ശബരിമലയിൽ ഞെട്ടിക്കുന്ന മൊഴി - Sabarimala Gold Row - ‘സ്വര്‍ണപ്പാളി ആസിഡില്‍ മുക്കി, കിട്ടിയത് ഒരുകിലോ സ്വര്‍ണം; പങ്കിട്ടെടുത്തതിൽ ബാക്കി ചെമ്പുപാളിയിൽ പൂശി’ - Kerala Times    

ശബരിമലയിൽ ഞെട്ടിക്കുന്ന മൊഴി – Sabarimala Gold Row – ‘സ്വര്‍ണപ്പാളി ആസിഡില്‍ മുക്കി, കിട്ടിയത് ഒരുകിലോ സ്വര്‍ണം; പങ്കിട്ടെടുത്തതിൽ ബാക്കി ചെമ്പുപാളിയിൽ പൂശി’

October 10, 2025
sabarimala gold

തിരുവനന്തപുരം > Sabarimala Gold Row – ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വർണപ്പാളി നൈട്രിക് ആസിഡിൽ ലയിപ്പിച്ച് വേർതിരിച്ചെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി. ഒരുകിലോ സ്വര്‍ണമാണ് സ്വര്‍ണപ്പാളികളില്‍നിന്ന് ലഭിച്ചത്. അതില്‍ 420 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു. 320 ഗ്രാം പണിക്കൂലിയായി എടുത്തു. ബാക്കി പുതിയ ചെമ്പുപാളികളില്‍ പൂശിയെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ പങ്കജ് ഭണ്ഡാരി മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ മൊഴി വിജിലന്‍സ് വിശ്വസത്തിലെടുത്തിട്ടില്ല.

കഴിഞ്ഞദിവസമാണ് ദേവസ്വം വിജിലന്‍സിനു മുന്നില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ പങ്കജ് ഭണ്ഡാരി മൊഴി നല്‍കാനെത്തിയത്. മൊഴിയെടുപ്പ് മണിക്കൂറുകളോളം നീണ്ടിരുന്നു. മൊഴിയനുസരിച്ച് 2019-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചു. പോറ്റി പറഞ്ഞതനുസരിച്ച് അത് നൈട്രിക് ആസിഡില്‍ ലയിപ്പിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അതോടെ പാളി ഇല്ലാതായി. ഇത്തരത്തില്‍ ഒരു കിലോ സ്വര്‍ണമാണ് പാളിയില്‍ നിന്ന് വേര്‍തിരിച്ചെടുത്തത്. അതില്‍ 420 ഗ്രാം സ്വര്‍ണം കട്ടികളാക്കി പോറ്റിക്ക് കൈമാറി എന്നാണ് പങ്കജ് ഭണ്ഡാരിയുടെ മൊഴി. അതില്‍നിന്ന് 320 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് തന്നെ പണിക്കൂലി എന്ന നിലയ്ക്ക് എടുത്തുവെന്നും മൊഴിയില്‍ പറയുന്നു. ബാക്കിയാണ് ചെമ്പുപാളിയില്‍ പൂശിയത്. അതാണ് ശബരിമലയില്‍ എത്തിച്ചതെന്നാണ് ഭണ്ഡാരിയുടെ മൊഴി.

എന്നാല്‍, ഈ മൊഴി അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. കാരണം, എസ്‌ഐടിയെ അന്വേഷണത്തിന് നിയോഗിച്ച ഹൈക്കോടതി നടപടിക്കു പിന്നാലെ തിരുവനന്തപുരത്തുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി മുങ്ങിയിരുന്നു. ഇയാള്‍ ചെന്നൈയിലേക്കാണ് പോയതെന്നാണ് വിജിലന്‍സ് അനുമാനിക്കുന്നത്. അതിനുശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാം. ആ കൂടിയാലോചനകള്‍ക്ക് ശേഷമാകാം സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിക്കുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കാരണം, മൊഴിയില്‍ പറഞ്ഞിരിക്കുന്നതി പോലെയാണ് ചെയ്യേണ്ടതെങ്കില്‍ എന്തിനാണ് ഈ പാളികള്‍ ഏതാണ്ട് 39 ദിവസം ബെംഗളൂരുവില്‍ പോറ്റിയുടെ പക്കല്‍ സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

ശബരിമല ദേവസ്വം കമ്മിഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശില്‍പ്പങ്ങളിലെ ചെമ്പുപാളികള്‍ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്ക്കു കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താന്‍ കാരണമായത്. പിന്നാലെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

Latest from Blog

error: Content is protected !!