ASML- ഒരു കമ്പനി ഇപ്പോൾ പെട്ടെന്ന് ഒരു ദിവസം തകർക്കപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥയും ലോക സാങ്കേതികവിദ്യയുടെ കുതിപ്പും മന്ദീഭവിക്കുമെന്ന് പറഞ്ഞാൽ അധികമാർക്കും അത് വിശ്വസിക്കാൻ സാധിച്ചേക്കില്ല. ആ കമ്പനിയെക്കുറിച്ച് പലർക്കും അറിഞ്ഞുകൂടാ. പക്ഷേ, പകരംവെയ്ക്കാനാകാത്ത അത്തരം ഒരു കമ്പനിയുണ്ട് എഎസ്എംഎൽ. എന്തിനേറെ, എഎസ്എംഎൽ ഇല്ലെങ്കിൽ ഐഫോൺ നിർമാതാവായ ആപ്പിളിന് പോലും പല തലമുറ പിന്നിൽ നിൽക്കുന്ന പ്രൊസസർ ഉപയോഗിച്ചു മാത്രമായിരിക്കും പുതിയ ഫോണുകൾ ഇറക്കാൻ സാധിക്കുക.
ആ എഎസ്എംഎൽ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം: ഏകദേശം ഒരു ബസ്സിന്റെയത്ര വലിപ്പവും 100 മെട്രിക് ടൺ ഭാരവുമുള്ള, ലക്ഷത്തിലേറെ വ്യത്യസ്ത ഘടകങ്ങൾ ചേർത്ത് നിർമിച്ചെടുത്ത ഒരു യന്ത്രമാണ് എഎസ്എംഎൽ നിർമിച്ചു നൽകുന്നത്. ലോകത്തെ പ്രമുഖ കമ്പ്യൂട്ടർ ചിപ്പ്/പ്രൊസസർ നിർമാണ കമ്പനികളിലാണ് ഇവ ഇടംപിടിച്ചിരിക്കുന്നത്. (കമ്പ്യൂട്ടർ പ്രൊസസർ നിർമാണ കമ്പനിയായ ഇന്റലിൽ ഇരിക്കുന്ന യന്ത്രത്തിന് ഡബിൾ ഡെക്കർ ബസ്സിന്റെയത്ര വലിപ്പമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.) ഒന്നിലേറെ കാർഗോ വിമാനങ്ങളിലായാണ് ഈ യന്ത്രം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നത്. ഇന്നത്തെ അതിനൂതന സ്മാർട്ട്‌ഫോണുകൾ അടക്കം പല ഉപകരണങ്ങൾക്കും കരുത്തു നിലനിർത്തണമെങ്കിലും അടുത്ത ഘട്ടത്തിലേക്ക് പുരോഗമിക്കണമെങ്കിലും എഎസ്എംഎൽ ഉണ്ടായേ തീരൂ.
നെതർലൻഡ്‌സിലെ വെൽഡ്‌ഹോവനിൽ (Veldhoven) ആസ്ഥാനമുള്ള കമ്പനിയുടെ ഇപ്പോഴത്തെ മുഴുവൻ പേര് എഎസ്എംഎൽ ഹോൾഡിങ് എൻ.വി. എന്നാണ്. എന്നാൽ, 1984-ൽ കമ്പനി സ്ഥാപിതമായ സമയത്ത് അഡ്വാൻസ്ഡ് സെമികണ്ടക്ടർ മെറ്റീരിയൽസ് ലിത്തോഗ്രാഫി (എഎസ്എംഎൽ) എന്നായിരുന്നു പേര്. കമ്പനി വികസിപ്പിക്കുന്നതും നിർമിക്കുന്നതും വിൽക്കുന്നതും ചിപ്പ് നിർമാതാക്കൾക്കുള്ള ലിത്തോഗ്രാഫി, മെട്രോളജി, ഇൻസ്‌പെക്ഷൻ എന്നിവയ്ക്കുള്ള സാമഗ്രികളാണ്. തങ്ങളുടെ ഐഫോണുകൾക്കും ഐപാഡുകൾക്കുമുള്ള എ-സീരീസ് പ്രൊസസറുകളും മാക്കുകൾക്കുള്ള എം സീരീസ് പ്രൊസസറുകളും രൂപകല്പന ചെയ്യുന്നത് ആപ്പിൾ തന്നെയാണ്. എന്നാൽ, അവയെല്ലാം നിർമിച്ചെടുക്കുന്നത് ടിഎസ്എംസിയാണ്. അതീവ കൃത്യതയോടെ ഇവ നിർമിച്ചെടുക്കാൻ ടിഎസ്എംസിക്ക് ഇന്ന് സാധിക്കുന്നത് എഎസ്എംഎല്ലിന്റെ സാങ്കേതികവിദ്യയുടെ പിൻബലമുള്ളതുകൊണ്ടു മാത്രമാണ്.
