തന്ത്രിയെ അറിയില്ല; നെടുംപറമ്പിൽ ക്രെഡിറ്റ് സിൻ്റിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും - നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു - Kerala Times    

തന്ത്രിയെ അറിയില്ല; നെടുംപറമ്പിൽ ക്രെഡിറ്റ് സിൻ്റിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
IMG 20260211 222910

തിരുവനന്തപുരം> ശബരിമല  സ്വർണ്ണകൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന തന്ത്രിയുടെ രണ്ടര കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം നെടുമ്പറമ്പിൽ ഫിനാൻസിൽ ഉണ്ടെന്നുള്ളത് വ്യാജ ആരോപണം മാത്രമാണെന്ന് നെടുമ്പറമ്പിൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. നാളിതുവരെ തന്ത്രിയെയോ തന്ത്രി കുടുംബാംഗങ്ങളെയോ നേരിൽ കാണുകയോ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വ്യാപാര ഇടപാടുകളോ നടത്തിയിട്ടില്ലെന്നും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻ്റിക്കേറ്റ് ഉടമ എൻ എം രാജു വ്യക്തമാക്കി.

നെടുംപറമ്പിൽ ഫിനാൻസ് നാല് പതിറ്റാണ്ടിലധികമായി കേരളത്തിൽ   പ്രവർത്തിച്ചുവരികയാണ്. 2024ൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടു എന്നുള്ളത് സത്യമാണ്. ഫിനാൻസ് ബിസിനസ് കൂടാതെ ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽ, പ്ലാന്റേഷൻ, ടൂറിസം തുടങ്ങിയ മേഖലകളിലും ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പണം വിന്യസിക്കുകയുണ്ടായി. ഏകദേശം 2500 ൽ അധികം ജീവനക്കാർ വിവിധ കമ്പനികളിലായി പ്രവർത്തിച്ചുവന്നിരുന്നു. മികച്ച ശമ്പളവും മറ്റു പാക്കേജുകളും കോവിഡ് കാലത്ത് ഉൾപ്പെടെ മുടങ്ങാതെ ജീവനക്കാർക്ക് നൽകിവന്നിരുന്നു. എന്നാൽ ഈ ബിസിനസ് മേഖലകളിൽ നിന്ന് അപ്രതീക്ഷിതമായി നഷ്ടം ഉണ്ടായതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

സഹകരണ മേഖലയില്‍ ഉള്‍പ്പെടെ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുണ്ടായ തകർച്ചകൾ ഇടപാടുകാരുടെ ഇടയിൽ പരിഭ്രാന്തി ഉണ്ടാക്കുകയും അവർ കൂട്ടത്തോടെ നിക്ഷേപങ്ങൾ പിൻവലിക്കുകയും ചെയ്തു. നിക്ഷേപം പിന്‍വലിക്കുവാന്‍ വന്ന ആരേയും അവധി പറഞ്ഞ് വിഷമിപ്പിച്ചില്ല. ഇങ്ങനെ ചെയ്തപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ടാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഇതിനെതുടര്‍ന്നുണ്ടായ നിയമ നടപടികൾ പല തലങ്ങളിൽ നടന്നുവരികയാണ്. നിലവില്‍ കമ്പനിയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. നിക്ഷേപകരുടെ പണം മുഴുവനായി കൊടുത്തു തീർക്കുന്നതിനുവേണ്ടി ഫിനാൻസ് ബിസിനസ് പുനരുജ്ജീവിപ്പിച്ച് പ്രവർത്തന ക്ഷമമാക്കുവാനുള്ള നടപടികള്‍  അന്തിമഘട്ടത്തിലാണ്.

ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന മിനേഷ് കീർത്തിലാൽ അദാനിയുടെ നേതൃത്വത്തിലുള്ള ഊർജ്ജ അദാനി ഗ്രൂപ്പും ഗിരീഷ് ശിവശങ്കരപ്പിള്ള നേതൃത്വം കൊടുക്കുന്ന ഫ്ലൈഭാരതി ഗ്രൂപ്പുമായി ചേർന്ന് നവീകരണ പദ്ധതികളും വിപുലീകരണ കാര്യങ്ങളും ചെയ്തുവരികയാണ്. ഈ സാഹചര്യത്തില്‍ നെടുംപറമ്പിൽ ഫിനാൻസിന്റെ പുനരുജീവന നടപടികൾക്ക് തുരങ്കം വെയ്ക്കുവാൻ പല കോണുകളില്‍നിന്നും ശ്രമങ്ങള്‍ നടന്നുവരികയാണ്. മുഴുവന്‍ നിക്ഷേപകരുടെയും പണം ഒന്നുമുതൽ ഏഴ് വർഷത്തിനകം പലിശ സഹിതം കൊടുത്തുതീർക്കുവാനുള്ള വിപുലവും സുതാര്യവുമായ വ്യാപാര രൂപരേഖയാണ് പുതിയ കമ്പനി ഹൈക്കോടതിയിൽ കൊടുത്തിരിക്കുന്ന സബ്മിഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

നിക്ഷേപകരുടെ പണം തിരികെ നല്‍കിക്കൊണ്ട് ഭാരതം മുഴുവനും വ്യാപിക്കുന്ന  വിപുലമായ വ്യാപാര ശൃംഖലയുടെ അടിത്തറയിടുന്ന ഈ ഘട്ടത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍കൊണ്ട് പദ്ധതി പരാജയപ്പെടുത്തരുതെന്ന് കമ്പനിക്കുവേണ്ടി എന്‍.എം.രാജു അഭ്യര്‍ഥിച്ചു. തങ്ങളുടെ ഉദ്യമം പരാജയപ്പെട്ടാല്‍ നിക്ഷേപകരെ അത് ദോഷമായി ബാധിക്കും. തകർന്നുപോയ ഒരു ഫിനാൻസ് കമ്പനി ഇതുപോലെയുള്ള ഒരു തിരിച്ചുവരവിന് കളമൊരുക്കുന്നത് കേരളത്തിൽ ഇതാദ്യമാണെന്നും നെടുംപറമ്പിൽ ക്രെഡിറ്റ് സിൻ്റിക്കേറ്റ് ഉടമ എൻ എം രാജു വ്യക്തമാക്കി.

Latest from Blog

error: Content is protected !!