ഹരിപ്പാട്> ‘അഞ്ചുലക്ഷം രൂപയുടെ ഫർണിച്ചർ. നാലുമാസത്തെ പഴക്കംമാത്രം. 95,000 രൂപകൊടുത്താൽ വീട്ടിലെത്തിക്കും. അതും സിആർപിഎഫിന്റെ വണ്ടിയിൽ’, ചിത്രങ്ങൾ സഹിതം സൈബറിടത്തിൽ കറങ്ങിനടക്കുന്ന തട്ടിപ്പിന്റെ പുതിയ ചൂണ്ടയാണിത്. കൊത്തിയാൽ പണം പോയതുതന്നെ. സ്ഥലംമാറ്റം പെട്ടന്നായതിനാൽ വീട്ടിലെ ഫർണിച്ചർ വിറ്റുപോകുകയാണെന്നാണു പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെപ്പേർക്ക് ഫെയ്സ്ബുക്കിലൂടെ ഈ സന്ദേശം കിട്ടി. ഏതെങ്കിലും പ്രമുഖന്റെ പേരിലാകും സന്ദേശം.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഹരിപ്പാട്ടെ അഭിഭാഷകൻ ശിവപ്രസാദിനും സന്ദേശം കിട്ടി. എംപിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് സുഖവിവരം അന്വേഷിച്ചുള്ള സന്ദേശമാണ് ശിവപ്രസാദിന് ആദ്യം വന്നത്. പിന്നാലെ ഫോൺനമ്പർ ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രവർത്തകനായ ശിവപ്രസാദ്, കെ.സി. വേണുഗോപാലിന്റെ സന്ദേശമാണെന്നു വിശ്വസിച്ച് നമ്പർ നൽകി. സിആർപിഎഫ് ഓഫീസറായ തന്റെ സുഹൃത്ത് സുമിത് കുമാറിന്റെ ഫർണിച്ചർ വിൽക്കാനുണ്ടെന്നും അയാൾ ബന്ധപ്പെടുമെന്നും പിന്നാലെ അറിയിച്ചു.
തുടർന്നുള്ള സന്ദേശങ്ങൾ വാട്സാപ്പിലൂടെയായിരുന്നു. കട്ടിലും തീൻമേശയും സെറ്റിയും അലമാരയും ഉൾപ്പെടെ മുന്തിയഫർണിച്ചറിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്തു. ടിവി, റഫ്രിജറേറ്റർ, കുട്ടികളുടെ സൈക്കിൾ തുടങ്ങിയവയുമുണ്ടായിരുന്നു. അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സാധനങ്ങളുടെ ചിത്രങ്ങൾ. ആവശ്യപ്പെട്ടത് 95,000 രൂപയും. അഡ്വാൻസ് കൊടുത്താൽ കച്ചവടം ഉറപ്പാക്കാമെന്നായിരുന്നു വാഗ്ദാനം. സംശയംതോന്നിയ ശിവപ്രസാദ്, എം.പി.യുടെ ഓഫീസിലേക്കു വിളിച്ചതോടെയാണ് തട്ടിപ്പു മനസ്സിലായത്.
ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിലും സമാനരീതിയിൽ തട്ടിപ്പിന് ശ്രമം നടന്നിട്ടുണ്ട്. ശിവപ്രസാദ് പോലീസിൽ പരാതി നൽകി. ഇദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സൈബർ വിഭാഗം അന്വേഷണം തുടങ്ങി. വാട്സാപ്പ് സന്ദേശമയച്ച ഫോൺനമ്പരിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ 8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.