ഇത് ആപ്പിളിന്റെ മാത്രം കാര്യമല്ല. സാംസങ്, ഇന്റൽ തുടങ്ങിയ മികച്ച കമ്പനികളും എഎസ്എംഎല്ലിനെ ആശ്രയിക്കുന്നു. കൺസ്യൂമർ കമ്പ്യൂട്ടിങ് ഉപകരണ മേഖലയ്ക്കു പുറമെ, നിർമിത ബുദ്ധി (എഐ), 5ജി നെറ്റ്‌വർക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങി സാങ്കേതികവിദ്യയുടെ കുന്തമുനകൾക്ക് മൂർച്ച നൽകേണ്ടി വരുന്നിടത്തൊക്കെ എഎസ്എംഎല്ലിന്റെ സാന്നിധ്യം കാണാതിരിക്കില്ല.
യൂറോപ്പിന്റെ അഭിമാനം
സാങ്കേതികവിദ്യാരംഗത്ത് അമേരിക്കയുടെയും ചൈനയുടെയും മറ്റും മുന്നേറ്റ കഥകൾ നാം നിരന്തരം കേൾക്കാറുണ്ടെങ്കിലും യൂറോപ്പിൽ നിന്നുള്ള ഈ കമ്പനി ഇല്ലെങ്കിൽ പുതിയ സാങ്കേതികവിദ്യയ്ക്ക് ശക്തിപകരാനുള്ള ചിപ്പുകൾ വേണ്ടത്ര കൃത്യതയോടെ ഉണ്ടാക്കിയെടുക്കാനാവില്ല.
എവിടെയാണ് എഎസ്എംഎല്ലിന്റെ മികവ്?
എക്സ്ട്രീം അൾട്രാവയലറ്റ് ലിത്തോഗ്രാഫി (ഇയുവി) സാങ്കേതികവിദ്യയിലാണ് എഎസ്എംഎൽ അദ്വിതീയരാകുന്നത്. അത്യാധുനിക ചിപ്പ് നിർമാണ സാങ്കേതികവിദ്യയാണിത്. വളരെ ചെറിയ തരംഗദൈർഘ്യമുള്ള പ്രകാശം ഉപയോഗിച്ച് സിലിക്കൺ വേഫറുകളിൽ (wafer) അതീവകൃത്യതയോടെ സർക്യൂട്ട് പാറ്റേണുകൾ പ്രിന്റ് ചെയ്യുന്ന സാങ്കേതികവിദ്യയിൽ കമ്പനിക്ക് എതിരാളികളില്ല.
അപ്പോൾ എന്തെല്ലാമാണ് എഎസ്എംഎല്ലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ? അതിനൂതന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ സെമികണ്ടക്ടർ ചിപ്പുകളുടെ നിർമാണത്തിന്, പ്രത്യേകിച്ചും എക്സ്ട്രീം അൾട്രാവയലറ്റ് (ഇയുവി) ലിത്തോഗ്രാഫി ഉപയോഗിക്കുന്ന കാര്യത്തിൽ അവരുടെ അടുത്തെങ്ങും എത്താൻ ശേഷിയുള്ള ഒരു കമ്പനിയും നിലവിലില്ല.
