വിചാരണ കൂടാതെ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ നടപടികൾ റദ്ദാക്കരുത്; കോടതികൾക്ക് സുപ്രീം കോടതി നിർദ്ദേശം

- Advertisement -spot_img

ന്യൂഡൽഹി > സാമ്പത്തിക കുറ്റകൃത്യങ്ങളിലെ നടപടികൾ വിചാരണ കൂടാതെ പ്രാഥമിക ഘട്ടത്തിൽ കോടതികൾ റദ്ദാക്കരുതെന്ന്  സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഗുജറാത്ത് കേഡർ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമ്മയുടെ ഹർജി  തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ശർമ്മയുടെ ഹർജി തള്ളിക്കളഞ്ഞ സുപ്രീം കോടതി, അഴിമതി കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അന്വേഷണ ഏജൻസികൾ പ്രാഥമിക അന്വേഷണം നടത്തേണ്ടത് നിർബന്ധമല്ലെന്നും, കുറ്റം ആരോപിക്കപ്പെട്ട സമയത്ത് പിഎംഎൽഎ വകുപ്പ് ഇല്ലാതിരുന്നതിനാൽ തനിക്കെതിരെ അത് പ്രയോഗിക്കാൻ കഴിയില്ലെന്നുമുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ്റെ വാദത്തെ അംഗീകരിച്ചില്ല. കള്ളപ്പണം ഒരു തുടർച്ചയായ പ്രവർത്തനമാണെന്നു നിരീക്ഷിച്ച ജസ്റ്റിസ് വിക്രം നാഥും പി ബി വരാലെയും അടങ്ങിയ ബെഞ്ച് അദ്ദേഹത്തിന്റെ ഹർജി തള്ളി.

പിഎംഎൽഎ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തുടർച്ചയായ സ്വഭാവമുള്ളതാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്, കള്ളപ്പണം വെളുപ്പിക്കൽ ഒറ്റ സംഭവത്തിൽ മാത്രം അവസാനിക്കുന്നില്ല. മറിച്ച് കുറ്റകൃത്യത്തിന്റെ വരുമാനം മറച്ചുവെക്കുകയോ ഉപയോഗിക്കുകയോ നിയമപരമായ സ്വത്തായി പ്രദർശിപ്പിക്കുകയോ ചെയ്യുന്നിടത്തോളം കാലം അത് നീണ്ടുനിൽക്കും. പിഎംഎൽഎ നിയമനിർമ്മാണ ഉദ്ദേശ്യം കള്ളപ്പണത്തിന്റെ ഭീഷണിയെ ചെറുക്കുക എന്നതാണ്. അതിന്റെ സ്വഭാവമനുസരിച്ച് കാലക്രമേണ വ്യാപിക്കുന്ന ഇടപാടുകളും ഇതിൽ ഉൾപ്പെടും. അതിനാൽ, കുറ്റകൃത്യം തുടരുന്നില്ലെന്ന വാദം നിയമത്തിലോ വസ്തുതകളിലോ നിലനിൽക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കുറ്റകൃത്യത്തിന്റെ പ്രാരംഭ ഘട്ടത്തിനപ്പുറം, കുറ്റകൃത്യവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ശർമ്മയ്ക്ക് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കാൻ ഇഡിക്ക് കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. അദ്ദേഹത്തിനെതിരെ ആരംഭിച്ച നടപടികൾ നിയമ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടാണെന്നും കോടതി വ്യക്തമാക്കി.

പണമിടപാട് തടയുകയും കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം കണ്ടുകെട്ടുകയും ചെയ്യുക, അതുവഴി  അനധികൃത ഫണ്ടുകൾ രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് പിഎംഎൽഎ നടപ്പിലാക്കിയത്. വ്യക്തിപരമായ അഴിമതിയുടെ കാര്യത്തിൽ മാത്രമല്ല, പൊതു ഖജനാവിന് കാര്യമായ നഷ്ടം വരുത്തുന്നതും കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ നഷ്ടത്തിന് കാരണമാകുന്നു, നിയമപരമായ സാമ്പത്തിക ഇടപാടുകളെ തടസ്സപ്പെടുത്തുന്നു, വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസത്തെ ഇല്ലാതാക്കുന്നു. നിലവിലെ കേസിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾക്ക് സമ്പദ്‌വ്യവസ്ഥയിൽ നേരിട്ട് സ്വാധീനമുണ്ട്. അധികാര സ്ഥാനങ്ങളിലുള്ള വ്യക്തികൾ അത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ, ഭരണത്തിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുകയും ധനകാര്യ സ്ഥാപനങ്ങൾക്കുള്ളിലെ വ്യവസ്ഥാപരമായ പരാധീനതകളിലേക്ക് നയിക്കുകയും ചെയ്യുമെന്നും കോടതി പറഞ്ഞു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളിൽ, പ്രാഥമിക ഘട്ടത്തിൽ തന്നെ ജുഡീഷ്യൽ ഇടപെടൽ ജാഗ്രതയോടെ നടത്തണമെന്നും, നിയമപരമായ കാരണങ്ങളുടെ അഭാവത്തിൽ നടപടികൾ റദ്ദാക്കരുതെന്നും കോടതി പറഞ്ഞു, വിചാരണ വേളയിൽ അദ്ദേഹം (ശർമ്മ) സമഗ്രമായ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയനാകേണ്ടത് അത്യാവശ്യമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. കുറ്റകൃത്യത്തിന്റെ പൂർണ്ണ വ്യാപ്തി പുറത്തുകൊണ്ടുവരുന്നതിനും, അപ്പീൽക്കാരൻ ഹാജരാക്കിയ തെളിവുകൾ വിലയിരുത്തുന്നതിനും,  ഇടപാടുകളുടെ പൂർണ്ണ ശൃംഖല കണ്ടെത്തി വിശകലനം ചെയ്യുന്നതിനും, ഗുരുതരമായ ആരോപണങ്ങളുടെ സത്യാവസ്ഥയും കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ തുകയും കണ്ടെത്തുന്നതിനും ശരിയായ വിചാരണ ആവശ്യമാണ്. കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്ന പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നിർണായക സംവിധാനമായി PMLA പ്രകാരമുള്ള നിയമ ചട്ടക്കൂട് പ്രവർത്തിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img