ദില്ലി > റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിനായും, അനുബന്ധ സ്ഥാപനങ്ങളിലെ ബാങ്കുകളുടെ ബിസിനസ് ഓവർലാപ്പുകളും ഹോൾഡിംഗ് പരിധികളും പാലിക്കുന്നതിനായും, ആക്സിസ് ബാങ്ക് ലിമിറ്റഡ് അവരുടെ NBFC അയ ആക്സിസ് ഫിനാൻസ് ലിമിറ്റഡ് വിൽക്കാൻ സാധ്യതയുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത രണ്ട് വ്യക്തികൾ പറഞ്ഞതായി ദിമിൻ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
കൂടാതെ, ഉയർന്ന മൂല്യനിർണ്ണയ സാധ്യതയുള്ളതിനാൽ, വിൽപ്പനയ്ക്ക് മുന്നോടിയായി ആക്സിസ് ഫിനാൻസിന്റെ പൊതു ലിസ്റ്റിംഗ് മാറ്റിവച്ചിരിക്കുകയാണെന്നും ഇരുവരും കൂട്ടിച്ചേർത്തതായും റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രതിസന്ധി മറികടക്കാനാകാതെ 2025 ൽ പല NBFC കളും വിൽക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നുമുണ്ട്. വിൽപന സംബന്ധിച്ച വാർത്തകളുടെ സ്ഥിരീകരണത്തിന് കേരള ടൈംസ് ആക്സിസ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.