ശബരിമല സ്വർണ്ണക്കൊള്ള; മൊഴികളും തെളിവുകളും പത്മകുമാറിലേക്ക്; പോറ്റിക്ക് കൂടുതൽ അധികാരം നൽകി, ഒടുവിൽ പാർട്ടിയും കൈയൊഴിഞ്ഞു - Kerala Times    

ശബരിമല സ്വർണ്ണക്കൊള്ള; മൊഴികളും തെളിവുകളും പത്മകുമാറിലേക്ക്; പോറ്റിക്ക് കൂടുതൽ അധികാരം നൽകി, ഒടുവിൽ പാർട്ടിയും കൈയൊഴിഞ്ഞു

November 21, 2025
images 2025 11 21T065959.083

തിരുവനന്തപുരം> ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ  എൻ. വാസു ഉൾപ്പെടെയുള്ള അഞ്ചുപേരുടെ മൊഴികളും പത്മകുമാറിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. സ്വർണക്കടത്തിന് ആരാണ് നേതൃത്വംനൽകിയതെന്ന ചോദ്യത്തിന് മഹസർ ഉൾപ്പെടെയുള്ള തെളിവ് ബലമേകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര സ്വാധീനംലഭിച്ചത് പത്മകുമാർ ദേവസ്വംപ്രസിഡന്റായതിന് ശേഷമായിരുന്നു എന്നാണ്‌ അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴി. ബോർഡ് അംഗങ്ങൾക്ക് തുല്യമായ അധികാരവും പരിഗണനയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിക്കുന്നുണ്ടായിരുന്നു. ദേവസ്വം ആസ്ഥാനത്തും ശബരിമലയിലും ഉണ്ണികൃഷ്ണൻ പോറ്റി മിക്കപ്പോഴും ദേവസ്വം പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നെന്നും അറസ്റ്റിലായവർ മൊഴിനൽകി.

സ്പോൺസർഷിപ്പ് സമാഹരിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതിനൽകിയത് ദേവസ്വം ഭരണസമിതിയായിരുന്നു. സ്വർണപ്പാളി വീണ്ടും സ്വർണംപൊതിയാൻ തീരുമാനിച്ച സംഘത്തിലും ഉണ്ണികൃഷ്ണൻ പോറ്റി ഉണ്ടായിരുന്നതായി അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴിയിലുണ്ട്. സുധീഷ്‌കുമാറാണ് ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. ഇതോടെ മറ്റുപ്രതികളായ മുരാരിബാബുവും, ബൈജുവും കൂടുതൽ വെളിപ്പെടുത്തലിന് തയ്യാറാകുകയായിരുന്നു. പ്രസിഡന്റിന്റെ നിർദേശം മിക്കപ്പോഴും ഫോണിൽ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതും പോറ്റിയായിരുന്നു.

എൻ. വാസുവിന്റെ അറസ്റ്റിനുശേഷം അന്വേഷണം തന്നിലേക്കു നീങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾമുതൽ പത്മകുമാർ പ്രതിരോധത്തിലായിരുന്നു. ഉണ്ണികൃഷ്ണൻപോറ്റി കൊണ്ടുപോയത് ചെമ്പ് പാളികളാണെന്ന് സമർഥിച്ച് മാധ്യമങ്ങൾക്കുമുന്നിൽ പാർട്ടിക്കും സർക്കാരിനും പരസ്യപ്രതിരോധം തീർത്ത പത്മകുമാർ കൂട്ടാളിയായ വാസു കുടുങ്ങിയതോടെ അറസ്റ്റ് ഭയന്നു. ചോദ്യംചെയ്യലിനുവേണ്ടി വിളിച്ചപ്പോൾ വ്യക്തിപരമായ അസൗകര്യം പറഞ്ഞ് ഒന്നിലേറേ തവണ ഒഴിഞ്ഞുമാറി.

