കൊച്ചി> മലയാളി പട്ടിണികിടന്ന് സമ്പാദിക്കുന്ന പണംകൊണ്ട് സുഖജീവിതം നടത്തുന്നത് കേരളത്തിലെ ബ്ലെയിഡ് മാഫിയയും തട്ടിപ്പ് ധനകാര്യ സ്ഥാപന മുതലാളിമാരുമാണ്. അമിത പലിശ മോഹിച്ചും കണക്കില്‍ പെടാത്ത പണം സൂക്ഷിക്കുവാനുമാണ് മിക്കവരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഇതില്‍ വളരെ ചെറിയൊരു ശതമാനം നിക്ഷേപകര്‍ നിത്യചെലവിനുവേണ്ടിയും മരുന്ന്, ആശുപത്രി ചെലവുകളും നടത്തിക്കൊണ്ടുപോകുവാന്‍ ഇവിടെ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ ഉപയോഗിക്കുന്നുണ്ട്. ഇവരുടെ നിക്ഷേപം 02 ലക്ഷത്തിനും 15ലക്ഷത്തിനും ഇടയ്ക്കായിരിക്കും. പ്രതിമാസം പലിശ വാങ്ങിയാണ് ഇവരുടെ ജീവിതം നടന്നുപോകുന്നത്. സ്ഥാപനം പൂട്ടുന്നതോടെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നതും ഇവരാണ്. എന്നാല്‍ ബഹുഭൂരിപക്ഷം വരുന്ന നിക്ഷേപകര്‍ അമിത പലിശ മോഹിച്ചുതന്നെയാണ് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ വന്‍ തുകകള്‍ നിക്ഷേപിക്കുന്നത്. കടപ്പത്രത്തില്‍ കോടികള്‍ നിക്ഷേപിക്കുന്നവരും ഈ ഗണത്തില്‍പ്പെടുന്നവരാണ്. NCD യിലൂടെ പണം ഇരട്ടിക്കുമെന്ന് കേട്ടാല്‍ അവിടേക്ക് പായുന്നവരാണ് ഇക്കൂട്ടര്‍.
കഴിഞ്ഞ 50 വര്‍ഷത്തിനിടക്ക് നൂറുകണക്കിന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ കേരളത്തില്‍ മാത്രം പൂട്ടിക്കെട്ടി. ആയിരക്കണക്കിന് കോടി രൂപാ നിക്ഷേപകര്‍ക്ക് നഷ്ടമായി. സ്ഥാപന ഉടമകള്‍ ആരുംതന്നെ നിക്ഷേപം മടക്കിനല്കിയതായി അറിവില്ല. പലരും കേസിന് പോയെങ്കിലും ഇതൊക്കെ അനന്തമായി നീണ്ടതിനാല്‍ പലരും പിന്‍വാങ്ങി. നിക്ഷേപകരും നിക്ഷേപ തട്ടിപ്പ് നടത്തിയവരുമൊക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുകയാണ്. ശേഷിച്ചവരില്‍ ഇവിടെ ജീവിക്കാന്‍ പാടുപെടുന്നവരും സുഖജീവിതം നയിക്കുന്നവരുമുണ്ട്. 50 വര്‍ഷം മുമ്പുള്ള തട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ അവസ്ഥ അതി ഭീകരമാണ്. കേരളാ മണി ലെണ്ടിംഗ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കമ്പനി നിയമപ്രകാരവും കേന്ദ്ര സഹകരണ മേഖലയുടെ കീഴിലും സംസ്ഥാന നിയമമനുസരിച്ചും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന വിവിധ സ്ഥാപനങ്ങള്‍ ഉണ്ട്. ഇതോടെ നിയമങ്ങളും ചട്ടങ്ങളും തട്ടിപ്പുകളുടെ രീതിയും വ്യാപ്തിയും മാറി. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് തുടര്‍ച്ചയായി നടക്കുന്നു. നിക്ഷേപ തട്ടിപ്പിന്റെ പറുദീസയായി കേരളം മാറിക്കഴിഞ്ഞു.
