കാട്ടുപന്നികളെ വെടിവക്കൽ; ഷൂട്ടർമാർക്ക് പുതിയ നിബന്ധന - Kerala Times    

കാട്ടുപന്നികളെ വെടിവക്കൽ; ഷൂട്ടർമാർക്ക് പുതിയ നിബന്ധന

February 10, 2026
file 00000000796871fdbaec5f932437fb24

കൊച്ചി > കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് ഷൂട്ടർമാർക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി വനംവകുപ്പ്. വിളസംരക്ഷണത്തിനും സ്വയരക്ഷയ്ക്കുമൊഴികെയുള്ള ആവശ്യങ്ങൾക്കായി അനുവദിച്ച ആയുധ ലൈസൻസുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവെക്കുന്നതിൽനിന്ന് വിലക്കിയാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. കൃഷിക്കും ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിതമായി വെടിവെച്ചുകൊല്ലുന്നതിന് 2022 മേയിലാണ് സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നത്. എന്നാൽ,

കായികാവശ്യത്തിന് അനുവദിച്ചിട്ടുള്ള തോക്ക് ലൈസൻസുള്ള ലൈസൻസികൾ മേൽ ഉത്തരവുപ്രകാരം കാട്ടുപന്നികളെ വെടിവെക്കാൻ അനുവാദംനൽകുന്നുണ്ടെന്ന് ഇടുക്കി കളക്ടർ വനംവകുപ്പിന് കത്തുനൽകിയിരുന്നു. ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ലൈസൻസ് സംബന്ധിച്ച വിവരം ആരാഞ്ഞതിനുശേഷം മാത്രമേ ഇത്തരത്തിൽ ഉത്തരവുനൽകാവൂ എന്നും സർക്കാർതലത്തിൽ ഇതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കളക്ടർ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് പുതിയ ഉത്തരവിറക്കിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഹോണററി വൈൽഡ് ലൈഫ് വാർഡൻമാർ എന്നനിലയിൽ കാട്ടുപന്നികളെ വെടിവെക്കാൻ നിലവിൽ ഉത്തരവിടുന്നത്. അനുമതിനൽകുന്നതിനുമുൻപ് ജില്ലാ ലൈസൻസിങ് അതോറിറ്റിയിൽനിന്ന് ആയുധലൈസൻസിന്റെ വിഭാഗവും സ്വഭാവവും പരിശോധിച്ചുറപ്പിക്കണമെന്നാണ് വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.

Latest from Blog

error: Content is protected !!