ഇതിനിടെ അറസ്റ്റൊഴിവാക്കാൻ പാർട്ടി സംരക്ഷണം തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിലെ പല ഉന്നതരുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ, അറസ്റ്റ് അനിവാര്യമാണെന്ന് ഉറപ്പായതോടെ പാർട്ടിനേതൃത്വം കൈയൊഴിഞ്ഞു. ഇതോടെയാണ് വ്യാഴാഴ്ച ഹാജരാകാമെന്ന് പത്മകുമാർ അന്വേഷണ സംഘത്തെ അറിയിച്ചത്. പത്മകുമാർ തിരുവനന്തപുരത്തേക്ക്‌ എത്തിയെങ്കിലും എവിടെയാണ് ചോദ്യംചെയ്യുന്നതെന്ന വിവരം ഉദ്യോഗസ്ഥർ പുറത്തുവിട്ടില്ല.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പോലീസ് ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയപ്പോഴാണ് പത്മകുമാർ അവിടെയുണ്ടെന്ന വിവരം പുറത്തറിഞ്ഞത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തിനുപിന്നിലെ വഴിയിലൂടെയാണ് പോലീസ് ജീപ്പിൽ പുറത്തിറക്കിയത്. വൈകീട്ട് ആറോടെ കനത്ത സുരക്ഷയിൽ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. പിന്നീട് കനത്ത സുരക്ഷയിൽ പത്മകുമാറുമായി പോലീസ് വാഹനങ്ങൾ കൊല്ലത്തേക്ക്‌ തിരിച്ചു.

ആറന്മുളയിലെ വീട്ടിൽനിന്ന് 11 മണിയോടെ തിരുവന്തപുരത്തെ പോലീസ് ആസ്ഥാനത്ത‌െത്തിയ പത്മകുമാറിനെ അന്വേഷണ സംഘത്തലവനും ക്രൈംബ്രാഞ്ച് മേധാവിയുമായ എച്ച്. വെങ്കിടേഷിന്റെ ഓഫീസിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഈഞ്ചയ്ക്കൽ ഓഫീസിലെ ഉദ്യോഗസ്ഥർ രേഖകളുമായി എത്തിയശേഷം രണ്ടരവരെ ചോദ്യംചെയ്തു. ഈസമയം ഈഞ്ചയ്ക്കൽ ഓഫീസിൽ വാസുവും കസ്റ്റഡിയിലുണ്ടായിരുന്നു. ഇരുവരെയും ഒരേസമയം ചോദ്യം ചെയ്തു. വാസുവിനെ പിന്നീട് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎമ്മിനെയും സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവുമായ എ. പത്മകുമാർ അറസ്റ്റിലായത്. എട്ടാംപ്രതിയായ അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക്‌ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തശേഷമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. എൻ. വാസുവിനുപുറമേ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ മുൻപ്രസിഡന്റാണ് പത്മകുമാർ. കേസിലെ ആറാമത്തെ അറസ്റ്റാണിത്.

2019-ൽ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലിരിക്കേയാണ് ഒന്നാംപ്രതി ഉണ്ണികൃഷ്ണൻപോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണംപൂശിയ കട്ടിളപ്പാളി നീക്കംചെയ്തത്. ബോർഡിന്റെ അനുമതിയോടെയായിരുന്നു ഇതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉണ്ണികൃഷ്ണൻപോറ്റിക്ക് ശബരിമലയിലും ദേവസ്വം ആസ്ഥാനത്തും സർവസ്വാതന്ത്ര്യവും അനുവദിച്ചതും സ്വർണപ്പാളികൾ കൊണ്ടുപോകാൻ അനുമതിനൽകിയതും ആ ഭരണസമിതിയായിരുന്നു.

സ്വർണപ്പാളികൾ കൈമാറാനുള്ള ബോർഡ് തീരുമാനം നടപ്പാക്കുകമാത്രമാണ് ചെയ്തതെന്ന് നേരത്തേ അറസ്റ്റിലായ മുരാരിബാബു, കെ.എസ്. ബൈജു, ഡി. സുധീഷ്‌കുമാർ എന്നിവർ മൊഴിനൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും തെളിവുകളും ബോർഡ് നേതൃത്വത്തിലേക്ക് നീങ്ങിയതോടെയാണ് പത്മകുമാറും കുടുങ്ങിയത്. അന്നത്തെ കമ്മിഷണറായിരുന്ന എൻ. വാസു നേരത്തേ അറസ്റ്റിലായിരുന്നു. സ്വർണ കട്ടിളപ്പാളി ചെമ്പെന്നുരേഖപ്പെടുത്തി വീണ്ടും സ്വർണംപൂശാൻ ദേവസ്വം ബോർഡ് അനുമതിനൽകിയെന്നാണ് കണ്ടെത്തൽ. കെ.പി. ശങ്കരദാസ്, പാറവിളാകം വിജയകുമാർ എന്നിവരായിരുന്നു ആസമയത്തെ ബോർഡ് അംഗങ്ങൾ. ഇവരെയും അന്വേഷണസംഘം ചോദ്യംചെയ്യും.

Latest from Blog

error: Content is protected !!