അതിനാൽ തന്നെ, ആഗോള ഇലക്ട്രോണിക്സ്, എഐ സപ്ലൈ ചെയിനിലെ അതിപ്രാധാന്യമുള്ള കണ്ണിയാണ് എഎസ്എംഎൽ. ഏറ്റവും നൂതനമായ ചിപ്പുകൾ ഏറ്റവും ചെറുതുമാണ്. ഇവയാണ് ഐഫോണുകൾ അടക്കമുള്ള ഹൈ-എൻഡ് ഫോണുകളിലും ഡേറ്റാ സെന്ററുകളിലും എഐ ആക്സിലറേറ്ററുകളിലും ഇരിക്കുന്നത്.
ഏറ്റവും സങ്കീർണമായ യന്ത്രങ്ങൾ
എഎസ്എംഎല്ലിന്റെ ഇയുവി ടൂളുകൾക്ക് ഇതുവരെ നിർമിച്ചിരിക്കുന്നതിലേക്കും വെച്ച് ഏറ്റവും സങ്കീർണമായ യന്ത്രങ്ങൾ എന്ന വിവരണവുമുണ്ട്. ഇതിന് ഉപയോഗിക്കുന്ന അനിതരസാധാരണമായ ഒപ്റ്റിക്സും ലൈറ്റ് സോഴ്‌സുകളും കമ്പനിയുടെ എതിരാളികൾക്ക് കിടപിടിക്കാനാകാത്ത തരത്തിലുള്ള മികവോടെ പ്രവർത്തിക്കുന്നു. ഫോട്ടോലിത്തോഗ്രാഫി ഉപകരണ നിർമാണത്തിൽ എഎസ്എംഎല്ലിന് പകരംവയ്ക്കാൻ മറ്റൊരു കമ്പനിയില്ല. ലിത്തോഗ്രാഫി മാർക്കറ്റിലെ കേമനാണ് എഎസ്എംഎൽ എങ്കിൽ, ഇയുവിയുടെ കാര്യത്തിൽ അവർക്ക് എതിരാളികൾ ഇല്ല. ടിഎസ്എംസി, സാംസങ്, ഇന്റൽ തുടങ്ങിയ കമ്പനികളൊക്കെ എഎസ്എംഎല്ലിന്റെ ആശ്രിതരാണ്. കമ്പനിയെ കേന്ദ്രസ്ഥാനത്ത് നിർത്താതെ ഈ കമ്പനികൾക്കൊന്നും പുതിയ ചിപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കാനാവില്ല.
എഎസ്എംഎൽ ഇല്ലെങ്കിൽ സാങ്കേതികവിദ്യാരംഗം മന്ദീഭവിക്കും
എഎസ്എംഎല്ലിന്റെ സാങ്കേതികവിദ്യയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസം നേരിട്ടാൽ സാങ്കേതികവിദ്യാരംഗം ഇപ്പോൾ നടത്തിവരുന്ന അഭൂതപൂർവമായ പുരോഗതി മന്ദീഭവിക്കും. വിഖ്യാതമായ മൂർസ് ലോ പ്രവചനങ്ങൾ ശരിയായ ദിശയിൽ പോകണമെങ്കിലും എഎസ്എംഎൽ ‘ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്’ എന്നും വിദഗ്ധർ പറയുന്നു.
