റോം> അന്താരാഷ്ട്ര മാര്‍ക്കറ്റിലും സ്വര്‍ണത്തിന് വില കുതിക്കുകയാണ്. വില സര്‍വകാല റെക്കോഡിലേക്ക് എത്തിയതിനെ നേട്ടമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ഇറ്റലി സര്‍ക്കാര്‍. സ്വര്‍ണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ കയ്യിലില്ലെങ്കില്‍ വന്‍ തുക നികുതിയായി ചുമത്താനാണ് മെലോനി സര്‍ക്കാര്‍ പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി ഫലവത്തായാല്‍ 20,440 കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവിലെത്തും.
ഇറ്റലിക്കാര്‍ക്കും സ്വര്‍ണവുമായി വൈകാരികമായ അടുപ്പമുണ്ട്. സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും ബാറുകളും സൂക്ഷിക്കുന്ന സ്വഭാവമുണ്ട് ഇറ്റലിക്കാര്‍ക്ക്. പരമ്പരാഗതമായി കൈമാറി വരുന്ന സ്വര്‍ണവും ഇത്തരത്തില്‍ സൂക്ഷിക്കാറുണ്ട്. അതുകൊണ്ട് തന്നെ കാലങ്ങള്‍ പഴക്കമുള്ള സ്വര്‍ണത്തിന് രേഖകളുണ്ടാകില്ല. ഇറ്റലിയുടെ ഔദ്യോഗിക കറന്‍സിയായിരുന്ന ലിറയേക്കാള്‍ സുരക്ഷിതമെന്ന നിലക്കാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ നിക്ഷേപമായി സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരുന്നത്.
കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും സ്വര്‍ണം സമ്മാനമായി നല്‍കുന്നത് ഇറ്റലിയിലെ പരമ്പരാഗത സമ്പ്രദായമാണ്. പക്ഷെ, ഈ സ്വര്‍ണം വാങ്ങിയതിന് ഔദ്യോഗിക രേഖകളുണ്ടാകാറില്ല. നിലവില്‍ രാജ്യത്ത് രേഖകളില്ലാതെ സൂക്ഷിക്കുന്ന ഇത്തരം സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും ബാറുകളും വില്‍ക്കുകയാണെങ്കില്‍ 26 ശതമാനം നികുതി നല്‍കണം. എന്നാല്‍, രേഖകളില്ലെന്ന് വെളിപ്പെടുത്തിയാല്‍ നികുതി 12.5 ശതമാനം നല്‍കിയാല്‍ മതിയെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പറയുന്നത്. സ്വര്‍ണത്തിന് നിയമപരമായ രേഖകള്‍ ലഭ്യമാക്കുന്ന പദ്ധതി അടുത്ത വര്‍ഷത്തോടെ നടപ്പാക്കാനാണ് തീരുമാനം.
