ചൈനയുടെ സ്റ്റെല്‍ത്തും വിലപ്പോവില്ല; ഒളിച്ചെത്തുന്ന ശത്രുവിനെ വെല്ലാന്‍ ഇന്ത്യയുടെ ക്വാണ്ടം റഡാർ  - Quantum Radar - Kerala Times    

ചൈനയുടെ സ്റ്റെല്‍ത്തും വിലപ്പോവില്ല; ഒളിച്ചെത്തുന്ന ശത്രുവിനെ വെല്ലാന്‍ ഇന്ത്യയുടെ ക്വാണ്ടം റഡാർ  – Quantum Radar

November 6, 2025
quantum radar 1 jpg

Quantum Radar – റഡാര്‍ നിരീക്ഷണത്തെ വെല്ലുവിളിക്കുന്ന ആധുനിക യുദ്ധതന്ത്രങ്ങളെ മറികടക്കുന്ന ആയുധങ്ങളാണ് വൻരാജ്യങ്ങളുടെ പക്കലുള്ളത്. റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം റഡാറുകളെ കബളിപ്പിക്കാന്‍ പ്രത്യേക രൂപകല്‍പ്പനയും റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന പ്രത്യേകതരം കോട്ടിങ്ങുകളും ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളും മിസൈലുകളുമൊക്കെയാണ് യു.എസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉപയോഗിക്കുന്നത്. റഡാര്‍ തരംഗങ്ങളെ കബളിപ്പിക്കുന്ന പ്രത്യേകതരം പദാര്‍ഥം ഇന്ത്യയും വികസിപ്പിച്ചിട്ടുണ്ട്.

യുദ്ധതന്ത്രങ്ങള്‍ മാറുന്ന ലോകത്ത് ഇന്ത്യ സമാനതകളില്ലാത്ത സ്റ്റെല്‍ത്ത് ഭീഷണിയാണ് ഭാവിയില്‍ നേരിടാന്‍ പോകുന്നത്. പ്രത്യേകിച്ച് ചൈനയില്‍നിന്ന്. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ തരം റഡാര്‍ വികസിപ്പിക്കുകയാണ് ഇന്ത്യ. അതിനൂതനമായ ക്വാണ്ടം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന റഡാര്‍ ആണ് ഇന്ത്യ വികസിപ്പിക്കുന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഇതിന്റെ പണിപ്പുരയിലാണ്. നിലവിലെ ഗവേഷണം പുരോഗമിച്ചാല്‍ 2026-ല്‍ ഇതിന്റെ പ്രോട്ടോടൈപ്പ് തയ്യാറാകും. സ്റ്റെല്‍ത്ത് വിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയും തിരിച്ചറിയാനാകുന്ന പ്രകാശ തരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോണിക് റഡാര്‍ നേരത്തെ വികസിപ്പിച്ചിരുന്നു.

ഇത് ഭാവിയില്‍ റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റഡാറുകള്‍ക്ക് പകരക്കാരനാകും. വളരെ ദൂരെനിന്നുതന്നെ സ്റ്റെല്‍ത്ത് വിമാനങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്നവയാണ് ഫോട്ടോണിക് റഡാറുകള്‍. സ്റ്റെല്‍ത്ത് വിമാനങ്ങളെ വളരെ ദൂരെനിന്ന് കണ്ടെത്താന്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത് വെരി ഹൈഫ്രീക്വന്‍സി(VHF) റേഡിയോ തരംഗങ്ങള്‍ ഉപയോഗിക്കുന്ന റഡാറുകളാണ്.

