വനംവകുപ്പിൻ്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി; സ്വയം വാദിച്ച് 45 ലക്ഷം രൂപയും നേടി മേയ്മോൾ - Kerala Times    

വനംവകുപ്പിൻ്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി; സ്വയം വാദിച്ച് 45 ലക്ഷം രൂപയും നേടി മേയ്മോൾ

September 15, 2025

കൊച്ചി> വനംവകുപ്പിന്റെ ധാർഷ്ട്യത്തിനും വരട്ട് ന്യായങ്ങൾക്കുമെതിരെയുള്ള ഒറ്റയാൾപോരാട്ടം അന്തിമ വിജയത്തിലെത്തി. കോതമംഗലം കോട്ടപ്പടി പൈനാടത്ത് മേയ്മോൾ പി.ഡേവിസ് ഹൈക്കോടതിയിൽ സ്വയം വാദിച്ച് കൃഷിഭൂമിയുടെ നഷ്ടപരിഹാര തുകയായ 45 ലക്ഷവും നേടിയെടുത്തു. റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (ആർ.കെ.ഡി.പി) പ്രകാരം വനം വകുപ്പിന് വിട്ടുകൊടുത്ത കൃഷിഭൂമിയുടെ നഷ്ടപരിഹാരത്തുകയായാണ് 45 ലക്ഷം. ഒന്നര വർഷത്തെ കഠിനാധ്വാനത്തിൻ്റെയും നിയമപോരാട്ടത്തിൻ്റെയും ഫലമാണ് മേയ്മോളുടെ ഈ വിജയം.

ആദ്യ ഘട്ടത്തിൽത്തനെ ഹൈക്കോടതിയിൽ നിന്നും മെയ്മോൾക്ക് അനുകൂല വിധിയുണ്ടായി. 60 ദിവസത്തിനുള്ളിൽ പണം കൈമാറണമെന്നായിരുന്നു കോടതി നിർദ്ദേശം. എന്നാൽ ഹൈക്കോടതി വിധി മാനിക്കാതെ വനം വകുപ്പു ഒളിച്ചുകളി തുടർന്നതോടെ മെയ് മോൾ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതോടെ വനംവകുപ്പ് 22.5 ലക്ഷം കൈമാറിയിരുന്നു. പിന്നെയും തുടർച്ചയായ നിയമ പോരാട്ടങ്ങൾക്കൊടുവിൽ എല്ലാ നടപടികളും പൂർത്തിയാക്കി ശേഷിക്കുന്ന തുകയും കഴിഞ്ഞദിവസം മേയ്മോളുടെ അക്കൗണ്ടിലെത്തി. ക്യാൻസർ രോഗിയായ മാതാവ് മോളിയും മേയ്മോളും താമസിച്ചിരുന്ന വീടും പറമ്പും വന്യമൃഗശല്യം കാരണം വനംവകുപ്പിന് കൈമാറിയതിന്റെ നഷ്ടപരിഹാരത്തിന് വേണ്ടിയായിരുന്നു പോരാട്ടം.

2018ൽ സർക്കാർ പ്രഖ്യാപിച്ച ആർ.കെ.ഡി.പി പദ്ധതിയിൽ ഭൂമി വിട്ടുകൊടുത്ത മേയ്‌ക്കപ്പാല, കുർബ്ബാനപ്പാറ പ്രദേശത്തെ 155 കർഷകരിൽ ഒരാളാണ് മോളി. അപേക്ഷകർ കൂടിയപ്പോൾ വനംവകുപ്പ് മെല്ലെപ്പോക്ക് ആരംഭിച്ചു. തുടർന്നാണ് ലഭിക്കേണ്ടിയിരുന്ന 45 ലക്ഷം രൂപയ്ക്കുവേണ്ടി വക്കീൽ ഇല്ലാതെ മേയ്മോൾ ഹൈക്കോടതിയിൽ സ്വയം വാദിച്ചത്. നിയമബിരുദമില്ലെങ്കിലും ഇരട്ട ബിരുദാനന്തര ബിരുദമുള്ള മേയ്മോളുടെ നിശ്ചയദാർഡ്യത്തിനു മുമ്പിൽ വനംവകുപ്പിന്റെ മറുവാദങ്ങളൊന്നും വിലപ്പോയില്ല.

ഹാജരായത് 48 തവണ
റിട്ട് ഹർജിയും അപ്പീലും കോടതിയലക്ഷ്യ ഹർജികളുമൊക്കെയായി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലുമായി 48 തവണയാണ് മേയ്മോൾ ഹാജരായത്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 9 ജഡ്ജിമാർ വിവിധഘട്ടങ്ങളിൽ വാദം കേട്ടു. ഒന്നരവർഷം തന്നെയും കുടംബത്തെയും അനാവശ്യമായ വ്യവഹാരങ്ങളിലേക്ക് വലിച്ചിഴച്ചത് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ, നഷ്ടപരിഹാരത്തുക വൈകിയ കാലത്തെ പലിശ എന്നിവയ്ക്കായി 3 ലക്ഷം രൂപ ആവശ്യപ്പെട്ട് മേയ്മോൾ വനംവകുപ്പിനെതിരെ നൽകിയ മറ്റൊരു ഹർജി 30ന് ഹൈക്കോടതി പരിഗണിക്കും.

Latest from Blog

error: Content is protected !!