ഇന്ത്യയുടെ ചരക്കുകപ്പൽ വിലക്കിൽ വെട്ടിലായി പാകിസ്താൻ; ചരക്കുനീക്കം വൈകുന്നു, നിരക്ക് കുത്തനെ കൂടി...... - Kerala Times    

ഇന്ത്യയുടെ ചരക്കുകപ്പൽ വിലക്കിൽ വെട്ടിലായി പാകിസ്താൻ; ചരക്കുനീക്കം വൈകുന്നു, നിരക്ക് കുത്തനെ കൂടി……

June 30, 2025
India Pakistan Cargo Shipping

ഇസ്‌ലാമാബാദ്: പാകിസ്താനിലേക്കുള്ള ചരക്കുകപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കടത്തുകൂലിയും ചരക്കെത്താനുള്ള സമയവും കൂട്ടിയെന്ന് പാക് ദിനപത്രമായ ‘ഡോൺ’ റിപ്പോർട്ടുചെയ്തു. ‌ഇന്ത്യൻനടപടികാരണം മദർഷിപ്പുകൾ പാകിസ്താനിലേക്കെത്തുന്നില്ല. അതിനാൽ ചരക്കെത്താൻ 30-50 ദിവസം വൈകുന്നെന്ന് കറാച്ചി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ജാവേദ് ബിൽവാനി പറഞ്ഞു. ഇറക്കുമതിക്ക് ഫീഡർ കപ്പലുകളെ ആശ്രയിക്കേണ്ടിവരുന്നതാണ് നിരക്കുയരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് തുക ഉയർന്നതൊഴിച്ചാൽ കയറ്റുമതിയെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുപറയുന്നു.

ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് പാക് ചരക്കുകപ്പലുകൾ ഇന്ത്യ വിലക്കിയത്. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയമാണ് പാകിസ്താന്‍ കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958-ലെ സെക്ഷന്‍ 411 പ്രകാരമാണ് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.

പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് നിരോധനം. പാകിസ്താനില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. പാകിസ്താനുമായുള്ള തപാൽ ഇടപാടുകളും ഇന്ത്യ നിർത്തിവെച്ചിരുന്നു. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള പാകിസ്താനിൽനിന്നുള്ള കത്തുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം നിർത്തിവെക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്.

Latest from Blog

error: Content is protected !!