ന്യൂഡൽഹി> നിർമ്മാണം പൂർത്തിയാക്കി കൈമാറാത്ത ഫ്ളാറ്റുകളുടെ വായ്‌പ അടയ്‌ക്കണമെന്ന് ബാങ്കുകൾ നിർബന്ധിക്കുന്നുവെന്ന ഉടമകളുടെ ആരോപണത്തിൽ ഇടപെട്ട് സുപ്രീംകോടതി. രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് നിർമ്മാതാക്കളും ബാങ്കുകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടോയെന്ന് കണ്ടെത്താൻ സിബിഐ അന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടു.
രണ്ടാഴ്‌ചയ്‌ക്കകം, അന്വേഷണം എങ്ങനെയെല്ലാം നടത്തുമെന്ന് വ്യക്തമാക്കണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പ്രോജക്‌ട് ആണോ മേഖലാ അടിസ്ഥാനത്തിലാണോ അന്വേഷണം എന്നതാണ് വ്യക്തമാക്കേണ്ടത്. ജസ്റ്റിസുമാരായ സൂര്യകാന്തും എൻ കെ സിംഗും അംഗമായ സുപ്രീംകോടതി ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിച്ചത്.
രണ്ടാഴ്‌ചയ്‌ക്കകം, അന്വേഷണം എങ്ങനെയെല്ലാം നടത്തുമെന്ന് വ്യക്തമാക്കണമെന്ന് സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പ്രോജക്‌ട് ആണോ മേഖലാ അടിസ്ഥാനത്തിലാണോ അന്വേഷണം എന്നതാണ് വ്യക്തമാക്കേണ്ടത്. ജസ്റ്റിസുമാരായ സൂര്യകാന്തും എൻ കെ സിംഗും അംഗമായ സുപ്രീംകോടതി ബെഞ്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിച്ചത്.
മുൻ ഇന്റലിജൻസ് മേധാവി രാജീവ് ജയിനിനെ കേസിൽ അമിക്യസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചിട്ടുണ്ട്. ‘ഈ പരാതിയിൽ തീർച്ചയായും സിബിഐ അന്വേഷണം ഉണ്ടാകും. അത് വ്യക്തമാണ്. ആയിരക്കണക്കിന് ആളുകൾ കരയുകയാണ്. ഞങ്ങൾക്ക് അവരുടെ കണ്ണീരൊപ്പാൻ സാധിക്കില്ല. പക്ഷെ അവരുടെ പ്രശ്‌നങ്ങൾ ഞങ്ങൾ അഭിമുഖീകരിക്കും.സമയബന്ധിതമായി വ്യക്തമായ നടപടി എടുത്തേ മതിയാകൂ.’രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖലയും ബാങ്കുകളും തമ്മിലെ ബന്ധം സംബന്ധിച്ചുള്ള സിബിഐ അന്വേഷണം വലിയ വ്യാപ്‌തിയുള്ളതാകും എന്ന് ഉറപ്പാണ്. ആയിരക്കണക്കിന് ഫ്ളാറ്റ് ഉടമകളാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
ഒരു ധനികനായ ആൾ (ബാങ്ക്) മറ്റൊരു ധനികന് (റിയൽ എസ്‌റ്റേറ്റ് നിർമ്മാതാവ്) പണം നൽകുകയാണ്. പണം ലഭിക്കുന്ന ധനികൻ തന്റെ ഉത്തരവാദിത്വം നിറവേറ്റാതെ സ്ഥലംവിടുകയാണ്. തുടർന്ന് ബാങ്ക് നാട്ടിലെ നിയമം വീടിന് വേണ്ടി പണമെടുത്തയാൾ ലംഘിച്ചെന്ന് കാട്ടി അയാളെ നിയമലംഘനത്തിന് ഇരയാക്കുന്നുവെന്ന് സമർപ്പിച്ച ഒരു ഹർജിയിൽ പറഞ്ഞു. നിർമ്മാണം ആരംഭിക്കാത്ത പദ്ധതികൾക്ക് എങ്ങനെയാണ് വായ്‌പ അനുവദിക്കാൻ കഴിയുകയെന്ന് സുപ്രീം കോടതി ചോദിച്ചു. ചില ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾ സിബിഐ അന്വേഷണത്തെ കോടതിയിൽ എതിർത്തു. എന്നാൽ ആരെയും വെറുതെ വിടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കേരളത്തിലും തട്ടിപ്പ് വ്യാപകം
കേരളത്തിലും ഇത്തരം ഫ്ലാറ്റ് തട്ടിപ്പുകൾ വ്യാപകമാണ്. തൃശ്ശൂരും കൊച്ചിയും കേന്ദ്രീകരിച്ചാണ് വ്യാപക തട്ടിപ്പ് നടക്കുന്നത്. ഫ്ലാറ്റ് പണിയുന്ന സ്ഥലം ഈട് നൽകി ബാങ്കിൽ നിന്ന് വൻതുക ലോണെടുക്കും. ഇതിന് ശേഷം ഫ്ലാറ്റ് വാങ്ങുന്നവരിൽ നിന്നും പണം വാങ്ങും. സ്ഥലത്തിൻ്റെ പേരിലുള്ള ലോൺ അടക്കുകയുമില്ല. ആരെങ്കിലും ഒരിജിനൽ ആധാരം ആവശ്യപ്പെട്ടാൽ ബാങ്കിലെ ഉദ്യോഗസ്ഥർ ഒറിജിനൽ ആധാരവുമായെത്തും. ആധാരം കൊണ്ടുവരുന്നത് ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് വാങ്ങുന്നവർ അറിയുന്നുമില്ല. ഫ്ലാറ്റിന് പൂർണ്ണമായി പണം നൽകി കഴിയുമ്പോഴാണ് ബാങ്കുകാർ കളി തുടങ്ങുന്നത്. സ്ഥലത്തിൻ്റെ പേരിലുള്ള ലോൺ മുടങ്ങിയെന്ന് പറഞ്ഞ് നിയമ നടപടി ആരംഭിക്കും. ഇവിടെ നഷ്ടം വരുന്നത് പണം മുടക്കി ഫ്ലാറ്റ് വാങ്ങിയവർക്ക്. റിയൽ എസ്റ്റേറ്റ് മുതലാളി കൈകഴുകി രക്ഷപെടും. റിയൽ എസ്റ്റേറ്റ് നിർമ്മാതാക്കും ചില ബാങ്കുകളും ചേർന്ന് നടത്തുന്ന ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്.