വീണ്ടും കോടികളുടെ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ്; നിക്ഷേപകരുടെ പരാതി പ്രവാഹം; എംഡിയും ചെയർമാനും ഒളിവില്ലെന്ന് സൂചന

- Advertisement -spot_img

തൃശ്ശൂർ> സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രമുഖ മൾട്ടി സ്റ്റേറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്നിരിക്കുന്നത് വൻ തട്ടിപ്പെന്ന് സൂചന. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്തതായാണ് വിവരം. കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കൊയമ്പത്തൂർ ആസ്ഥാനമായുള്ള വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി( Viswadeepthi Multi State Agri Co-Operative Society) ക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുടയിൽ മാത്രം നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത്  ഫിക്സഡ് ഡിപ്പോസിറ്റ് രൂപത്തിലാണ് പലരിൽ നിന്നും ഇവർ നിക്ഷേപങ്ങൾ സ്വീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്ന് ഫിക്സഡ് ഡെപ്പോസിറ്റുകൾ സ്വീകരിക്കാൻ പാടില്ലെന്ന നിബന്ധനകൾ മറച്ചുവച്ചാണ് സൊസൈറ്റി തങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചതെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. സൊസൈറ്റി മുതലും പലിശയും തിരികെ നൽകാതായതോടെ തങ്ങൾ പെരുവഴിയിലായെന്നാണ് നിക്ഷേപകർ പറയുന്നത്. ഓരോ ദിവസവും കൂടുതൽ പേർ പരാതിയുമായി മുന്നോട്ടു വരുന്നുണ്ടെന്നാണ് വിവരം. പോലീസ് കേസെടുത്തതോടെ വിശ്വദീപ്തി സൊസൈറ്റി മാനേജിംഗ് ഡയറക്ടർ ശക്തി പ്രകാശും ചെയർമാൻ രജീഷും ഒളിവിൽ പോയെന്നും ആരോപണമുണ്ട്. ഇരിങ്ങാലക്കുട ബ്രാഞ്ച് മാനേജർ ജീവലതയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻ്റിലാണ്.

ചില NBFC കൾക്കും നിധി കമ്പനികൾക്കും പിന്നാലെ മൾട്ടി സ്റ്റേറ്റ് സൊസൈറ്റികൾ കേന്ദ്രീകരിക്കും വമ്പൻ തട്ടിപ്പുകളാണ് കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന തട്ടിപ്പു കേന്ദ്രങ്ങളായി ഇത്തരം സ്ഥാപനങ്ങൾ മാറിക്കഴിഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപങ്ങൾ ഉണ്ടെങ്കിലും ഇവർക്കുകൂടി അപവാദമായി മാറുകയാണ് പല തട്ടിപ്പ് സ്ഥാപനങ്ങളും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളുടെ ചരിത്രം പരിശോധിച്ചാൽ കേരളത്തിന് പുറത്താണ് ഒട്ടുമിക്ക സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ പലതിൻ്റെയും പിന്നിൽ വലിയ ദുരൂഹതയുണ്ട്. നിക്ഷേപകർ സ്ഥാപനമറിഞ്ഞ് പണമിറക്കിയില്ലെങ്കിൽ ഒടുവിൽ ദു:ഖിക്കേണ്ട അവസ്ഥയുണ്ടാകും.  നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകർ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തി മാത്രമെ പണം നിക്ഷേപിക്കാവൂ…

തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങളും വാർത്തകളും  8848801594 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജായോ, [email protected] എന്ന ഇമെയിലിലേക്കോ അയക്കാം. ഇൻഫോർമറെ സംബന്ധിച്ച വിവരങ്ങൾ അതീവ രഹസ്യമായിരിക്കും.

CLICK TO JOINspot_img

RELATED ARTICLES

FINANCE & SCAMS

Latest news

- Advertisement -spot_img