പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ വലിയ തോതിലുള്ള പ്രകൃതി വിഭവങ്ങൾ വീണ്ടും ആഗോള ശ്രദ്ധ നേടുകയാണ്. പാകിസ്ഥാന് അവകാശപ്പെടുന്നത് പോലുള്ള പ്രകൃതി സമ്പത്തുകള്‍ മേഖലയില്‍ നിന്നും ലഭ്യമാകുകയാണെങ്കില്‍ അത് രാജ്യത്തിന്റെ സാമ്പത്തി മുന്നേറ്റത്തില്‍ നിർണ്ണായകമാകും. എന്നാല്‍ ഖനന പ്രവർത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ പണം സ്വന്തമായ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിദേശ നിക്ഷേപത്തേയാണ് പ്രധാനമായും ആശ്രയമിക്കുന്നത്. റെക്കോ ഡിക് ചെമ്പ്-സ്വർണ ഖനന പദ്ധതിക്കായി ബാരിക്ക് മൈനിംഗ് കമ്പനി 3.5 ബില്യൺ ഡോളറിന്റെ ധനസഹായം ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തേടുന്നുണ്ട്. നേരത്തെ സൗദി അറേബ്യ ഈ പദ്ധതിക്ക് വലിയ തോതില്‍ നിക്ഷേപം നടത്തുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവില്‍ അവർ ഈ നീക്കത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഇതേ തുടർന്നാണ് ബാരിക്ക് മൈനിംഗ് കമ്പനി യുഎസ്, കാനഡ, ജപ്പാൻ, ജർമനി തുടങ്ങിയ ജി7 രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വികസിതമാകാത്ത ചെമ്പ്-സ്വർണ നിക്ഷേപങ്ങളിൽ ഒന്നാണ് ബലൂച് മേഖലയില്‍ സ്ഥിതി ചെയ്യുന്ന റെക്കോ ഡിക് ഖനന അറിയപ്പെടുന്നത്. ഈ ഖനി 2028-ഓടെ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ബാരിക്ക് ഗോൾഡ് കോർപ്പറേഷൻ, പാകിസ്ഥാൻ ഫെഡറൽ ഗവൺമെന്റ്, ബലൂചിസ്ഥാൻ പ്രവിശ്യാ ഗവൺമെന്റ് എന്നിവർ ചേർന്നാണ് നിലവില്‍ ഈ പദ്ധതിയുടെ ഉടമസ്ഥത വഹിക്കുന്നത്. ബാരിക്ക് മൈനിംഗിന്റെ സിഇഒ മാർക്ക് ബ്രിസ്റ്റോ ഓഗസ്റ്റ് 11-ന് പ്രഖ്യാപിച്ചതനുസരിച്ച്, ജി7 രാജ്യങ്ങളിൽ നിന്നുള്ള “ഫിനാൻസിംഗ് പാക്കേജ്” തയ്യാറാക്കുകയാണ്. യുഎസ് എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക്, യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ, വേൾഡ് ബാങ്കിന്റെ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോഓപ്പറേഷൻ, എക്സ്പോർട്ട് ഡെവലപ്മെന്റ് കാനഡ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമാണ് പാകിസ്ഥാന് ധനസഹായം പ്രഖ്യാപിക്കുന്നത്. ഈ സ്ഥാപനങ്ങൾ പാകിസ്ഥാനിലെ ഖനന പദ്ധതിയിൽ ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബ്രിസ്റ്റോ പറഞ്ഞു.
നിലവില്‍ റെക്കോ ഡിക്ക് പദ്ധതിയുടെ മൊത്തം ഓഹരി പങ്കാളിത്തത്തിൽ, 25 ശതമാനം ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാരിനാണ്. 50 ശതമാനം പദ്ധതിയുടെ നടത്തിപ്പുകാരായ ബാരിക്ക് ഗോൾഡ് കോർപ്പറേഷനും കൈവശം വെച്ചിരിക്കുന്നു. ഖനിക്ക് 37 വർഷത്തെ ഖനന ആയുസ്സുണ്ടെന്നും 13.1 ദശലക്ഷം ടൺ ചെമ്പും 17.9 ദശലക്ഷം ഔൺസ് സ്വർണ്ണവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക, ആദ്യ ഘട്ടത്തിൽ 5.6 ബില്യൺ ഡോളറിന്റെ മൂലധന വിഹിതം കണക്കാക്കും. രണ്ടാം ഘട്ടത്തിന് ധനസഹായം നൽകുന്നതിനായി, പദ്ധതിയിൽ നിന്നുള്ള വരുമാനം, അധിക പദ്ധതി ധനസഹായം, ആവശ്യമെങ്കിൽ ഓഹരി ഉടമകളുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുത്താനാണ് പാകിസ്ഥാന് ലക്ഷ്യമിടുന്നത്. അതേസമയം, സമീപകാലത്തായി പാകിസ്ഥാന് അമേരിക്കയുമായി കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ-യുഎസ് ബന്ധം വഷളാകുന്നതിനിടെയാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കുന്നതില്‍ ട്രംപ് പങ്കുവഹിച്ചില്ലെന്ന നിലപാടാണ് ഇന്ത്യ ആവർത്തിക്കുന്നത്. എന്നാല്‍ പാകിസ്ഥാന് ആകട്ടെ അമേരിക്കന്‍ ഇടപെടലുണ്ടായെന്ന ട്രംപിന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു.
പാകിസ്ഥാന്റെ അഭിനന്ദനത്തിൽ ആകൃഷ്ടനായ ട്രംപ് ഭരണകൂടം, അടുത്തിടെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യെയും മജീദ് ബ്രിഗേഡിനെയും ‘വിദേശ ഭീകര സംഘടന’യായി പ്രഖ്യാപിച്ചു. അതോടൊപ്പമാണ് ബലൂച് സ്വാതന്ത്ര്യ സമരസേനാനികളെ ‘ഭീകരവാദികൾ’ എന്നും ട്രംപ് വിശേഷിപ്പിക്കുന്നത്. അടുത്തിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാനിലെ വൻ എണ്ണ നിക്ഷേപങ്ങൾ സംയുക്തമായി വികസിപ്പിക്കാനുള്ള പുതിയ വ്യാപാര കരാറും പ്രഖ്യാപിച്ചു. ഇന്ത്യൻ ഇറക്കുമതികൾക്ക് 25% തീരുവയും അധിക ശിക്ഷാനടപടികളും ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. ഒരു ദിവസം പാകിസ്ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന വിചിത്ര പ്രഖ്യാപനവും ട്രംപ് നടത്തുകയുണ്ടായി.