കേരളത്തിലെ പല നിക്ഷേപ തട്ടിപ്പുകളും ജനങ്ങള്‍ മറന്നുതുടങ്ങി. നിക്ഷേപകര്‍പോലും ഇതിനെപ്പറ്റി ചിന്തിക്കാറില്ല. എന്നാല്‍ ഞങ്ങള്‍ക്കിതൊന്നും മറക്കാന്‍ കഴിയില്ല. സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടിയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മുമ്പില്‍ തെളിയുന്ന പേര് മണിമല സ്വദേശിയുടെ സതേണ്‍ ഫൈനാന്‍സ് എന്ന സ്ഥാപനമാണ്. ഏകദേശം 49 വര്‍ഷം മുമ്പ് പൂട്ടിപ്പോയ അല്ലെങ്കില്‍ പൊട്ടിപ്പോയ സ്ഥാപനം. തുടര്‍ന്നിങ്ങോട്ട് പെരുമഴപോലെ ഒന്നിനുപിറകെ മറ്റൊന്നായി ഓരോ സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടി. ഇവിടെയൊക്കെ നഷ്ടം നേരിട്ടത് നിക്ഷേപകര്‍ക്ക് മാത്രമായിരുന്നു. കേരളത്തിലെ ഇന്നത്തെ നിക്ഷേപകരുടെ ഓര്‍മ്മയിലേക്ക് ഈ പേരുകള്‍ വീണ്ടും നല്കുന്നു. പണം നിക്ഷേപിക്കുന്നതിന് മുമ്പ് പൂട്ടിപ്പോയ ഈ സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് നിക്ഷേപകരുടെ അനുഭവം എന്തായിരുന്നുവെന്ന് ഒരുനിമിഷം ചിന്തിക്കുക. ഇതിന്റെ ഉടമകള്‍ക്ക് എന്ത് സംഭവിച്ചു എന്നും ചിന്തിക്കുക, അതിനുശേഷം ആത്മവിശ്വാസം ഉണ്ടെങ്കില്‍ നിങ്ങള്‍ പണം നിക്ഷേപിച്ചോളു.
നിക്ഷേപകര്‍ക്ക് നീതി ലഭിക്കാതെ പോയ സ്ഥാപനങ്ങളില്‍ ചിലത് >>> കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്.ഡി മിനി നിധി ലിമിറ്റഡ്, പി.ആര്.ഡി ഫിനാന്‍സ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, സമരിയാസ് ഫൈനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, നെടുമ്പറമ്പില്‍ നെഡ് സ്റ്റാര്‍, തേവർവേലിൽ ബാങ്കേഴ്സ്, ഫാം ഫെഡ്, ലൈഫ് ലൈന്‍ ബാങ്കേഴ്സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, ഓറിയന്റല്‍ ഫൈനാന്‍സ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡ്, ബംഗളൂരു എ.ആന്‍ഡ് എ ചിട്ടിഫണ്ട്, പേരാമ്പ്ര അർബൻ നിധി, അൽ മുക്താദിർ ജ്വല്ലറി തട്ടിപ്പ്, പാതിവില തട്ടിപ്പ്, ദീമാ ജ്വല്ലറി തട്ടിപ്പ്, ഇരിങ്ങാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പ്, ഇറീഡിയം തട്ടിപ്പ്, സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ്, ഹിവാന്‍സ് നിധി, കാസല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫിന്‍സിയര്‍ കുറീസ്, വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി, നാനോ എക്സല്‍ മണി, മെല്‍ക്കര്‍ ഫിനാന്‍സ്, ലാബെല്ലാ ഫൈനാന്‍സ്, ലിസ് ലോട്ടറി, സതേണ്‍ ഫൈനാന്സിയെഴ്സ്, ഇന്റഗ്രേറ്റഡ് ഫിനാന്‍സ്, ആട് – തേക്ക് – മാഞ്ചിയം, ഇങ്ങനെ അനന്തമായി നീളുകയാണ് പട്ടിക. ഈ പട്ടിക പൂര്‍ണ്ണമാക്കുവാന്‍ പോലും കഴിയുന്നില്ല.
കഴിഞ്ഞ 50 വര്‍ഷത്തെ നിക്ഷേപ തട്ടിപ്പുകള്‍ – നീതി ലഭിക്കാതെപോയ നിക്ഷേപകര്‍