വില വാനോളം
ഓരോ ഇയുവി മെഷീനും ദശലക്ഷക്കണക്കിന് ഡോളറാണ് വില. പലപ്പോഴും നേരത്തെ പണമടച്ചാൽ മാത്രമാണ് എഎസ്എംഎൽ ഒരു മെഷീൻ ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുക പോലുമുള്ളൂ എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. സ്റ്റാൻഡേർഡ് ഇയുവി സിസ്റ്റങ്ങൾക്ക് (5 എൻ.എം. മുതൽ 2 എൻ.എം. വരെ) ഏകദേശം 20-25 കോടി ഡോളറാണത്രെ വില. അതിലും പുതിയ ഹൈ-എൻഡ് ഇയുവി സിസ്റ്റം അടങ്ങുന്ന ഒരു മെഷീന് 30-40 കോടി ഡോളർ വരെ വന്നേക്കാമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
എതിരാളികളുടെ കൈവശമുള്ള സാങ്കേതികവിദ്യ
ഫോട്ടോലിത്തോഗ്രാഫിയുടെ ഒരു വകഭേദമാണ് ഇയുവി ലിത്തോഗ്രാഫി. ഇത് 13.5 നാനോമീറ്റർ തരംഗദൈർഘ്യമുള്ള പ്രകാശം ആണ് ഉപയോഗിക്കുന്നത്. പഴയ സാങ്കേതികവിദ്യയായ ഡീപ് അൾട്രാവയലറ്റ് (ഡിയുവി) ഉപയോഗിക്കുന്നത് 193 എൻ.എം. ആണ്. ഈ മേഖലയിലുള്ള എഎസ്എംഎല്ലിന്റെ എതിരാളികൾ നൽകുന്നത് ഡിയുവി സാങ്കേതികവിദ്യയാണ്. ഉദാഹരണം ജാപ്പനീസ് കമ്പനിയായ നിക്കോൺ.
മറ്റൊരു ജാപ്പനീസ് ക്യാമറ നിർമാതാവായ ക്യാനനും ഈ മേഖലയിലുണ്ടെങ്കിലും ഡിയുവി, ലെഗസി-നോഡ് ലിത്തോഗ്രാഫി തുടങ്ങിയ സാങ്കേതികവിദ്യകൾ മാത്രമേ കൈവശമുള്ളൂ. അമേരിക്കൻ കമ്പനികളായ അപ്ലൈഡ് മെറ്റീരിയൽസ്, ലാം റീസേർച്ച്, കെഎൽഎ, ജാപ്പനീസ് കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ തുടങ്ങിയവയും ഉണ്ടെങ്കിലും അവരൊക്കെ ഇപ്പോൾ ബഹുദൂരം പിന്നിലാണ്.
ഭാവിയിൽ ഉയരാവുന്ന വെല്ലുവിളി
ഇത്രയും പ്രാധാന്യമർഹിക്കുന്ന സാങ്കേതികവിദ്യ ഒരു കമ്പനി മാത്രം വികസിപ്പിക്കുന്നത് സാങ്കേതികവിദ്യാലോകത്തിന് അത്ര ആശാസ്യമല്ല എന്ന കാര്യം കാണാതിരിക്കാനാവില്ല. എഎസ്എംഎല്ലിന് ഭാവിയിൽ വെല്ലുവിളി ഉയർത്താനുള്ള സാധ്യത ഇന്റൽ, ടിഎസ്എംസി, സാംസങ് ഇലക്ട്രോണിക്സ് എന്നീ കമ്പനികളാണ്. ഇവരാകട്ടെ, ഇപ്പോൾ എഎസ്എംഎൽ ഹോൾഡിങ്സിന്റെ പ്രധാന കസ്റ്റമർമാർ മാത്രമല്ല, പങ്കാളികളുമാണ്.
പല സാങ്കേതികവിദ്യയും എഎസ്എംഎല്ലിന് പകർന്നു നൽകുന്ന കാര്യത്തിൽ ഈ കമ്പനികൾക്ക് നിർണായകമായ പങ്കുണ്ട്. ഗവേഷണത്തിലും വികസനത്തിലും ഈ കമ്പനികൾ എഎസ്എംഎല്ലുമായി സഹകരിക്കുന്നു. പെട്ടെന്ന് ഒരുനാൾ ഇവരിൽ ആരെങ്കിലും എഎസ്എംഎല്ലിനെ വെല്ലുവിളിക്കുന്ന സാങ്കേതികവിദ്യയുമായി എത്തുമോ എന്ന കാര്യം അറിയില്ല. അതേസമയം, ഇപ്പോൾ മുട്ടകളെല്ലാം എഎസ്എംഎല്ലിന്റെ കുട്ടയിൽ ഇരിക്കുന്നത് ചിലർക്കെങ്കിലും ഉത്കണ്ഠയുളവാക്കുന്ന കാര്യവുമാണ്.
