യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്, ഡ്രോണുകൾ വിന്യസിച്ച് ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ - Kerala Times    

Advertisement

Saturday, March 07, 2026
Dark
Light

Advertise Here

Advertisement

AD

AD

Banner

യുഎസ് യുദ്ധക്കപ്പൽ ഇസ്രയേൽ തീരത്ത്, ഡ്രോണുകൾ വിന്യസിച്ച് ഇറാൻ; യുദ്ധഭീതിയിൽ പശ്ചിമേഷ്യ

January 30, 2026
file 00000000c28071fda3ca4540ca6c556d

ടെൽ അവീവ്> ഇറാനും യുഎസും തമ്മിൽ യുദ്ധമുണ്ടായേക്കുമെന്ന് ഭീതിയിൽ പശ്ചിമേഷ്യ. യുദ്ധത്തേക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ച് യുഎസ് നാവികസേനയുടെ മിസൈൽ ഡിസ്‌ട്രോയർ ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യു.എസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ. ഇസ്രയേലിലെ ചെങ്കടൽ തുറമുഖ നഗരമായ എയ്ലാത്തിലാണ് യുഎസ്എസ് ഡെൽബെർട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പലിനെ  വിന്യസിച്ചിരിക്കുന്നത്. ടോമഹോക്ക് ക്രൂസ് മിസൈലുകൾ വഹിക്കുന്ന ഈ കപ്പലിന് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.

ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം നടത്തുകയാണെങ്കിൽ പ്രതിരോധിക്കുക എന്നതുകൂടി ഉദ്ദേശിച്ചാണ് കപ്പലിനെ വിന്യസിച്ചതെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നടപടി ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്നും ചർച്ചകൾക്ക് തയ്യാറാണെന്നും സൂചന നൽകിയിട്ടുണ്ടെങ്കിലും മേഖലയിലെ സാഹചര്യം ഇപ്പോഴും അതീവ സങ്കീർണ്ണമായി തുടരുന്നു. ഇറാന്റെ ആണവ നിലയങ്ങളിൽ കമാൻഡോ ഓപ്പറേഷൻ ഉൾപ്പെടെയുള്ള വിപുലമായ സൈനിക നീക്കങ്ങൾ യുഎസ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തങ്ങളുടെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.

യുഎസ് ആക്രമണമുണ്ടായാൽ പ്രതിരോധിക്കുക എന്ന ഉദ്ദേശത്തോടെ 1,000 പുതിയ ‘സ്ട്രാറ്റജിക് ഡ്രോണുകൾ’ ഉൾപ്പെടുത്തിയതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും വിമാനവാഹിനി കപ്പലുകളെയും തൽക്ഷണം ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി തകർക്കാൻ അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണത്തിനായി ഇസ്രയേൽ ശ്രമിക്കുന്നുമുണ്ട്.

ഇറാനും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതിരിക്കാൻ തുർക്കി മധ്യസ്ഥത വഹിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ത്വയിബ്‌ ഉർദുഗാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഇക്കാര്യം സംസാരിക്കുകയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾക്കായി തുർക്കിയിൽ എത്തുകയും ചെയ്തു. മേഖലയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രതിസന്ധി ഒഴിവാക്കാൻ ചർച്ചകൾ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് യുദ്ധഭീതിയിലേക്ക് എത്തിനിൽക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിനെ (IRGC) ഭീകരവാദ സംഘടന ആയി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. കൂടാതെ 21 ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.

ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി പ്രകാരം 6,373-ലധികം ആളുകൾ കൊല്ലപ്പെട്ടു, ഇതിൽ 113 കുട്ടികളും ഉൾപ്പെടുന്നു. എന്നാൽ, മരണസംഖ്യ 3,117 ആണെന്നാണ് ഇറാൻ ഗവൺമെന്റ് അവകാശപ്പെടുന്നത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ ഇറാൻ  തടങ്കലിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.

Categories

Advertisement

Advertisement

AD

AD

Latest from Blog

error: Content is protected !!

AD

Don't Miss