വളരെദൂരെനിന്ന് തിരിച്ചറിയാനാകുമെങ്കിലും ഇവയെ കൃത്യമായി ലക്ഷ്യമാക്കാന്‍ ഇത്തരം റഡാറുകള്‍ക്ക് സാധിക്കില്ല. ഇത് പ്രതിരോധം  ദുര്‍ഘടമാക്കും. ഈ പ്രതിസന്ധി മറികടക്കാനാണ് ഫോട്ടോണിക് റഡാറിന് ഡിആര്‍ഡിഒ രൂപം നല്‍കിയത്. 2025 ജൂലൈയില്‍ ഇതിന്റെ വിജയകരമായ പരീക്ഷണവും നടന്നു. ലോകത്ത് ഈ സാങ്കേതികവിദ്യയുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയുടെ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ ജെ-20യെ 200 കിലോമീറ്റര്‍ ദൂരെനിന്നുതന്നെ ലോക്ക് ചെയ്യാന്‍ ഈ റഡാറുകള്‍ക്ക് സാധിക്കും. ഇവയെ തടസപ്പെടുത്താന്‍ നിലവിലെ റഡാര്‍ ജാമിങ് സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കില്ല. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ- ചൈന യഥാര്‍ഥ നിയന്ത്രണരേഖയിലും പാക് അതിര്‍ത്തിയിലും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കാന്‍ ഉപയോഗിക്കുന്ന അവാക്സ് ( AWACS) വിമാനങ്ങളിലും ഈ സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ റഡാറുകള്‍ വരും.

ഇവയ്ക്കും ചില പരിമിതികളുണ്ട്. ലക്ഷ്യത്തിനോട് പരമാവധി ഒരുമീറ്റര്‍ കൃത്യതയാണ് ഇവ ഉറപ്പ് നല്‍കുന്നത്. എന്നുവെച്ചാല്‍ പറന്നുവരുന്ന യുദ്ധവിമാനത്തിനെ ലോക്ക് ചെയ്താലും ചിലപ്പോള്‍ അതിന്റെ കൃത്യത ഒരുമീറ്ററോളം വ്യത്യാസം വരാം. അങ്ങനെ വന്നാല്‍ ലക്ഷ്യമിടുന്ന വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇത്തരം യുദ്ധവിമാനങ്ങളെ തകര്‍ക്കാന്‍ സാധിച്ചെന്നു വരില്ല. ഈ പ്രതിസന്ധിയെ മറികടക്കാനാണ് ക്വാണ്ടം റഡാറുകള്‍ അവതരിപ്പിക്കുന്നത്. നിലവില്‍ ചൈന ഈ രംഗത്ത് വളരെയധികം മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇന്ത്യയും ക്വാണ്ടം ആശയവിനിമയ രംഗത്ത് ശ്രദ്ധേയമായ ശേഷി കൈവരിച്ചിട്ടുണ്ട്. ഐഐടി ഡല്‍ഹിയും ഡിആര്‍ഡിഒയും സംയുക്തമായി 2025 ജൂണില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക്‌ ക്വാണ്ടം എന്റാംഗിള്‍മെന്റ്, ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍ എന്നീ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആശയവിനിമയം സാധ്യമാക്കിയിട്ടുണ്ട്. ഇത് ക്വാണ്ടം റഡാറിലേക്കുള്ള ചുവടുവെപ്പാണ്.

ക്വാണ്ടം റഡാര്‍ എന്താണ് എന്ന് മനസിലാക്കണമെങ്കില്‍ ക്വാണ്ടം എന്റാംഗിള്‍മെന്റ്, ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍ എന്നിവ അറിയണം. രണ്ട് ക്വാണ്ടം കണികകള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്. ഈ രണ്ട് കണികകള്‍ എത്ര ദൂരത്താണെങ്കിലും, ഒരു കണികയുടെ അവസ്ഥയില്‍ മാറ്റം വരുത്തിയാല്‍, ആ നിമിഷം തന്നെ മറ്റേ കണികയുടെ അവസ്ഥയിലും മാറ്റം വരും. ഇതില്‍ ഏതെങ്കിലും ഒരു കണികയ്ക്ക് ഉണ്ടാകുന്ന മാറ്റം ഏതാണെന്ന് തിരിച്ചറിഞ്ഞാല്‍ സ്വാഭാവികമായും മറ്റേ കണികയുടെ അവസ്ഥ എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇതുപയോഗിച്ച് വിവരങ്ങളെ വിശകലനം ചെയ്യുന്ന രീതിയാണ് ക്വാണ്ടം സാങ്കേതിക വിദ്യ.

