'ഒന്നിനും തെളിവില്ല, പക്ഷെ കോടതിക്ക് ബോധിച്ചില്ല'; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത് - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

‘ഒന്നിനും തെളിവില്ല, പക്ഷെ കോടതിക്ക് ബോധിച്ചില്ല’; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

August 16, 2025
IMG 20250816 182311

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ അതിവിശ്വസ്ഥനായ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്തി ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത് വന്നു. തേക്ക് മുറിച്ചു കടത്തി, ഷാജൻ സ്കറിയയിൽനിന്നും രണ്ടു കോടി രൂപ വാങ്ങി, സ്വർണക്കടത്തു കേസിൽ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറിൽ കോടികണക്കിന് രൂപ മുടക്കി അനിധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദത്തിൽ ക്രമക്കേട് തുടങ്ങി അഞ്ച് പരാതികളാണ് അൻവർ നൽകിയിരുന്നത്.

അൻവർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒന്നിലും ആരോപണ വിധേയനായ എം.ആർ.അജിത് കുമാറിന് പങ്കില്ലെന്ന് വെളിവായിട്ടുണ്ടെന്ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അജിത് കുമാറിന് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷണത്തിൽ വ്യാജമാണെന്ന് വെളിവായതിനാൽ തുടർ നടപടികൾ ആവശ്യമില്ലെന്ന ക്ലീൻ ചിറ്റാണ് വിജിലൻസ് സമർപ്പിച്ചത്. അതേസമയം അൻവറിന്റെ പരാതികളിൽ പ്രധാനപ്പെട്ടതായിരുന്നു അനധികൃത സ്വത്ത് സമ്പാദനം. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് മറ്റൊരാളുടെ പരാതിയിൽ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി സമർപ്പിച്ച ക്ലീൻ ചിറ്റ് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. അന്വേഷണോദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച കോടതി അന്തിമറിപ്പോർട്ടിലെ ‘മുഖ്യമന്ത്രി അംഗീകരിച്ചെ’ന്ന പരാമർശത്തെയും നിശിതമായി വിമർശിക്കുകയുണ്ടായി.

മുഖ്യമന്ത്രി വിജിലൻസിന്റെ തലവനാണെന്നത് ഭരണകാര്യം മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമസംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റവിമുക്തനാക്കുന്നതും. അതിൽ ഭരണത്തലവനോ ഉന്നതരാഷ്ട്രീയക്കാർക്കോ ഒരുതരത്തിലും ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂർണവുമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. മനോജാണ് വിജിലൻസ് അന്വേഷണത്തെ വിമർശിച്ചത്.

ഉന്നത ഉദ്യോഗസ്ഥനെതിരേ എങ്ങനെയാണ് കീഴുദ്യോഗസ്ഥന് കേസ് അന്വേഷിക്കാനാകുകയെന്നും കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥനെ ബോധപൂർവം രക്ഷിക്കാനുള്ള നിയമവിരുദ്ധ നടപടിയാണ് അന്വേഷണ ഉദ്യോഗസ്ഥനിൽനിന്നുണ്ടായത്. കേസിന്റെ പ്രാഥമിക അന്വേഷണം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് നടത്തണമെന്നും കോടതി നിർദേശിച്ചു.

അജിത്കുമാറിന്റെ ഭാര്യാസഹോദരൻ ഉദ്ദേശം 34 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ളാറ്റ് 22 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് അജിത്കുമാറിന് വിറ്റതിൽ ദുരൂഹതയുണ്ടെന്നാണ് കോടതി നിരീക്ഷണം. ആര് പണം നൽകിയിട്ടാണ് ഭാര്യാസഹോദരൻ ഫ്ളാറ്റ് വാങ്ങിയത് എന്നനിലയിൽ അന്വേഷണം ഉണ്ടായില്ല. അജിത്കുമാർ പറഞ്ഞതുമാത്രം വിശ്വസിച്ച് അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. അജിത്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും വരവുചെലവ് കണക്ക് പരിശോധിച്ചില്ലെന്നത് വിജിലൻസ് നിയമത്തിന് എതിരാണ്. കോടതിയിൽ എത്തിയിട്ടുള്ള രേഖകൾ പരിശോധിച്ചാൽ അന്വേഷണത്തിനാവശ്യമായ എല്ലാ തെളിവുകളുമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സമാനമായ പരാതികളിൽ അൻവറിന്റെ ആരോപണങ്ങളും വിജിലൻസിന്റെ വാദങ്ങളും ഇങ്ങനെ…                                    

1- ആരോപണ വിധേയനായ എം.ആർ.അജിത് കുമാർ തേക്ക് മുറിച്ചു കടത്തിക്കൊണ്ടുപോയി എന്നാണ് പി.വി അൻവറിന്റെ ആരോപണം. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മുറിച്ചിട്ട തേക്ക് മരത്തിന്റെ മുന്ന് കഷണങ്ങളും കൃത്യമായി രേഖകളുടെ അടിസ്ഥാനത്തിൽ ലേലത്തിൽ പോയിട്ടുണ്ട് എന്ന് മനസ്സിലായിട്ടുണ്ട്. ആയതിനാൽ മുറിച്ചിട്ട തേക്ക് മരങ്ങൾ അജിത്കുമാർ കടത്തിക്കൊണ്ടുപോയി എന്ന് പി. വി. അൻവർ ഉന്നയിച്ച ആരോപണം തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ വെളിവായിട്ടുളളതാണ്.

2- ഷാജൻ സ്കറിയ നിന്നും രണ്ടുകോടി രൂപ വാങ്ങി എന്നുള്ള ആരോപണത്തിൽ അജിത് കുമാറിനെതിരെ തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പി. വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധാവും ആണെന്ന്’ സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ വെളിവായിട്ടുളളതാണ്.

3- സ്വർണ്ണക്കളളകടത്തു കേസിൽ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നുള്ള ആരോപണത്തിൽ അജിത് കുമാറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഇതുമായി ബന്ധപ്പെട്ട് പി. വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ വെളിവായിട്ടുളളതാണ്.

4- അജിത് കുമാർ കവടിയാറിൽ കോടിക്കണക്കിന് രൂപ മുടക്കി വീടുണ്ടാക്കുന്നു എന്നുള്ള ആരോപണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ നിയമപരമായ രീതിയിൽ കൃത്യമായ ബാങ്ക് രേഖകളോടെ ആണ് വീട് നിർമ്മിക്കുന്നത്. നിയമപരമല്ലാത്ത എന്തെങ്കിലും കാര്യം അവിടെ ചെയ്യുന്നതായി തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ആയതിനാൽ പി. വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ വെളിവായിട്ടുളളതാണ്.

5- ധനസമ്പാദനത്തിൽ ക്രമക്കേടുകൾ നടത്തുന്നു എന്നതിന് അജിത്കുമാറിനെതിരെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഫ്ളാറ്റ് വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തിൽ മനസിലായിട്ടുളളതാണ്. ആയതിനാൽ പി. വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ വെളിവായിട്ടുള്ളതാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss