പ്രത്യേക ഡ്രസ്‌കോഡ് വച്ച് ഒരാള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയില്ല;  ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെയാണ് ഇങ്ങനെ തീരുമാനമെടുത്തത്; ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വന്നു; തുറന്നു പറച്ചിലുമായി ഹണി റോസ്

- Advertisement -spot_img

കൊച്ചി> പ്രമുഖ  വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി നടി ഹണി റോസ് നല്‍കിയ പരാതി ഏറെ വിവാദ കോലാഹലങ്ങള്‍ക്കാണ് വഴിവെച്ചത്. ഹണിയെ അവഹേളിച്ചെന്ന പരാതിയില്‍ ബോച്ചെ ഒരാഴ്ച്ചയിലേറെ ജയിലില്‍ കിടക്കേണ്ടിയും വന്നു. ഒടുവില്‍ കര്‍ശന വ്യവസ്ഥകളോടയാണ് ബോച്ചെക്ക് ജാമ്യം ലഭിച്ചതും. ഈ കാലയളവില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറച്ചിലുമായി ഹണി റോസ് രംഗത്തുവന്നു.

- Advertisement -

പ്രത്യേക ഡ്രസ്‌കോഡ് വച്ച് ഒരാള്‍ക്കും ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ ഹണി ഏത് സാഹചര്യത്തിലാണ് താന്‍ പരാതി കൊടുക്കാന്‍ ഇടയായതെന്നും വിശദീകരിച്ചു. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്. അതു പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള വസ്ത്രമാണ് താനും ധരിക്കാറുള്ളൂ എന്ന് ഹണി പറയുന്നു. മനോരമ ന്യൂസ് ചാനലില്‍ ജോണി ലൂക്കോസിന്റെ ‘നേരേ ചൊവ്വേ’ അഭിമുഖ പരിപാടിയിലാണ് ഹണി തുറന്നു പറച്ചിലുമായി രംഗത്തുവന്നത്.

- Advertisement -

”പോസ്റ്റ് കോവിഡിന്റെ കാലഘട്ടത്തില്‍ ഇത്രയേറെ സൈബര്‍ ആക്രമണം നേരിട്ട മറ്റൊരാളുണ്ടോ എന്ന് സംശയമാണ്. അത്രയേറെ അനുഭവിച്ചു. എന്റെ ശരീരഭാഗങ്ങള്‍ വരെ പരാമര്‍ശിച്ചുകൊണ്ടുള്ള മോശമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത്. പൊതുവെ സമാധാനം ഇഷ്ടപ്പെടുന്ന, ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളായതുകൊണ്ട് പ്രശ്‌നത്തിലേക്കോ ബഹളത്തിലേക്കോ പോകേണ്ട എന്നു വിചാരിച്ച് മുന്നോട്ടുപോകുയായിരുന്നു. എന്നാല്‍ ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെ ഇതിങ്ങനെ പോയാല്‍ ശരിയാകില്ല എന്ന തീരുമാനമെടുത്തു.

ഇത് ഞാന്‍ മാത്രം തുടങ്ങി വച്ച പോരാട്ടമല്ല, ഈ വിഷയത്തെക്കുറിച്ച് കുറേ ആളുകള്‍ ഇതിനു മുമ്പും സംസാരിച്ചിട്ടുണ്ട്. അപ്പനായാലും അമ്മയാലും എനിക്ക് എപ്പോളും ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നെ സ്‌നേഹിക്കുന്ന ആളുകളും അത്രയും ശക്തമായിട്ടാണ് എന്നോട് ചേര്‍ന്നു നില്‍ക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് സ്ഥിരം വഴക്കു കേട്ടിരുന്ന കാര്യമായിരുന്നു, ഞാന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നത്.

പക്ഷേ നമ്മളൊരു കാര്യം പുറത്തേക്ക് പറഞ്ഞാല്‍ അതുണ്ടാക്കാവുന്ന പ്രശ്‌നവും ബഹളവും നമുക്ക് അറിയാവുന്നതാണ്. അതിന്റെ പേരില്‍ ഇനി വരുന്നത് എന്തായിരിക്കും എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മാക്‌സിമം മാറി നിന്നത്. പിന്നെ ഇത് ഒരിടത്ത് തുടങ്ങിയാല്‍ ഒരിടം കൊണ്ട് അവസാനിക്കുന്ന കാര്യമല്ല. പരാതി കൊണ്ട് ഞാന്‍ മുന്നോട്ട് വരുമ്പോളും ഇതിന് ഒരു അറുതിയൊന്നും വന്നിട്ടില്ല. ഇത് എങ്ങിനെ അവസാനിപ്പിക്കും എന്നും അറിയില്ല. ഇതിന് ഒരു നിയമനിര്‍മാണം വേണ്ടി വന്നേക്കാം. അങ്ങനെ ഒരു നിയമമുണ്ടെങ്കിലേ മാറ്റം വരികയുള്ളൂ.

