ഹൈദരാബാദ്> ഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് (Falcon Invoice Discounting) പ്ലാറ്റ്‌ഫോം വഴി നിക്ഷേപകരിൽ നിന്നും പണം തട്ടിയ കേസിൽ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. ഫാൽക്കൺ ഇൻവോയ്‌സിന്റെ അക്കൗണ്ടിൽ നിന്നും 132 കോടി മുഖ്യപ്രതിയായ അമർദീപ് കുമാർ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് ഈ പണം 22 മറ്റ് അക്കൗണ്ടുകളിലേക്കും മാറ്റിയതായി പൊലീസ് വ്യക്തമാക്കുന്നു. 6000 ത്തിലധികം വരുന്ന നിക്ഷേപകരിൽ നിന്നും 850 കോടി രൂപ കമ്പനി തട്ടിയെന്നാണ് പ്രാഥമിക നിഗമനം. 19 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ രണ്ട് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്ലാറ്റ്‌ഫോമിന്റെ ബിസിനസ് മേധാവിയായ പവൻ കുമാർ ഒഡേല, ഡയറക്ടർ കാവ്യ നല്ലൂരി എന്നിവരാണ് അറസ്റ്റിലായത്.
2024 ജനുവരിയിലാണ് അമർദീപ് കുമാർ തുക സ്വാകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ശേഷം കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് അവകാശപ്പെട്ടു. യുപിഐ വഴിയും നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചിരുന്നു. കമ്പനിക്ക് 2 ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഈ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് അമർദീപ് സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാങ്കുകളിൽ നിന്നും കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
മുഖ്യപ്രതിയായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അമർദീപ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആര്യൻ സിംഗ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യോഗേന്ദർ സിംഗ് എന്നിവർ ഇപ്പോഴും ഒളിവിലാനിന്നാണ് പൊലീസ് പറയുന്നത്. ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോം, മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്‌കീമുകൾ, ആഡംബര ഹോസ്പിറ്റാലിറ്റി, സ്വകാര്യ ചാർട്ടർ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം കമ്പനികൾ സ്ഥാപിക്കുന്നതിനായി നിക്ഷേപകരുടെ ഫണ്ട് ദുരുപയോഗം ചെയ്‌തതായി പോലീസ് വ്യക്തമാക്കുന്നു.
1,700 കോടി രൂപയാണ് നിക്ഷേപകരിൽ നിന്നും ശേഖരിച്ചുവെന്നും, അതിൽ 850 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. ബാക്കി 6,979 നിക്ഷേപകർക്ക് 850 കോടി രൂപ നൽകണമെന്ന് പോലീസ് പറയുന്നു. പ്രതിവർഷം 11–22 ശതമാനം ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിക്ഷേപ പരിധി 25,000 മുതൽ 9 ലക്ഷം രൂപ വരെയായിരുന്നു. ദുരുപയോഗം ചെയ്ത ഫണ്ടുകൾ തിരിച്ചുപിടിക്കാനും മറ്റ് പ്രതികളെ പിടികൂടാനും പൊലീസ് കൂടുതൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വലിയ നിക്ഷേപകങ്ങൾക്ക് മുൻപായി ധനകാര്യ സ്ഥാപനങ്ങളുടെ നിയമസാധുത സെബി, ആർബിഐ പോലുള്ള വഴി ഉറപ്പാക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
മൊബൈല്‍ ആപ്പിലൂടെയും, വെബ്സൈറ്റിലൂടെയുമായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ജനുവരി രണ്ടാം വാരം മുതലാണ് കമ്പനിയുടെ പേയ്‌മെന്റുകള്‍ മുടങ്ങിയത്. ഇത് നിക്ഷേപകരെ വലിയ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് നിക്ഷേപകര്‍ ഹൈദരാബാദിലെ കമ്പനിയുടെ ഓഫീസിലെത്തി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓഫീസ് പൂട്ടി സ്ഥലം വിട്ടിരുന്നു. ഓഫീസിന് പുറത്ത് കമ്പനി അധികൃതര്‍ നോട്ടീസ് പതിച്ചിരുന്നു. ഓഫീസ് താത്കാലികമായി അടക്കുകയാണെന്നും ആയിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതോടെ നിക്ഷേപകര്‍ വലിയ ആശങ്കയിലായി. കമ്പനി വാഗ്ദാനം നല്‍കിയ ലാഭം നല്‍കാതായതോടെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.