ന്യൂഡൽഹി> ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനിയായ ജയ് കോർപ്പ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. നിക്ഷേപകരെ വഞ്ചിച്ച് 2,434 കോടി രൂപയുടെ ഫണ്ട് തട്ടിയെടുത്തതിനെതിരെയാണ് കേസ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് അന്വേഷിക്കാൻ സി.ബി.ഐ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സി.ബി.ഐ രജിസ്റ്റർ ചെയ്ത FIR പ്രകാരം, ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനികളും ചേർന്ന് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്ന് 2,434 കോടി രൂപയാണ് തട്ടിയെടുത്തത്.
ആനന്ദ് ജെയിനും അദ്ദേഹത്തിന്റെ കമ്പനികളും പൊതുജനങ്ങളെ വഞ്ചിക്കുകയും നിക്ഷേപങ്ങളിലൂടെ ലഭിച്ച ഫണ്ടുകൾ വഴിതിരിച്ചുവിടുകയും സഹോദര കമ്പനികൾക്ക് ഈടില്ലാത്ത വായ്പകൾ നൽകുകയും ചെയ്തു എന്നാണ് ആരോപണം. പരാതി പ്രകാരം, “ജെയ് കോർപ്പ് ലിമിറ്റഡിന്റെ സഹോദര കമ്പനികൾ വ്യാജവും കെട്ടിച്ചമച്ചതുമായ രേഖകളുടെ അടിസ്ഥാനത്തിൽ വർഷങ്ങളായി ഈടില്ലാത്ത വായ്പകൾനൽകുകയും ഒടുവിലത് എഴുതിത്തള്ളുകയും ചെയ്തതായി കാണിച്ചിട്ടുണ്ട്.
ആനന്ദ് ജെയിനും പരാഗ് പരേഖും അവരുടെ കമ്പനികളും ചേർന്ന് “ജേഴ്സി, മൗറീഷ്യസ്, ചാനൽ ഐലൻഡ്സ്” എന്നിവിടങ്ങളിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സംയോജനത്തിനായി ബാങ്കുകളിൽ നിന്ന് വായ്പയായി ലഭിച്ച പണം ഉൾപ്പെടെയുള്ള പൊതുപണം വഴിതിരിച്ചുവിട്ടതായും സിബിഐ FIR ൽ പറയുന്നു. ബാങ്ക് വായ്പകൾ ഉൾപ്പെടെ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പണവും മെസ്സേഴ്സ് റിലയൻസ് പെട്രോകെമിക്കൽ ലിമിറ്റഡിന്റെ ഫ്യൂച്ചറുകളിൽ വ്യാപാരം ചെയ്യുന്നതിനായി വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും പരാതിയുണ്ട്.