പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം; സർക്കാരുകൾ നടപടിയെടുക്കണം - സുപ്രീം കോടതി - Kerala Times    

പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം; സർക്കാരുകൾ നടപടിയെടുക്കണം – സുപ്രീം കോടതി

November 7, 2025
SUPREME COURT STRAY DOG REMOVAL 1

ന്യൂഡൽഹി>  പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. എല്ലാ സംസ്ഥാന സർക്കാരുകളും ഇതിന് നടപടി സ്വീകരിക്കണം. എന്തെല്ലാം നടപടിയെടുത്തുവെന്ന് ചീഫ് സെക്രട്ടറിമാർ കോടതിയെ അറിയിക്കണം. കൃത്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാകണമെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ, ആശുപത്രികൾ, സ്പോർട്സ് കോംപ്ലക്സുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽനിന്ന് നായ്ക്കളെ തെരുവുനായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക്  മാറ്റണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.

തെരുവിൽ അലയുന്ന നായ്ക്കളും കന്നുകാലികളും അടക്കമുള്ള മൃഗങ്ങളെ കണ്ടെത്താൻ പട്രോളിങ് സംഘത്തെ നിയോഗിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നായ്ക്കൾ കയറാതിരിക്കാൻ നടപടിയെടുക്കണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽനിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. 

സംരക്ഷണ കേന്ദ്രങ്ങളിലേക്ക് നായ്ക്കളെ മാറ്റുന്നതിൽ മുനിസിപ്പൽ കോർപറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിനു ശേഷം  അതേസ്ഥലത്ത് തുറന്നുവിടരുത്. ആശുപത്രികൾ അടക്കം പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.

Latest from Blog

error: Content is protected !!