ഒരു ക്വാണ്ടം കണികയ്ക്ക് ഒരേ സമയം പല അവസ്ഥകളില്‍ ഇരിക്കാന്‍ കഴിയുന്നതിനെപ്പറ്റി വിശദീകരിക്കുമ്പോഴാണ് ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍ എന്ന പദം ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഒരു സാധാരണ നാണയം കറക്കിയെറിയുമ്പോള്‍, അത് നിലത്ത് വീഴുന്നതിന് മുന്‍പ് അത് ഹെഡ് ആണോ ടെയ്ല്‍ ആണോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. നാണയം നിലത്ത് വീഴുമ്പോള്‍ മാത്രമാണ് അത് ഏതെങ്കിലും ഒരു അവസ്ഥയില്‍ സ്ഥിരമാവുക. ഇതുപോലെ ക്വാണ്ടം കണങ്ങള്‍ ഒരേസമയം പല അവസ്ഥകളുണ്ടാകാം. ഇതില്‍ ഏതെങ്കിലുമൊന്നിനെ പ്രത്യേക സമയത്ത് അളക്കുമ്പോള്‍ മാത്രമാണ് അതിന്റെ അവസ്ഥ സ്ഥിരമായി കണക്കാക്കാന്‍ കഴിയുക.

ഇത്തരം സങ്കീര്‍ണമായ സാങ്കേതിക തത്വങ്ങള്‍ ഉപയോഗിച്ചാണ് ക്വാണ്ടം റഡാര്‍ പ്രവര്‍ത്തിക്കുന്നത്. ക്വാണ്ടം എന്റാംഗിള്‍മെന്റിലുള്ള കണികകളെ പുറപ്പെടുവിക്കുകയാണ് ക്വാണ്ടം റഡാറുകള്‍ ചെയ്യുന്നത്. ഇവയിലേതെങ്കിലും ഒരു വസ്തുവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴുണ്ടാകുന്ന മാറ്റം പഠിച്ച് അതെന്താണെന്ന് തിരിച്ചറിയുക എന്നതാണ് ഇത്തരം റഡാറുകള്‍ ചെയ്യുക. ഇത്തരം റഡാറുകള്‍ക്ക് 150 മുതല്‍ 300 കിലോമീറ്റര്‍ ദൂരെനിന്നുതന്നെ സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളെയുമൊക്കെ കണ്ടെത്താനാകും.

ക്വാണ്ടം റഡാറിനെയും ഫോട്ടോണിക് റഡാറിനെയും സമന്വയിപ്പിച്ചുള്ള സംവിധാനമാകും ഡിആര്‍ഡിഒ അണിയിച്ചൊരുക്കുക. ഇത് കൃത്യത വര്‍ധിപ്പിക്കും. 2026-ല്‍ ഇത്തരം റഡാറുകളുടെ പരീക്ഷണം ആരംഭിക്കും. എന്നിരുന്നാലും ക്വാണ്ടം റഡാറുകള്‍ക്ക് അടിസ്ഥാനപരമായ ചില കടമ്പകളെ മറികടക്കേണ്ടതുണ്ട്. ക്വാണ്ടം സംവിധാനങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ ക്രയോജനിക് കൂളിങ് സംവിധാനങ്ങള്‍ വേണം. ഇതിന് വലിയതോതില്‍ ഊര്‍ജം ആവശ്യമാണ്. ഇത് റഡാറുകളെ മറ്റൊരിടത്തേക്ക് മാറ്റേണ്ടി വരുന്നത് പ്രയാസകരമാക്കി മാറ്റും.

Latest from Blog

error: Content is protected !!