അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി - Kerala Times    

അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ട്; കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കി ഹൈക്കോടതി

March 3, 2026
IMG 20260303 074938

കൊച്ചി> അന്തസ്സും ആത്മാഭിമാനവും വ്യക്തിത്വവും സ്ത്രീക്ക് മാത്രമല്ല പുരുഷനും ഉണ്ടെന്ന് ഹൈക്കോടതി. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പരാമിര്‍ശിച്ചത്. തൃശ്ശൂര്‍ സ്വദേശിയായ യുവതിയും രണ്ടാം ഭര്‍ത്താവുമായിരുന്നു ഹര്‍ജിക്കാര്‍. വിവാഹബന്ധം നിലനില്‍ക്കെ യുവതിക്ക് കാമുകനില്‍ പിറന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പിതാവിന്റെ പേരുമാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.

ആദ്യ വിവാഹബന്ധം നിലനില്‍ക്കെ 2017ലാണ് യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നത്. അതുകൊണ്ട് തന്നെ ജനനസര്‍ട്ടിഫിക്കറ്റില്‍ ആദ്യ ഭര്‍ത്താവിന്റെ പേരായിരുന്നു പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയത്. ആറുവര്‍ഷത്തോളം കുട്ടിയുടെ പിതാവ് താനാണെന്നാണ് ആദ്യഭര്‍ത്താവും കരുതിയിരുന്നത്. എന്നാല്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2023-ല്‍ ഉഭയസമ്മതപ്രകാരം ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് യുവതി കാമുകനെ വിവാഹം കഴിച്ചു ജീവിതം തുടങ്ങി.

പിന്നീട് ആദ്യഭര്‍ത്താവിനെ അറിയിക്കാതെ കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലെ പേരുവെട്ടി രണ്ടാം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നാമതൊരാള്‍ കൂടു ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ആദ്യഭര്‍ത്താവിനെയും കക്ഷിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. ആറുവര്‍ഷത്തോളം തന്റെ കുട്ടിയാണെന്നു കരുതിയ കുഞ്ഞിന്റെ അച്ഛന്‍ താനല്ലെന്ന് അറിഞ്ഞത് വേദനിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ഭാവിയെ കരുതി ജനനസര്‍ട്ടിഫിക്കറ്റില്‍നിന്ന് പേരുമാറ്റാന്‍ എതിര്‍പ്പില്ലെന്ന് ആദ്യഭര്‍ത്താവും അറിയിച്ചു.

മാന്യമായ ഈ സമീപനവും കുട്ടിയുടെ ഭാവിയും കരുതിയാണ് പേരില്‍ മാറ്റംവരുത്താന്‍ അനുമതിനല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ‘ദാമ്പത്യവിശ്വാസ്യതയ്ക്ക് വലിയ സാമൂഹികമൂല്യമുണ്ടെന്നും, ഹര്‍ജിയില്‍ പറയുന്നതുപോലുള്ള സാഹചര്യം പുരുഷന്റെ പൗരുഷത്വത്തെയും അന്തസ്സിനെയും പരിഹസിക്കുന്നതാണെന്നും’ കോടതി പറഞ്ഞു. ജനനസര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റാന്‍ ഡി.എന്‍.എ. പരിശോധന അടക്കമുള്ള നടപടികള്‍ ആവശ്യമാണ്. അതല്ലെങ്കില്‍ കോടതിയുടെ ഉത്തരവ് വേണം.



Latest from Blog

error: Content is protected !!