പ്രതിരോധരംഗത്ത് ആളില്ലാ വാഹനങ്ങളുടെ പ്രാധാന്യം ശക്തി പ്രാപിച്ച് വരികയാണ്. ആകാശത്തും കരയിലും കടലിലും ആളില്ലാ വാഹനങ്ങളെ പരമാവധി വിനിയോഗിക്കാനുള്ള ശ്രമങ്ങൾ ശാക്തിക രാജ്യങ്ങൾ നടത്തുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യയും സ്വന്തമായൊരിടം സ്ഥാപിച്ചുകഴിഞ്ഞു. ആളില്ലാ യുദ്ധവിമാനങ്ങൾ, ആളില്ലാ റോബോട്ടിക് ലാൻഡ് വെഹിക്കിളുകൾ, ആളില്ലാ ആക്രമണ ബോട്ടുകൾ, ആളില്ലാ അന്തർവാഹിനികൾ എന്നിവയുടെ വികസനവും ഗവേഷണവും പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോവുകയാണ്.
ഇതിന്റെ ഭാഗമായി നാവികസേനയ്ക്ക് വേണ്ടി രഹസ്യനിരീക്ഷണം, വിവരശേഖരണം, അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കൽ, കടലിൽ യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും തകർക്കാൻ മൈനുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായി ആളില്ലാ അന്തർവാഹിനികൾ വികസിപ്പിക്കാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. 2500 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. എക്സ്ട്രാ ലാർജ് അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ ( XLUUV) എന്ന പേരിൽ 100 ടൺ ഭാരമുള്ള ആളില്ലാ അന്തർവാഹിനിയാണ് വികസിപ്പിക്കുന്നത്.
സൈനികർക്ക് ജീവഹാനിയുണ്ടാകാതെയും എന്നാൽ, പരമാവധി സമുദ്രാതിർത്തിയിലും അതിനപ്പുറത്തും പ്രവർത്തിക്കുന്നതിന് വേണ്ടിയാണ് ഇവയെ വികസിപ്പിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ഡോ പസഫിക് മേഖലയിലും ഇന്ത്യയുടെ താത്പര്യങ്ങൾ വർധിച്ചുവരികയാണ്. ഇതിനുതകുന്ന തരത്തിൽ നാവികശേഷി വർധിപ്പിക്കുകയാണ് ഇന്ത്യ. എന്നാൽ, വെറും 100 ടൺ ഭാരമുള്ള ആളില്ലാ അന്തർവാഹിനിയിലൊതുങ്ങാൻ നാവികസേന താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
ആളില്ലാ നാവികയാനങ്ങളുടെ കാര്യത്തിൽ നാവിസേനയ്ക്ക് വ്യക്തമായ ചില പദ്ധതികളുണ്ട്. ഇതിലൊന്നാണ് 500 ടൺ ഭാരമുള്ള ഭീമൻ അന്തർവാഹിനി. നിലവിൽ വികസിപ്പിക്കാനൊരുങ്ങുന്ന 100 ടൺ ഭാരമുള്ള അന്തർവാഹിനി പ്രധാനമായും ഉദ്ദേശിക്കുന്നത് സൈനിക ദൗത്യങ്ങൾക്കായുള്ള വിവരശേഖരണമാണ്. ഇതിനൊപ്പം ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾക്ക് സഹായകമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ ദൗത്യങ്ങൾ. പ്രതിരോധത്തിന് പകരം കടന്നാക്രമണത്തിന് ഉതകുന്ന തരത്തിലാണ് 500 ടൺ ഭാരമുള്ള ആളില്ലാ അന്തർവാഹിനി വികസിപ്പിക്കാനൊരുങ്ങുന്നത്. കടലിൽ ശത്രുവിനെ വേട്ടയാടി കൊല്ലാനുള്ള ശക്തമായ ആയുധങ്ങളും സാങ്കേതികവിദ്യകളുമൊക്കെയാകും ഇതിലുൾപ്പെടുത്തുക.
