറഞ്ഞത്. വയ്യാത്തതിനാല്‍ അവിടെത്തന്നെ കിടന്ന സുരേശന്‍ ഉറങ്ങിപ്പോയി. വീണ്ടും വന്ന പോലീസുകാരന്‍ ഉറങ്ങിക്കിടന്ന സുരേശന്റെ കാല്‍പ്പാദത്തില്‍ ലാത്തികൊണ്ട് മാരകമായി അടിച്ചതായി പറയുന്നു. ബോധംപോയ സുരേശന് രാത്രി എട്ടരയോടെയാണ് ബോധം തെളിഞ്ഞത്. മകള്‍ ഹൃദ്യയെ ഫോണില്‍ വിളിച്ച് സുഖമില്ലാതെ കിടക്കുകയാണെന്ന് അറിയിച്ചു. ഹൃദ്യ ഉടന്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനിലും പോലീസിലും വിവരമറിയിച്ചു.

അന്വേഷണത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ സുരേശനെ പോലീസ് ആസ്പത്രിയിലാക്കി. പിന്നാലെ കുടുംബമെത്തി നാട്ടിലേക്ക് കൊണ്ടുപോയി. കാലില്‍ നീരുണ്ടായിരുന്നതിനാല്‍ നീലേശ്വരത്തെ ആസ്പത്രിയില്‍ കാണിച്ചു. കാലിലെ പരിക്ക് മാരകമാണെന്നും ഉടന്‍ വിദഗ്ധചികിത്സ വേണമെന്നും പരിശോധിച്ച ഡോക്ടര്‍ നിര്‍ദേശിച്ചു. അപ്പോഴാണ് തന്നെ പോലീസ് മര്‍ദിച്ച കാര്യം സുരേശന്‍ പറഞ്ഞത്.

ഉടന്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. മര്‍ദനത്തില്‍ വൃക്കയ്ക്കും തകരാര്‍ സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇടതുകാല്‍ മുറിച്ചുമാറ്റുകയല്ലാതെ മറ്റുവഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തി കാല്‍ മുറിച്ചുമാറ്റി. വൃക്കയുടെ പ്രവര്‍ത്തനം നേരേയാക്കാന്‍ ഡയാലിസിസും വേണ്ടിവന്നു. തുടര്‍ന്ന് ഹൃദ്യ മംഗളൂരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് മൂന്നുതവണ ആസ്പത്രിയിലെത്തി വിവരങ്ങള്‍ തിരക്കി മടങ്ങിയതല്ലാതെ തുടര്‍നടപടിയൊന്നുമുണ്ടായില്ലെന്ന് കുടുംബം പറയുന്നു. അതേസമയം സുരേശനെ മര്‍ദിച്ചിട്ടില്ലെന്ന് മംഗളൂരു റെയില്‍വെ സംരക്ഷണസേന (ആര്‍.പി.എഫ്.) അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ മര്‍ദിച്ചതായി കാണുന്നില്ല. രാവിലെ 10.39-ന് ഇയാള്‍ ഒരു പ്രശ്‌നവുമില്ലാതെ പ്ലാറ്റ്‌ഫോമില്‍നിന്ന് നടന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും ആര്‍.പി.എഫ്. പറയുന്നു

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img