Sir Creek Dispute - സർ ക്രീക്കിൽ ഇന്ത്യ-പാക് തർക്കത്തിൻ്റെ കാരണമെന്ത്? ഒറ്റനോട്ടത്തിൽ ചതുപ്പുനിലം; പിന്നിൽ കോടികളുടെ എണ്ണയും പ്രകൃതിവാതകവും ഒളിപ്പിച്ച  നിധികുംഭം - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

Sir Creek Dispute – സർ ക്രീക്കിൽ ഇന്ത്യ-പാക് തർക്കത്തിൻ്റെ കാരണമെന്ത്? ഒറ്റനോട്ടത്തിൽ ചതുപ്പുനിലം; പിന്നിൽ കോടികളുടെ എണ്ണയും പ്രകൃതിവാതകവും ഒളിപ്പിച്ച  നിധികുംഭം

October 4, 2025
Sir creek dispute

Sir Creek Dispute India – Pakistan> ഇനിയൊരു നീക്കമുണ്ടായാൽ അത് ചരിത്രവും ഭൂമിശാസ്ത്രവും തന്നെ മാറ്റിമറിക്കാൻ കാരണമാകും. 1965- ൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ എത്തി. കറാച്ചിയിലേക്ക് വഴിയുണ്ടെന്ന് ഈ 2025 ലും പാകിസ്താന് ഓർമ്മ വേണം. ഈ കുറിക്കുകൊള്ളുന്ന മറുപടിയിലേക്ക് നയിച്ചത് പഹൽഗാമിന് ശേഷം ഒളിഞ്ഞും തെളിഞ്ഞും ഇവിടെ പാകിസ്താൻ ശക്തമാക്കിയ പുതിയ സൈനിക നീക്കമാണ്. ഗുജറാത്തിലെ കച്ചിന് സമീപമുള്ള പാകിസ്താൻ അതിർത്തി പ്രദേശമായ സർ ക്രീക്ക്. ചർച്ചകൾക്ക് ഇന്ത്യ വാതിലുകൾ തുറന്നിട്ടിട്ടും പാകിസ്താൻ മുഖം തിരിച്ചു നിന്ന സർ ക്രീക്ക് വിഷയം. ആ സർക്രീക്കിലാണ് അടുത്തിടെയായി പാകിസ്താൻ സേനാവിന്യാസം ശക്തമാക്കുന്നത്. പാകിസ്താന്റെ സമ്മർദ്ദ തന്ത്രങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നു കേൾക്കുന്ന പേരാണ് ഇന്ന് സർ ക്രീക്ക്. എന്താണ് സർക്രീക്കിന് ഇത്ര പ്രാധാന്യം. സർ ക്രീക്ക് എന്ന ഈ ചതുപ്പ് മേഖലക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള സ്ഥാനം എന്താണ്?.

ഒറ്റനോട്ടത്തിൽ, ജനവാസമില്ലാത്ത ഒരു ചതുപ്പുനിലം. പതിറ്റാണ്ടുകളായി ഇന്ത്യയും പാകിസ്താനും ഇടക്കുള്ള സങ്കീർണ്ണമായ തർക്കത്തിൽ വെറും 96 കിലോമീറ്റർ നീളമുള്ള ഈ അഴിമുഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഗുജറാത്തിലെ റാൻ ഓഫ് കച്ചിനും പാകിസ്താനുമിടയിൽ സ്ഥിതി ചെയ്യുന്ന ജനവാസമില്ലാത്ത ചതുപ്പു നിലം, സർ ക്രീക്ക് ഇന്ത്യയുടെയും പാകിസ്താന്റെയും ഔദ്യോഗിക പടിഞ്ഞാറൻ അതിർത്തിയാണ്‌. ഇവിടെ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും വലിയ ശേഖരം ഉണ്ടെന്ന് കരുതപ്പെടുന്നു. ക്രീക്കിന്റെ യഥാർത്ഥ പേര് ‘ബാൻ ഗംഗ’ എന്നായിരുന്നു, പിന്നീട് ഇത് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു.

2019 മുതലാണ് പാകിസ്താൻ ഈ മേഖലയിൽ സൈനിക സാന്നിധ്യം ഗണ്യമായി വർദ്ധിപ്പിച്ചു തുടങ്ങിയത്. പുതിയ ക്രീക്ക് ബറ്റാലിയനുകൾ, തീരദേശ പ്രതിരോധ ബോട്ടുകൾ, മറൈൻ അസ്സോൾട്ട് ക്രാഫ്റ്റുകൾ തുടങ്ങിയവ വിന്യസിച്ചു…. റഡാറുകളും മിസൈലുകളും ഉപയോഗിച്ച് വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ഒപ്പം ഇന്ത്യ അതിർത്തി സുരക്ഷാ സേനയെയും ഇന്ത്യൻ നാവികസേനയെയും ഉപയോഗിച്ച് സ്വന്തം പ്രതിരോധവും ശക്തമാക്കി. 2008-ലെ മുംബൈ ആക്രമണത്തിന് ശേഷം സുരക്ഷാപരമായ ആശങ്കകൾ വർധിച്ചതാണ് ജാഗ്രതയ്ക്ക് പ്രധാന കാരണം. കാരണം മുംബൈ ഭീകരാക്രമണത്തിന് പാകിസ്താനിൽ നിന്നും ഭീകരർ എത്തിയത് ഈ ദിശയിൽ നിന്നായിരുന്നു. 2019ൽ ഇവിടെ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ കണ്ടെത്തിയത് ഭീകരാക്രമണ ഭീഷണിക്ക് സാധ്യതയുണ്ടന്ന ആശങ്കയും ഉയർത്തി.