ആളൊരു പാവം കുട്ടിയാണെന്നു തോന്നിക്കഴിഞ്ഞാല്‍ പലരും തലയില്‍ക്കയറി നിരങ്ങും. നേരത്തെ തന്നെ കേസിനു പോയിരുന്നെങ്കില്‍ ഈ അടുത്ത് ഇത്രയും വിഷയങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ‘അമ്മ’ സംഘടനയില്‍ നിന്നും, രാഷ്ട്രീയക്കാരില്‍ നിന്നുമൊക്കെ പിന്തുണ കിട്ടി. മാത്രല്ല ജനങ്ങളില്‍ നിന്നും ഒരുപാട് പിന്തുണയും സ്‌നേഹവും ലഭിച്ചു. ഞാന്‍ ഈ അനുഭവിക്കുന്ന പ്രശ്‌നം സിനിമയില്‍ നിന്നല്ല, സമൂഹത്തില്‍ നിന്നും വരുന്നതാണ്. അഭിനേതാവ് ആയതുകൊണ്ട് ഞാന്‍ മാത്രമല്ല, പല മേഖലകളിലുള്ള ആളുകള്‍ ഇങ്ങനെയുള്ള ആക്രമണങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനമെടുത്തത്.

മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ടുപോലും മനസ്സിന് ഭയങ്കര ബുദ്ധിമുട്ട്, ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു, ഇതിന്റെ കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. ഇതെല്ലാം നമ്മളെ ബാധിക്കുന്നു എന്നത് റിയാലിറ്റിയാണ്. മാനിസകമായി ഭയങ്കര ബുദ്ധിമുട്ട് അനുഭവിച്ചു, ആ സമയങ്ങളില്‍ മെന്റല്‍ സ്‌ട്രെസും ഭയങ്കരമായിരുന്നു. പുറത്തുകാണുമ്പോള്‍ എന്നെ ചിരിച്ച മുഖവുമായി നിങ്ങള്‍ കാണുമെങ്കിലും നിങ്ങള്‍ അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്നത് റിയാലിറ്റിയായിരുന്നു.

കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാന്‍. പക്ഷേ ഉള്ളിലൊരു പോരാളി കൂടി ഉണ്ട്. അവസാനം ഇതിനെതിരെ പോരാടാന്‍ തീരുമാനിച്ചപ്പോള്‍ മനസ്സില്‍ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതുപോലെയായിരുന്നു. ആ മെന്റല്‍ സ്‌ട്രെസ് ഇപ്പോഴും ഉള്ളില്‍ തന്നെയുണ്ട്. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാന്‍. നിവര്‍ത്തികേടുകൊണ്ട് മുന്നോട്ടുപോയതാണ്. കേസിലെ നടപടികളില്‍ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നതു മാത്രമായിരുന്നു ചിന്ത.

ഒരു വിഷയം ഉണ്ടാകുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് കേസ് കൊടുക്കുക എന്നല്ല. അവരോട് അത് ചെയ്യരുത് എന്ന് പറയും. അതില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് നാം ചെയ്യുന്നത്. പക്ഷേ വീണ്ടും വീണ്ടും ആവര്‍ത്തിക്കുയും കേസല്ലാതെ വേറൊരു മാര്‍ഗവുമില്ല എന്ന ചിന്ത ഉണ്ടാകുകയും ചെയ്യുമ്പോഴാണ് കേസുമായിട്ട് മുന്നോട്ട് പോകുന്നത്. ഇത്രയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സുള്ള ഒരു കാലത്ത് നമ്മള്‍ ഒരാളുടെ പേര് പറഞ്ഞ് അനാവശ്യമായ ഒരു വാക്കോ കമന്റോ ഇടുമ്പോള്‍ അതാളുകള്‍ ഏറ്റെടുക്കും. അവിടെ നടക്കുന്നത് ഒരാളെ ബലിയാടായി ഇട്ടുകൊടുക്കുകയാണ്.

ജീവിതകാലം മുഴുവന്‍ ഇത് നമ്മളെ പിന്തുടര്‍ന്ന് ആക്രമിക്കും. തമാശമാത്രമാണ് ഇതെന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ കഴിയില്ല. ഇത് നമ്മളെ മാത്രമല്ല, കുടുംബത്തെയും ബാധിക്കും. നിശബ്ദയായി ഇരിക്കുന്ന സമയത്താണ് എനര്‍ജി വേണ്ടി വന്നത്. എല്ലാം സഹിച്ചിരുന്നത് ഒരുപാട് ബാധിച്ചു. ഇതിനെ ഏത് രീതിയില്‍ ചെറുക്കണമെന്ന തയാറെടുപ്പ് കുറേ നാളുകളായി തുടങ്ങിയതാണ്. ഉദ്ഘാടന പരിപാടികളില്‍ കുറേ അധികം ഞാന്‍ പങ്കെടുക്കുന്നുണ്ട്. ആക്രമണത്തിന് അതൊരു കാരണമായിട്ടുണ്ട്. നമ്മള്‍ വെറുതെ വീട്ടില്‍ ഇരുന്നാല്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. പക്ഷേ നമ്മളെ എപ്പോഴും ലൈംലൈറ്റില്‍ കാണുന്നത് അതിനൊരു ഘടകമായിട്ടുണ്ട്.

ഒരു വ്യക്തിയുടെ പേഴ്‌സനാലിറ്റിയോ സ്വഭാവമോ ഒന്നും അയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയില്ല. നിങ്ങള്‍ നാടന്‍ വസ്ത്രം ധരിച്ചാല്‍ മാത്രമേ നല്ല സ്ത്രീയായി മാറൂ എന്നൊക്കെയുള്ള ചിന്താഗതി ഇപ്പോഴും വച്ചു പുലര്‍ത്തുന്ന ആളുകള്‍ ഉണ്ടെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. വസ്ത്രം മോശമായതിന്റെ പേരിലാണ് ഇവര്‍ ഈ ആക്രമണം നേരിടേണ്ടി വന്നതെന്ന തരത്തില്‍ ഇതിനെ വളച്ചൊടിക്കുന്നവരുണ്ട്. എന്റെ വസ്ത്രമാണ് വിഷയമെങ്കില്‍ അത് തീര്‍ത്തും വ്യത്യസ്തമാര്‍ന്ന വിഷയമാണ്, നമുക്ക് അത് ചര്‍ച്ച ചെയ്യാം. നല്ല വസ്ത്രം ധരിക്കുന്നവരും ഇതുപോലുള്ള ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഹണി റോസിന്റെ വസ്ത്രത്തിലോ ഹണി റോസിന്റെ ഉദ്ഘാടനത്തിലോ കൊണ്ടുപോയി കെട്ടിയിടേണ്ട കാര്യമല്ല.

ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്. അതു പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ടുള്ള വസ്ത്രമാണ് ഞാനും ധരിക്കാറുള്ളൂ. അല്ലാതെ എക്‌സ്‌പോസ്ഡ് ആയിട്ടുള്ളതോ മോശമായതോ ആയ വസ്ത്രം ധരിച്ച് പുറത്തേക്ക് പോയിട്ടില്ല. എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള വസ്ത്രമേ ഞാന്‍ ധരിക്കാറുള്ളൂ. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ വിമര്‍ശിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ അതിനും മാന്യമായ ഒരു ഭാഷയുണ്ട്. എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുണ്ടോ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. ഞാന്‍ എപ്പോഴും മുന്നോട്ടാണ് ചിന്തിക്കുന്നത് പിന്നോട്ടല്ല. കേരളത്തനിമയമുള്ള വസ്ത്രം ഏതായിരുന്നു, എന്റെ അമ്മൂമ്മ ധരിച്ചിരുന്നത് ചട്ടയും മുണ്ടുമാണ്. അതില്‍ നിന്നും ഇന്ന് എത്രമാത്രം മാറ്റം വന്നു. ഒരു ഡ്രസ് കോഡ് വച്ച് ഒരാള്‍ക്കും ജീവിക്കാന്‍ കഴിയില്ല, നമുക്ക് കംഫര്‍ട്ട് ആയ വസ്ത്രം ധരിക്കുക, അതിനുള്ള എല്ലാ സ്വാതന്ത്ര്യവും തരുന്ന രാജ്യത്തും സംസ്ഥാനത്തുമാണ് ഞാന്‍ ജീവിക്കുന്നത്.”- ഹണി റോസ് പറഞ്ഞു.

CLICK TO JOINspot_img

RELATED ARTICLES

- Advertisement -

FINANCE & SCAMS

- Advertisement -

Latest news

- Advertisement -spot_img