മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിൽ വിലക്ക്; ഇടത് നിരീക്ഷകൻ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക് - Kerala Times    

മുഖ്യമന്ത്രിയെ ചാനൽ ചർച്ചയിൽ വിമർശിച്ചതിൽ വിലക്ക്; ഇടത് നിരീക്ഷകൻ ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്

January 29, 2026
eiIFM8661376

കൊല്ലം> മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം. വിലക്ക് നേരിട്ട ബി.എൻ. ഹസ്‌കർ ആർ.എസ്.പി.യിലേക്ക്. വ്യാഴാഴ്ച വൈകീട്ട് ഇടപ്പള്ളിക്കോട്ടയിൽ നടക്കുന്ന മുൻ മന്ത്രി ബേബി ജോണിന്റെ ചരമവാർഷിക സമ്മേളനത്തിലായിരിക്കും പാർട്ടി പ്രവേശമെന്നാണ് വിവരം. കൊല്ലത്തെ അഭിഭാഷകനാണ്.

എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്. പിണറായി വിജയൻ ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെപോയത് കാപട്യമാണെന്നും വിമർശിച്ചു. തുടർന്ന് സി.പി.എം. ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലാണ് ഇദ്ദേഹത്തെ ശാസിച്ചത്.

സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ് ഹസ്കറിനെ വിളിച്ചുവരുത്തി ഇടത് നിരീക്ഷകൻ എന്നപേരിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കരുതെന്ന് താക്കീത് ചെയ്യുകയായിരുന്നു. തുടർന്ന് ‘ഇടത് നിരീക്ഷകൻ’ എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞെന്നും സുരക്ഷയ്ക്കായി പാർട്ടി നൽകിയിരുന്ന ‘ഗൺമാനെ’ തിരിച്ചേൽപ്പിച്ചെന്നും ഹസ്കർ മാധ്യമങ്ങളിലൂടെ പറഞ്ഞു. ശാസനകേട്ടതോടെ താൻ വല്ലാതെ ‘പേടിച്ചുപോയെന്ന് എല്ലാവരോടും പറഞ്ഞേക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. പാർട്ടി വിലക്കിനുശേഷം ആർ.എസ്.പി. നേതാക്കളുമായി ഹസ്കർ പലതവണ ചർച്ചനടത്തിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ചേരുന്ന ബേബി ജോൺ അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുക്കുന്നുണ്ട്. മറ്റ് പാർട്ടികളിൽനിന്നുള്ള ചില പ്രമുഖ നേതാക്കളും യോഗത്തിൽ ആർ.എസ്.പി.യിൽ ചേരുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

Latest from Blog

error: Content is protected !!