പ്രാഥമിക രൂപകൽപ്പന പ്രകാരം കപ്പലുകളെയും അന്തർവാഹിനികളെയും തകർക്കാനായി ഭാരംകുറ ടോർപ്പിഡോകൾ, ഭാരം കൂടിയ ടോർപ്പിഡോകൾ എന്നിവ വഹിക്കാനുള്ള ശേഷിയുണ്ടാകും. സൈനികരെയും വഹിക്കുന്ന അന്തർവാഹിനികൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഒറ്റയ്ക്ക് ശത്രുവിനെ വേട്ടയാടുകയോ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങൾ ഇതിനായി വികസിപ്പിക്കും. ഈ ഭീമൻ ആളില്ലാ അന്തർവാഹിനി ശത്രുവിന്റെ സോണാർ നിരീക്ഷണങ്ങളെ കബളിപ്പിക്കാൻ സഹായിക്കുന്ന സ്റ്റെൽത്ത് സവിശേഷതകൾ ഉൾക്കൊള്ളിച്ച് കൂടുതൽ ദൂരത്തിൽ സഞ്ചരിക്കാൻ സാധിക്കണമെന്നാണ് നിലവിലെ ഉദ്ദേശം. നിർമിത ബുദ്ധിയുടെ സഹായത്തോടെയാകും ഇവ പ്രവർത്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക.
നിരവധി പ്രതിരോധ സംവിധാനങ്ങൾ നിലനിൽക്കുന്ന ശത്രുവിന്റെ സമുദ്രമേഖലയിൽ കടന്നുകയറി ആക്രമണം നടത്തുന്നതിന് ഇത്തരം അന്തർവാഹിനികൾ നാവികസേനയെ സഹായിക്കും. ഇതിലൂടെ പരമാവധി സൈനികരെ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും എതിരാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് അവർക്ക്മേൽ ആധിപത്യം നേടാനും സാധിക്കും. ഇതിനൊപ്പം 20 ടൺ മാത്രം ഭാരമുള്ള ചെറിയ അന്തർവാഹിനികളും വികസിപ്പിക്കാനൊരുങ്ങുന്നുണ്ട്. ഇവ ജലോപരിതലത്തോട് ചേർന്നാകും സഞ്ചരിക്കുക. തന്ത്രപ്രധാനമായ മേഖലകളിലാകും ഇവ വിന്യസിക്കുക. എതിരാളികളുടെ നീക്കങ്ങൾ, അവരുടെ തുറമുഖങ്ങൾ എന്നിവ നിരീക്ഷിക്കുക, സൗഹൃദരാജ്യങ്ങളുടെയും സ്വന്തം രാജ്യത്തിന്റെയും നാവികയാനങ്ങളെ സംരക്ഷിക്കുക, തീരസുരക്ഷയ്ക്ക് പിന്തുണയേകുക തുടങ്ങിയവയാകും ഇത്തരം ചെറുഅന്തർവാഹിനികളുടെ ദൗത്യങ്ങൾ.
ഇങ്ങനെ 20 ടൺ, 100 ടൺ, 500 ടൺ അന്തർവാഹിനികൾ പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ സമഗ്രമായ ആളില്ലാ അന്തർവാഹിനി സംവിധാനം സ്ഥാപിക്കപ്പെടും. യുദ്ധംപോലെയുള്ള സാഹചര്യങ്ങളിൽ നാവികസേനയുടെ ശേഷിയും പ്രഹരശേഷിയും പതിന്മടങ്ങ് വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല യുദ്ധംമൂലം വിലയേറിയ നാവിക ആസ്തികളും സൈനികരും നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും. നിലവിൽ ലോകത്ത് ആളില്ലാ അന്തർവാഹിനി ഗവേഷണത്തിൽ മുന്നിൽ നിൽക്കുന്നത് യു.എസ്, ചൈന, യുകെ എന്നീ രാജ്യങ്ങളാണ്. ഈ ഗണത്തിലേക്കാണ് ഇന്ത്യയും എത്താൻ പോകുന്നത്. ഭാവിയുദ്ധങ്ങൾ മുൻകൂട്ടി കണ്ട് ഇന്ത്യയും ആയുധപ്പുരകൾ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
