പാരീസ്> ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ ബോംബിടുമെന്നും ട്രംപ് പറഞ്ഞു. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
‘ഇല്ല, ഇത് അന്തിമമല്ല. ഇതൊരു ധാരണാപത്രം മാത്രമാണ്. എനിക്കിത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞങ്ങൾ അവരെ വെടിവെച്ച് തിരികെപോരും. ധാരണയിൽ അവർ മോശമായി പെരുമാറിയാൽ, ഞങ്ങൾ അവരുടെ നെറുംതലയിൽ ബോംബുകൾ വർഷിക്കും.… കാരണം അവർ 47 വർഷമായി മോശമായി പെരുമാറുന്നു.’ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിക്കൊപ്പം ഇരുന്നുകൊണ്ട് ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ഈ ഉടമ്പടി ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒട്ടേറെ കാരണങ്ങളാൽ മികച്ചൊരു ഉടമ്പടിയാണ്. 99.9% അവർക്ക് ഒരിക്കലും ആണവബോംബ് ഉണ്ടാക്കാൻ കഴിയില്ല.’ ട്രംപ് പറയുന്നു. ഹോർമുസ് ഭാഗികമായി ഇതിനകം തുറന്നുവെന്നും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പൂർണ്ണമായി തുറക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.