ഇന്ത്യ പാക് സംഘർഷങ്ങളിൽ പലതും പോലെ സർ ക്രീക്ക് തർക്കം സ്വാതന്ത്ര്യപൂർവ ഇന്ത്യയിലേക്ക് നീളുന്നുണ്ട്. ഇവിടം കച്ച് മഹാരാജാവിന്റെ ഭരണത്തിലായിരുന്നപ്പോൾ തന്നെ തർക്കം നിലനിന്നിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ ഭൂപടങ്ങളുടെയും കരാറുകളുടെയും വ്യത്യസ്ത വ്യാഖ്യാനങ്ങളിൽ നിന്ന് പരസ്പരവിരുദ്ധമായ പ്രാദേശിക അവകാശവാദങ്ങൾ ഉണ്ടായി.

ഇപ്പോഴുള്ള തർക്ക വിഷയം ഇതാണ്. സർ ക്രീക്കിന്റെ പകുതിയും, അതായത് പാകിസ്താന്റെ കേറ്റി ബന്ദർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന ചതുപ്പുനിലങ്ങളുമുൾപ്പടെ ഇന്ത്യയുടെ ഭാഗം ആണെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതേസമയം കൊളോണിയൽ കാലഘട്ടത്തിലെ രേഖകൾ പ്രകാരം പാക് അതിർത്തി ക്രീക്കിന് കിഴക്കായി സ്ഥിതിചെയ്യുന്നുവെന്ന് പാകിസ്താനും പറയുന്നു. അതായത് ഗുജറാത്ത് ഹൃദയഭൂമിയിലേക്ക് വരെ തങ്ങളുടെ പ്രദേശം നീളുന്നു എന്നാണ് പാകിസ്തന്റെ വാദം.

ക്രീക്കിൻറെ കിഴക്കൻ തീരമാണ് അതിർത്തി രേഖയെന്ന് പറയുന്ന കച്ച് റാവുവും സിന്ധ് സർക്കാരും ഒപ്പിട്ട 1914 ലെ പ്രമേയമാണ് പാകിസ്താൻ ഉയർത്തുന്ന രേഖ. അതേസമയം, 1925 ലെ ഭൂപടത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. രണ്ട് രാജ്യങ്ങളും നാവിക ജലപാത പങ്കിടുന്നുണ്ട്. ഈ ചാനലിന്റെ ഏറ്റവും ആഴമേറിയ ഭാഗമാണ് അതിർത്തിയെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട താൽവെഗ് പ്രിൻസിപ്പലിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ വ്യക്തമാക്കുന്നത് ഈ കാര്യമാണ്. എന്നാൽ, സർ ക്രീക്ക് സഞ്ചാരയോഗ്യമല്ലാത്തതിനാൽ ഈ സിദ്ധാന്തം ബാധകമല്ലെന്നാണ് പാകിസ്താന്റെ വാദം.

സർ ക്രീക്കിൻ്റെ മുകൾഭാഗം മുതൽ കിഴക്കോട്ട് വെസ്റ്റേൺ ടെർമിനസ് എന്ന് പേരിട്ടിരിക്കുന്ന ലൈനിൻ്റെ ഒരു പോയിന്റ് വരെ അതിർത്തി നിർണ്ണയിക്കുന്നതിൽ നിന്നാണ് തർക്കം ഉടലെടുക്കുന്നത്. 1968ൽ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണൽ, റാൻ ഓഫ് കച്ചിലെ മിക്ക അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും സർ ക്രീക്ക് തർക്കം പരിഹരിക്കപ്പെടാതെ പോയി. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സമുദ്ര അതിർത്തി രേഖയുടെ വ്യാഖ്യാനത്തിലാണ് അടിസ്ഥാനപരമായ വിയോജിപ്പ്. ആദ്യം സമുദ്രാതിർത്തി നിർണ്ണയിക്കണമെന്ന് ഇന്ത്യ വാദിച്ചപ്പോൾ, അതിന് മുമ്പ് ക്രീക്കിനെക്കുറിച്ചുള്ള പ്രാദേശിക തർക്കം പരിഹരിക്കണമെന്ന് പാകിസ്താൻ നിർബന്ധം പിടിക്കുന്നു.

എന്തുകൊണ്ടാണ് സർ ക്രീക്ക് നിർണായകമാകുന്നത്

ഇന്ത്യൻ നേതൃത്വത്തിൽ നിന്നുള്ള സമീപകാല മുന്നറിയിപ്പുകൾക്ക് ശേഷമാണ് ഈ പ്രദേശം വീണ്ടും സംഘർഷഭരിതമായി മാറിയത്. പാകിസ്താന് ദുരുദ്ദേശം ഉണ്ടെന്ന് തന്നെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. സർ ക്രീക്ക് മേഖലയിലെ ഏതൊരു സാഹസിക നീക്കവും ശക്തമായ പ്രതികരണത്തിന് വഴി വെക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ക്രീക്കിന് സമീപം പാകിസ്ഥാൻ സൈനിക സൗകര്യങ്ങൾ വികസിപ്പിച്ചെടുത്തത് ഈ ദുരുദ്ദേശ്യങ്ങളെ വെളിപ്പെടുത്തുന്നുവെന്നും ഇന്ത്യ വ്യക്തമാക്കുന്നു. ഈ വാക്കുകളെ എന്തായാലും വെറും വാക്കുകളായി കാണാനാകില്ല. പഹൽഗാമിന് ശേഷം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഓരോ വാക്കുകളും അളന്നുമുറിച്ചുകൊണ്ടുള്ളതാണ്. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരത്തിന് പോലും ഗ്രൗണ്ടിൽ കണ്ടത് ഈ നയം വ്യക്തമാക്കലാണ്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss