ബലൂചിസ്താനിൽ പാക് സൈന്യത്തെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് പാക് സൈനിക മേധാവി ജനറൽ അസിം മുനിർ. പാക് സൈനിക ഇന്റലിജൻസിന്റെ ഭാഗമായ ഡെത്ത് സ്ക്വാഡിൽ പെട്ട മൂന്നുപേർ ബലൂചിസ്താനിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്തം ബലോച് ലിറേഷൻ ആർമി ( ബിഎൽഎ) ഏറ്റെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി, പാകിസ്താനെതിരെ ഇന്ത്യ നിഴൽയുദ്ധം ശക്തിപ്പെടുത്തുകയാണെന്ന് അസിം മുനിർ ആരോപിച്ചു. പാകിസ്താനുമായി നടന്ന യുദ്ധത്തിൽ ( ഓപ്പറേഷൻ സിന്ദൂർ) ഇന്ത്യയ്ക്ക് തിരിച്ചടികിട്ടിയതിനെ തുടർന്നാണ് ബലൂചിസ്താനിൽ ഇന്ത്യ നിഴൽയുദ്ധം ശക്തിപ്പെടുത്തിയതെന്നാണ് അസിം മുനിർ പറയുന്നത്. ബലൂചിസ്താനിൽ നടത്തിയ സൈനിക പരിശീലന ക്യാമ്പിൽ സംസാരിക്കവേയാണ് സൈനികമേധാവി ഇന്ത്യയ്ക്കെതിരെ വിമർശനങ്ങളുന്നയിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബലൂചിസ്താന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള വിഘടനവാദം ശക്തിപ്പെട്ടിരുന്നു.ഒട്ടേറെ പാക് സൈനികരെ ബിഎൽഎ കൊലപ്പെടുത്തിയിരുന്നു. പാക് സൈന്യത്തെ ലക്ഷ്യമിട്ട് ഏകോപിത ആക്രമണങ്ങളും നടക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) ആണ്. ബലൂചിസ്താനികളുടെ ദേശസ്നേഹത്തെ വിലകുറച്ച് കാണിക്കാനുള്ള പരാജയപ്പെട്ട നിഴൽയുദ്ധമാണ് ഇന്ത്യ നടത്തുന്നതെന്ന് അസിം മുനിർ പറയുന്നു. കാലങ്ങളായി നടക്കുന്ന ബലൂചിസ്താനിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ഇന്ത്യയുടെ ഇടപെടലുണ്ടെന്ന് പാകിസ്താൻ ആരോപിക്കുന്നത് തുടരുകയാണ്. മാർച്ചിൽ നടന്ന ജാഫർ എക്സ്പ്രസ് ട്രെയിൻ ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ചാരസംഘടനയായ റോയ്ക്ക് പങ്കുണ്ടെന്ന് പാകിസ്താൻ നേരത്തെ ആരോപിച്ചിരുന്നു. ബലോചിസ്താനിലെ വിഘടനവാദികളെ ഇന്ത്യയുടെ പിണിയാളുകളെന്നാണ് അസിം മുനിർ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ മേയിൽ മാത്രം 51 സ്ഥലങ്ങളിലായി 71 ആക്രമണങ്ങളാണ് പാക് സൈന്യത്തെ ലക്ഷ്യമിട്ട് ബിഎൽഎ നടത്തിയത്. മെയ് എട്ടിന് മാത്രം നടത്തിയ ആക്രമണങ്ങളിൽ 14 പാക് സൈനികരാണ് കൊല്ലപ്പെട്ടത്. ജൂലൈ 23ന് പാക് സൈന്യത്തിനായുള്ള സാധനങ്ങളുമായി പോയ ചരക്ക് വാഹനം ബിഎൽഎ സായുധ സംഘം പിടിച്ചെടുക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സംഘർഷങ്ങൾ നിയന്ത്രിക്കാൻ പാക് സൈന്യത്തിന് സാധിക്കാതെ വരുന്നുവെന്നാണ് വിലയിരുത്തലുകൾ. ഒരേസമയം ബലൂചിസ്താനിലും ഖൈബർ പക്തൂൺഖ്വയിലും ഭീകരവാദ- വിഘടനവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുകയാണ്. തെഹ്രികെ താലിബാൻ എന്ന പാക് താലിബാനാണ് പഷ്തൂണുകൾക്ക് മേധാവിത്വമുള്ള ഖൈബർ പക്തൂൺഖ്വയിൽ ആക്രമണം നടത്തുന്നത്.
നേരത്തെ പാകിസ്താനിലെ സംഘർഷ ഭരിതമായ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ വസീറിസ്താനിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്താൻ ആരോപിച്ചിരുന്നു. പാകിസ്താനിലുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്കെല്ലാം പിന്നിൽ ഇന്ത്യയാണെന്ന വാദമാണ് അവർ ആദ്യമേ ഉയർത്തുന്നത്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന പ്രതിച്ഛായയിൽനിന്ന് രക്ഷപ്പെടാനാണ് പാകിസ്താൻ ഈ സമീപനം സ്വീകരിക്കുന്നത്.
